കനേഡിയൻ മൈനിംഗ് കമ്പനിയും അടച്ചുപൂട്ടുന്നു. 270 പേർക്ക് തൊഴിൽ നഷ്ടമാവും.

0
531

പെർത്ത് : വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ മറ്റൊരു ഖനിയും അടച്ചുപൂട്ടുന്നു. കനേഡിയന്‍ ഖനന ഭീമനായ ഫസ്റ്റ് ക്വാന്റം മിനറല്‍സാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ റവെന്‍സ്‌തോര്‍പ്പിലെ നിക്കല്‍ ഖനനം അവസാനിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ നിക്കലിന്റെ വില കുറഞ്ഞതാണ് ഉല്‍പാദനം അവസാനിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്. അടുത്തമാസം ആദ്യത്തോടെ ഖനിക്ക് താഴുവീഴുമെന്നാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

റാവെന്‍സ്‌തോര്‍പ്പിലെ നിക്കല്‍ ഖനിക്ക് താഴ് വീഴുന്നതോടെ ഏകദേശം 270 കുടുംബങ്ങളുടെ വരുമാനമാണ് നിലയ്ക്കുന്നത്. കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ 270 പേരുടെ തൊഴിലാണ് നഷ്ടമാകുന്നത്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് കമ്പനിയുടെ അടച്ചുപൂട്ടല്‍ മറ്റൊരു പ്രഹരമായി.

ഖനിയുടെ നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കുമായി പത്ത് ദശലക്ഷം ഡോളര്‍ ചെലവുവരുമെന്ന് ഫസ്റ്റ് ക്വാന്റം കമ്പനി വ്യക്തമാക്കി. ഖനിയുടെ നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കുമായി പ്രതിവര്‍ഷം അഞ്ച് ദശലക്ഷം ഡോളര്‍ വേണ്ടിവരും. നിക്കല്‍ കമ്പനി അടച്ചുപൂട്ടാനുള്ള തീരുമാനം നിരാശാജനകമാണെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഫിലിപ് പാസ്‌കല്‍ പറഞ്ഞു. റാവെസ്‌തോര്‍പ്പ് ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പ്രഗത്ഭരും ആത്മാര്‍ഥതയുള്ളവരുമായ ജീവനക്കാരും എല്ലാവിധ പിന്തുണയുമായി പ്രദേശത്തെ സമൂഹവും കൂടെയുണ്ടായിരുന്നു. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി വിപണിയില്‍ അടിക്കടി കുറയുന്ന നിക്കലിന്റെ വില, അടച്ചുപൂട്ടുകയെന്ന മറ്റൊരു മാര്‍ഗമല്ലാതെ മറ്റൊന്നുമില്ലായിരുന്നെന്ന് പാസ്‌കല്‍ വ്യക്തമാക്കി. തങ്ങളുടെ തൊഴിലാളികള്‍ക്ക് മറ്റ് തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. റാവെന്‍സ്‌തോര്‍പ്പിലെ നിക്കല്‍ ഖനി നിറുത്തുകയാണെങ്കിലും, വീണ്ടും തുറക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല. വിപണിയിലെ നിക്കല്‍വില മെച്ചപ്പെട്ടാല്‍ വീണ്ടും ഖനി തുറന്നു പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. ജൂണില്‍ അവസാനിച്ച ത്രൈമാസ കണക്കനുസരിച്ച് ഈ ഖനിയില്‍നിന്നുള്ള വരുമാനത്തില്‍ 18 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ട്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ നഷ്ടം 29 ദശലക്ഷം ഡോളറായിരുന്നു.

ആഗോള ഖനന ഭീമനായ ബിഎച്ച്പി മൂന്നു ലക്ഷംകോടി അമേരിക്കന്‍ ഡോളര്‍ മുതല്‍മുടക്കി 2008 ലാണ് നിക്കല്‍ ഖനി ആരംഭിച്ചത്. ആഗോള പ്രതിസന്ധിയെത്തുടര്‍ന്ന് മാസങ്ങള്‍ക്കുശേഷം ഖനി അടച്ചുപൂട്ടി. 2010 ല്‍ 340 ദശലക്ഷം അമേരിക്കന്‍ ഡോളറിന് കനേഡിയന്‍ കമ്പനിയായ ഫസ്റ്റ് ക്വാന്‍ഡം ഈ ഖനി വിലയ്‌ക്കെടുത്തു. 2011 ല്‍ ഖനിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ രണ്ട് നിക്കല്‍ ഖനികളിലൊന്നായ ഫസ്റ്റ് ക്വാന്‍ഡം കഴിഞ്ഞവര്‍ഷം 23,624 ടണ്‍ നിക്കലാണ് ഉല്‍പാദിപ്പിച്ചത്.

NO COMMENTS

LEAVE A REPLY