5 ഡോളറിന്റെ ഓണസദ്യ സെപ്റ്റംബർ 3 ഞായറാഴ്ച പെർത്തിൽ

0
1107

പെർത്ത് : ഓണം ഒത്തോരുമയുടെയും, സാഹോദര്യത്തിന്റെയും, സഹവർത്തിത്വത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്ന ആശയം ഉയർത്തി പെർത്ത് മലയാളി കൾച്ചറൽ ഫോറം കഴിഞ്ഞ മൂന്നുവർഷമായി സംഘടിപ്പിച്ചുവരുന്ന അഞ്ചു ഡോളറിന്റെ ഓണസദ്യ സെപ്റ്റംബർ മൂന്ന് ഞായറാഴ്ച കാനിങ്‌വെയിലിലെ ആംറെസ്റ്റ് കമ്യൂണിറ്റി സെന്ററിൽ (Amherst Village Function Centre, 2 Holmes St, Southern River WA 6110) നടക്കും. എല്ലാവരും കൂടി സമാഹരിക്കുന്ന വസ്തുവകകൾ കൊണ്ട് എല്ലാവരും ഒരുമിച്ച് ചേർന്ന് എല്ലാവരുടെയും സഹകരണത്തോടെ പാകം ചെയ്‌ത്‌ എല്ലാവരുമൊന്നിച്ചിരുന്നു വിളമ്പിക്കഴിക്കുന്ന വിഭവസമൃദ്ധമായൊരു ഓണസദ്യ എന്ന സങ്കൽപ്പമാണ് എന്നും വ്യത്യസ്‌ഥതയാർന്ന പ്രവർത്തനങ്ങൾ മാത്രം നടത്തിവരുന്ന കൾച്ചറൽ ഫോറം 5 ഡോളറിന്റെ ഓണസദ്യയിലൂടെ പെർത്തിലെ പൊതുസമൂഹത്തിനു നൽകുന്നത്. പെർത്തിൽ ഇന്നുവരെ നൽകുവാൻ കഴിയാത്തത്ര സ്വാദിഷ്ടമായ വിഭവസമൃദ്ധമായ സദ്യയാണ് എന്നും ഈ സംഘടന 5 ഡോളറിനു നൽകിവരുന്നത്. അനിയന്ത്രിതമായ ജനപ്രവാഹം കഴിഞ്ഞതവണത്തെ സദ്യയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തിൽ ഇത്തവണ ഏറ്റവും കുറ്റമറ്റ നിലയിൽ ഇതുവരെ ഓൺലൈനിൽ സദ്യ ബുക്ക് ചെയ്ത 750 പേർക്ക് മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്. ഒരു കാരണവശാലും പ്രവേശന ഹാളിൽ ടിക്കറ്റ് വില്പന ഉണ്ടായിരിക്കുന്നതല്ല എന്ന വിവരം ഭാരവാഹികൾ അറിയിച്ചുകഴിഞ്ഞു.

പെർത്തിലെ പ്രമുഖ മലയാളി ഗ്രോസറി സ്‌ഥാപനവും, മലയാളികളുടെ പ്രമുഖ ബ്രാൻഡഡ് സാധനങ്ങളുടെ ഇറക്കുമതിക്കാരുമായ മാന്നിംഗ് സൂപ്പർ മാർക്കറ്റ് ആണ് ഇത്തവണയും ജനകീയ ഓണസദ്യയുടെ വിഭവങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. കേരളത്തിലെ പ്രമുഖ ബിൽഡിങ് ബിസിനസ്സ് ഗ്രൂപ്പ് ആയ വർമ്മ ഹോംസും സദ്യവട്ടങ്ങളുടെ പ്രായോജകരായി ഇത്തവണ സഹകരിക്കുന്നുണ്ട്. ഇതിനകം ഡിജിറ്റൽ ടിക്കറ്റുകൾ കരസ്ഥമാക്കിയവർക്ക് മാത്രമായിരിക്കും സദ്യ ലഭിക്കുക. തങ്ങൾക്ക് ലഭിച്ച ടിക്കറ്റുകൾ മൊബൈലിൽ കാണിച്ചാൽ പ്രവേശനം സാധ്യമാവുന്ന വിധത്തിലുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് സൂരജ് ടോമും, സെക്രട്ടറി ആദർശ് കാർത്തികേയനും അറിയിച്ചു. ഉച്ചക്ക് 12 മണി മുതൽ 3 മണിവരെയാണ് സദ്യ ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0412225674, 0412482320,0406890904 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

 

 

NO COMMENTS

LEAVE A REPLY