യുഎസ്-ഓസ്‌ട്രേലിയന്‍ സൈനികാഭ്യാസത്തിനിടയിൽ മൂന്ന് യുഎസ് സൈനികർ മരിച്ചതായി അഭ്യൂഹം.

0
375

ബ്രിസ്‌ബേൻ : യുഎസ്-ഓസ്‌ട്രേലിയന്‍ സംയുക്ത സൈനികാഭ്യാസങ്ങള്‍ക്കിടെയുണ്ടായ അപകടത്തില്‍ മൂന്ന് യുഎസ് നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നു. ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു അപകടം. ക്വീന്‍സ്്‌ലാന്‍ഡ് തീരത്തുനിന്നും 30 കിലോമീറ്റര്‍ അകലെവച്ചാണ് സൈനിക ഓസ്‌പ്രെ ഹെലികോപ്ടര്‍ വിമാനം വെള്ളത്തിലേക്കു കൂപ്പുകുത്തിയത്. ഈ വ്യോമ വാഹനത്തില്‍ 26 സൈനികരാണുണ്ടായിരുന്നത്. ഇവരില്‍ 23 പേരെയും ഒരു മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചു. മൂന്നുപേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. കാണാതായവരെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്ലെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു.

വെള്ളത്തിനുള്ളില്‍ മുങ്ങിപ്പോയ ഓസ്‌പ്രെയ്ക്കുള്ളില്‍ നാവികര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് അനുമാനിക്കപ്പെടുന്നത്. വെള്ളത്തിനടിയില്‍നിന്ന് വിമാനം ഉയര്‍ത്തിയെടുക്കുന്ന ദൗത്യം മാസങ്ങള്‍ നീളുമെന്നാണ് കരുതുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഓസ്‌ട്രേലിയന്‍ നാവിക സേനയും വിദഗ്ധ മുങ്ങല്‍ വിദഗ്ധരും സജീവമായി പങ്കെടുക്കുന്നതായി ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി മാരീസ് പൈന്‍ പറഞ്ഞു. രക്ഷപ്പെടുത്തിയ നാവികരില്‍ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ റോക്ഹാംപ്ടണ്‍ ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ ബ്രിസ്ബണിലേക്കു മാറ്റുമെന്നാണ് ലഭ്യമായ വിവരം.

ഓസ്‌ട്രേലിയന്‍ നാവികസേനയുമായി സംയുക്ത സൈനിക അഭ്യാസ പരിശീലനത്തിനാണ് അമേരിക്കന്‍ സൈനികര്‍ എത്തിയത്. ഇരു രാജ്യങ്ങളുടെയും സംയുക്ത അഭ്യാസ പ്രകടനങ്ങള്‍ കഴിഞ്ഞ മാസം 25 ന് അവസാനിച്ചിരുന്നു. വളരെ അപൂര്‍വമായ ഒരു വ്യോമ വാഹനമാണ് ഓസ്‌പ്രെ. വിമാനത്തിന്റെയും ഹെലികോപ്ടറിന്റെയും സവിശേഷതകള്‍ ഒന്നിച്ചുചേര്‍ത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഓസ്‌പ്രെയുടെ പ്രവര്‍ത്തനവും ഉപയോഗവും സങ്കീര്‍ണമാണ്. പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ക്കു മാത്രമേ ഇത് പറത്താനാവുകയുള്ളൂ. വിമാനത്തെപ്പോലെ പറന്നുപൊങ്ങുകയും സഞ്ചരിക്കുകയും ചെയ്യുന്ന ഓസ്‌പ്രെ ഹെലികോപ്ടറിനെപ്പോലെ നിലത്തിറക്കാന്‍ സാധിക്കും. 20 വര്‍ഷത്തിനുള്ളില്‍ പത്ത് അപകടങ്ങള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഓസ്‌ട്രേലിയ ഡിഫന്‍സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നീല്‍ ജെയിംസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY