ഉപയോക്താക്കള്‍ക്ക് ഒപ്റ്റസ് രണ്ടു ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നു

0
1200

സിഡ്‌നി : പതിനായിരക്കണക്കിനു മൊബൈല്‍ ഉപയോക്താക്കള്‍ക്ക് രണ്ടു ദശലക്ഷം ഡോളര്‍ തിരികെ നല്‍കാമെന്ന ഓപ്റ്റസ് സമ്മതിച്ചു. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍നിന്ന് ഇന്‍ഷുറന്‍സിന്റെ പേരില്‍ അമിതമായി ഈടാക്കിയ തുകയാണ് തിരികെ നല്‍കാന്‍ ഓപ്റ്റസ് സമ്മതിച്ചിരിക്കുന്നത്.

സാമ്പത്തിക സേവന ലൈസന്‍സ് നിബന്ധനകള്‍ക്കനുസരിച്ച് മൊബൈല്‍ഫോണ്‍ ഇന്‍ഷുറന്‍സ് എടുത്ത ഉപയോക്താക്കള്‍ക്ക് സുപ്രധാന രേഖകള്‍ നല്‍കുന്നതില്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വാര്‍ത്താവിതരണ കമ്പനിയായ ഓപ്റ്റസ് പരാജയപ്പെട്ടതായി ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റീസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് കമ്മീഷന്‍ അറിയിച്ചു. തെറ്റായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയും ഉപയോക്താക്കളില്‍നിന്ന് അമിതമായി ഫീസ് ഈടാക്കുകയും ചെയ്തതടക്കം നിരവധി നിയമലംഘനങ്ങള്‍ കമ്പനിക്കെതിരായി ചുമത്തിയിട്ടുണ്ട്. കബളിപ്പിക്കലിന് ഇരയായിട്ടുള്ള സുപ്രധാന ഉപയോക്താക്കള്‍ക്ക് തക്കതായ നഷ്ടപരിഹാരം കമ്പനി നല്‍കണമെന്ന് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പീറ്റര്‍ കെല്‍ വ്യക്തമാക്കി. ഉപയോക്താക്കള്‍ക്ക് സാമ്പത്തിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനായി ലൈസന്‍സ് നേടുമ്പോള്‍ കമ്പനികളും വ്യക്തികളും സാമ്പത്തിക സേവന നിയമങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിയമലംഘനം നടത്തിയ ഓപ്റ്റസ് കമ്പനിക്കെതിരേ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കേല്‍ പറഞ്ഞു.

ഓപ്റ്റസിന്റെ നിയമലംഘനങ്ങള്‍ക്ക് ഏകദേശം അഞ്ചുലക്ഷം ഉപയോക്താക്കള്‍ വിധേയരായിട്ടുണ്ട്. ഇതില്‍ ഒന്നേമുക്കാല്‍ ലക്ഷം ഉപയോക്താക്കള്‍ക്കാണ് പലിശയടക്കം നഷ്ടപരിഹാരം നല്‍കുന്നത്.

NO COMMENTS

LEAVE A REPLY