ഭീതിയുയർത്തി മെനിന്‍ജോകോക്കല്‍ വ്യാപിക്കുന്നു. ആശങ്കയോടെ ആരോഗ്യമേഖല.

0
849

സിഡ്‌നി : മെനിന്‍ജോകോക്കല്‍ ബി എന്ന രോഗം വില്ലനായി മാറുകയാണ്. പ്രതിരോധ കുത്തിവയ്‌പെടുക്കാത്തവരില്‍ പലരും മരണത്തിന് കീഴടങ്ങേണ്ടിവന്നു. ഈ രോഗത്തിനുള്ള പ്രതിരോധ മരുന്ന് സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്നെങ്കില്‍ തങ്ങളുടെ കുഞ്ഞിന് ഈ ദുരവസ്ഥയുണ്ടാകില്ലായിരുന്നുവെന്നാണ് ഇയാന്‍ ബുച്ചനും ഭാര്യ ഡിസൈറി സ്‌കാഫീല്‍ഡും പറയുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പാണ് ശിശുവായിരുന്ന റോബിയ്ക്ക് മെനിന്‍ജോകോക്കല്‍ ബി രോഗം പിടിപെടുന്നത്. വളരെ ഊര്‍ജസ്വലനായിരുന്ന കുഞ്ഞ് ഒരു ദിവസം പെട്ടെന്ന് അസുഖബാധിതനാവുകയായിരുന്നു. വൈറല്‍ ഇന്‍ഫെക്ഷനാണെന്നാണ് മാതാപിതാക്കള്‍ വിചാരിച്ചത്. ആശുപത്രിയിലെത്തിച്ച റോബിയുടെ രോഗം മെനിന്‍ജോകോക്കല്‍ ബി ആണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണപ്പെട്ട കൈകളും കാലുകളും ഓപ്പറേഷനിലൂടെ നീക്കം ചെയ്തു. 18 മാസത്തെ ആശുപത്രി വാസത്തിനുശേഷം കുഞ്ഞ് വീട്ടിലെത്തി. ജീവന്‍ രക്ഷിക്കാനായി എന്നുമാത്രം.

ഇരു കാലുകളും കൈകളും നഷ്ടപ്പെട്ട റോബിയെന്ന കുഞ്ഞു മിടുക്കനെ കാണുമ്പോള്‍ എല്ലാവരുടെയും മനസില്‍ സഹതാപമാണുള്ളത്. ഈ രോഗത്തിന് പ്രതിരോധ കുത്തിവയ്പുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവന്റെ കൈകളും കാലുകളും രക്ഷിക്കാനാവുമായിരുന്നെന്ന് മാതാവ് സ്‌കാഫീല്‍ഡ് പറഞ്ഞു. റോബിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റിയതിനുശേഷം തൊട്ടടുത്ത വര്‍ഷം മുതല്‍ ഈ രോഗത്തിനുള്ള പ്രതിരോധ മരുന്നുകള്‍ വ്യാപകമായി ലഭ്യമായിത്തുടങ്ങി. ഈ വര്‍ഷം 209 പേര്‍ക്കാണ് മെനിന്‍ജോകോക്കല്‍ രോഗം ബാധിച്ചത്. ഇവരില്‍ 13 പേര്‍ മരണത്തിനു കീഴടങ്ങി.

മെനിന്‍ജോകോക്കല്‍ സി രോഗത്തിനുള്ള പ്രതിരോധ മരുന്നുകള്‍ക്കാണ് ഫെഡറല്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. മെനിന്‍ജോകോക്കലിന്റെ മറ്റ് വിഭാഗങ്ങളില്‍പെട്ട രോഗങ്ങളില്‍നിന്നു തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ സ്വന്തമായി പണം മുടക്കണം. മറ്റു വിഭാഗങ്ങളില്‍പെട്ട മെനിന്‍ജോകോക്കലിനുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുന്നത് പരിഗണനയിലാണെന്ന് ഫെഡറല്‍ ആരോഗ്യമന്ത്രി ഗ്രെഗ് ഹന്‍ഡ് പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 82 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ന്യൂ സൗത്ത് വെയില്‍സില്‍ 26 ഉം സൗത്ത് ഓസ്‌ട്രേലിയയില്‍ 16 കേസുകള്‍.

മെനിന്‍ജോകോക്കല്‍ ബിയ്ക്കുള്ള മരുന്നുകള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്നാണ് ആവശ്യമുയരുന്നത്. മരുന്നുകള്‍ക്ക് സബ്‌സിഡി നല്‍കണമെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ബെനഫിറ്റസ് അഡ്‌വൈസറി കമ്മിറ്റി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മൂന്നു പ്രാവശ്യം ഈ നിര്‍ദേശം സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. ഇതിന് ചെലവാകുന്ന തുകയാണ് ഈ നിര്‍ദേശം നിരസിക്കപ്പെടാന്‍ കാരണം. അഞ്ചുവര്‍ഷത്തേക്ക് ബിയ്ക്കുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതിന് നൂറ് ദശലക്ഷത്തിലധികം ഡോളര്‍ സര്‍ക്കാര്‍ വഹിക്കേണ്ടിവരും. ഒരു വയസില്‍താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നിന് 500 ഡോളറോളം നല്‍കേണ്ടിവരുന്നുണ്ട്.

NO COMMENTS

LEAVE A REPLY