അവയവദാനം; രാജ്യത്തിനുതന്നെ മാതൃകയായി വെസ്റ്റേൺ ഓസ്ട്രേലിയ

0
521

പെർത്ത് : വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. അവയവദാതാക്കളുടെ എണ്ണം വര്‍ധിച്ചാല്‍ രാജ്യത്തിന്‍െ മറ്റ് സംസ്ഥാനങ്ങളിലേക്ക് അവയവങ്ങള്‍ കയറ്റുമതി ചെയ്യാന്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കു സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവയവദാന നിരക്ക് വര്‍ധിക്കുന്നതായി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഡൊണേറ്റ് ലൈഫിന്റെ സംസ്ഥാന മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബ്രൂസ് പവല്‍ വ്യക്തമാക്കി. അവയവ ദാതാക്കളുടെ എണ്ണം വര്‍ധിക്കുകയും ആവശ്യക്കാരുടെ പട്ടിക കുറയുകയും ചെയ്യുമ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് അവയവങ്ങള്‍ എത്തിക്കുന്ന സംസ്ഥാനമെന്ന നിലയിലേക്ക് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ മാറുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഈ സമയത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ധന അവയവദാതാക്കളുടെ എണ്ണത്തിലുണ്ടായിട്ടുണ്ട്. 47 പേരുടെ അവയവങ്ങളാണ് ദാനമായി ലഭിച്ചിട്ടുള്ളത്. മിക്കവരുടെയും ഒന്നിലധികം അവയവങ്ങള്‍ ദാനമായി ലഭിച്ചു. കൂടുതല്‍ വെസ്റ്റ് ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ അവയവ ദാനത്തിനായി മുന്നോട്ടു വരണമെന്ന് ഡോ. പവല്‍ അഭ്യര്‍ഥിച്ചു.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 3,10,000 പേര്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് ആവശ്യമുള്ളതിലും 20 ശതമാനം കുറവാണ്. അവയവ ദാനത്തിന് ജനങ്ങള്‍ സന്നദ്ധരാവുകയെന്നത് അല്‍പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ജനങ്ങളെ ബോധവത്കരിച്ച് സന്നദ്ധരാക്കുകയെന്നത് വലിയൊരു ദൗത്യമാണ്. വ്യക്തിപരമായി അവയവദാനത്തിന്റെ ആവശ്യകത മനസിലാക്കിയെങ്കില്‍ മാത്രമേ ജനങ്ങള്‍ ദാനത്തിന് തയാറാവുകയുള്ളുവെന്ന് പവല്‍ പറഞ്ഞു. അവയവ ദാനത്തിന് കുടുംബത്തിന്റെ സമ്മതം ലഭിക്കുന്നത് 60 ശതമാനം മാത്രമാണ്. മരണമടഞ്ഞ വ്യക്തി അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കിയിട്ടുണ്ടെങ്കില്‍കൂടി കുടുംബത്തിന്റെ സമ്മതം ആവശ്യമാണ്. ബേണ്‍ബറി, അല്‍ബാനി, കല്‍ഗൂര്‍ളി, ജെറാര്‍ള്‍ഡ്ടണ്‍, ബ്രൂം തുടങ്ങിയ മേഖലാ ആശുപത്രികളില്‍ ദാനം ചെയ്യപ്പെടുന്ന അവയവങ്ങള്‍ നീക്കംചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഇത് കൂടുതല്‍പേര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് സഹായകരമാകും.

ദേശീയതലത്തില്‍ അംഗീകൃത പോര്‍ട്ടലുകളില്‍ ഓണ്‍ലൈനായി അവയവദാനത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഫെഡറല്‍ അസിസ്റ്റന്റ് ആരോഗ്യ മന്ത്രി കെന്‍ വ്യാട്ട് പറഞ്ഞു. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് മറ്റ് പദ്ധതികളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഈ പദ്ധതികള്‍ ദേശീയതലത്തില്‍ നടപ്പാക്കുന്നതിനുമുമ്പ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പരീക്ഷിച്ച് വിജയം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അവയവദാനത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ മറ്റു സംസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി വ്യാട്ട് പറഞ്ഞു.

NO COMMENTS

LEAVE A REPLY