ട്രെയിനിന്റെ പിന്നിൽ തൂങ്ങി യാത്രചെയ്ത യുവാവിന് പിഴശിക്ഷ.

0
850

പെർത്ത് : ട്രെയിനിന്റെ പിന്‍ഭാഗത്തുള്ള കണ്ണാടിചില്ലില്‍ തൂങ്ങി യാത്രചെയ്ത പെര്‍ത്ത് യുവാവിന് പിഴശിക്ഷ. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്ന ട്രെയിനിന്റെ പിന്‍ഭാഗത്ത് തൂങ്ങിക്കിടന്ന് യാത്രചെയ്ത യുവാവിന് ആയിരം ഡോളറാണ് പിഴയായി വിധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 23 നായിരുന്നു സംഭവം.

ലീഡര്‍വില്ലെ സ്‌റ്റേഷനില്‍ ട്രെയിന്‍ നിറുത്തിയപ്പോഴാണ് യുവാവ് പിന്‍ഭാഗത്തെ ഗ്ലാസ് വൈപ്പറില്‍ പിടിച്ചു കയറിയത്. മിറ്റ്‌ചെല്‍ ഫ്രീവേയിലൂടെ കടന്നുപോയ വാഹനയാത്രക്കാരനാണ് യുവാവിന്റെ മരണയാത്ര കാമറയിലാക്കിയത്. ഗ്ലെന്‍ഡലൂഹ് സ്‌റ്റേഷനിലേക്കു പോവുകയായിരുന്നു ട്രെയിന്‍. അതിസാഹസികമായി യാത്ര ചെയ്ത യുവാവ് കൊല്ലപ്പെടാനുള്ള സാധ്യത വളരെക്കൂടുതലായിരുന്നെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി അഭിപ്രായപ്പെട്ടു. പ്രധാന റോഡുകളിലെ ഗതാഗതം നിരീക്ഷിക്കുന്ന അതോറിട്ടിയിലെ ജീവനക്കാരനാണ് അധികൃതരെ വിവരമറിയിച്ചത്.

ട്രെയിന്‍ ഗ്ലെന്‍ഡലൂഹ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് യുവാവ് ഗ്ലാസ് വൈപ്പറില്‍നിന്ന് താഴെയിറങ്ങി ബോഗിക്കുള്ളില്‍ കടന്നത്. തൊട്ടടുത്ത സ്റ്റിര്‍ലിംഗ് സ്‌റ്റേഷനില്‍വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെര്‍ത്ത് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതിക്രമിച്ചു കടന്നുവെന്നാണ് ഇയാള്‍ക്കെതിരേയുള്ള കുറ്റാരോപണം. അത്യന്തം അപകടകരമായ സ്വഭാവമാണെന്ന് അഭിപ്രായപ്പെട്ട കോടതി ആയിരം ഡോളര്‍ പിഴയായും കോടതിചെലവിനത്തില്‍ 191 ഡോളറും അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. അതിക്രമിച്ചു കടക്കുന്നതിന് 12,000 ഡോളറും ഒരു വര്‍ഷം തടവുശിക്ഷയുമാണ് കൂടിയ ശിക്ഷ.

NO COMMENTS

LEAVE A REPLY