ഓസ് ട്രേലിയൻ ഓണവും വർഗീയവൽക്കരിക്കപ്പെടുന്നുവോ?

4
3008

കെ.പി. ഷിബു 

ഓണം എന്നാൽ എന്താണ് എന്ന് ഒരു മലയാളിയെയും പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സമ്മിശ്രാഘോഷമാണ് ഓണം. അവിടെ ചെറിയവനെന്നോ, വലിയവനെന്നോ, ഹിന്ദുവെന്നോ, ക്രിസ്ത്യാനിയെന്നോ,മുസ്ലീമെന്നോ, കമ്യൂണിസ്റ്റ് എന്നോ, കൊണ്ഗ്രസ്സുകാരനെന്നോ, ബി.ജെ.പി ക്കാരനെന്നോ വേർതിരിവില്ല.

ഉണ്ടാവരുത്. അഥവാ അങ്ങനെ ഉണ്ടായാൽ അത് ഓണമാവില്ല. വെറും ആഘോഷം മാത്രമാവും.

കഴിഞ്ഞ ഒരു മാസത്തിലേറെയായി ഓസ്ട്രെലിയയിലങ്ങോളം മലയാളികൾ ഭാഷയുടെ പേരിൽ ഓരോ ഒത്തുചേരലുകളും ഓണമായി ആഘോഷിക്കുകയായിരുന്നു. അങ്ങനെത്തന്നെയാവണം. നാടും വീടും വിട്ട് അന്യനാട്ടിലാണെങ്കിലും ഇന്നാട്ടിലെ മലയാളികളുടെ ആരവങ്ങളും, ആഘോഷങ്ങളും, മലയാളിക്ക് ഒരിക്കലും മറക്കുവാൻ കഴിയില്ല…. അതുമാത്രമാണ് ഉറ്റവരെയും, ഉടയവരെയും വിട്ട് പലരെയും ഈ തുരുത്തിൽ പിടിച്ചു നിർത്തുന്നതും.

മലയാളികൾ ഇതു രാജ്യത്തു ചെന്നാലും ഭാഷയുടെ പേരിൽ സംഘടിക്കുകയും സംവദിക്കുകയും ചെയുക സ്വാഭാവികം മാത്രമാണ്. അതുണ്ടാവുക തന്നെ വേണം. അതിലൂടെ മാത്രമേ നമുക്ക് പൈതൃകമായി വന്നു ചേര്ന്ന സംസ്കാരത്തെ നമ്മുടെ പുതിയ തലമുറക്ക്‌ പകർന്നു നല്കുവാൻ കഴിയൂ എന്നതും യാധ്യാർധ്യമാണ്. ഇത്തരം കൂട്ടായ്മകൾക്ക് മലയാളികൾ ഉപയോഗിക്കുന്ന മാനദണ്‍ഡങ്ങൾ പലതുമാകാം. നാട്ടിൽ ഒരു ജില്ലയിൽ താമസിക്കുന്നവർ, ഒരുമിച്ചു ക്രിക്കറ്റ് കളിക്കുന്നവർ, ഇവിടെ ഓരോ പ്രദേശത്തും താമസിക്കുന്ന സമീപവാസികൾ, ഓരോ പ്രദേശങ്ങളും പ്രവർത്തനമേഖലയാക്കി പ്രവർത്തിക്കുന്ന മലയാളി അസോസിയേഷനുകൾ, പാട്ടുപാടുന്നവർ, ഒരേ സ്ഥാപനത്തിൽ ജോലി ചെയുന്നവർ, എന്നുവേണ്ട ഭാഷയുടെ പേരിലുള്ള ഇത്തരം കൂട്ടായ്മകൾ ഇനിയും ഉയർന്നു വരേണ്ടത് പ്രവാസി സമൂഹത്തിനനിവാര്യമാണ്.

എന്നാൽ സമീപകാലത്തായി ഓസ്ട്രെലിയൻ മണ്ണിൽ നാമ്പ് മുളച്ചു പടർന്നു പന്തലിക്കുന്ന മലയാളികളുടെ ജാതി-മത സംഘടനകൾ സംഘടിതമായി നടത്തുന്ന പല പ്രവർത്തനങ്ങളും ഇവിടെ താമസിക്കുന്ന മലയാളി സമൂഹത്തിന്റെ പരസ്പര സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും അതിർവരമ്പുകൾ അടച്ചുകെട്ടുന്നവയാണ് എന്ന് പറയാതെ വയ്യ. അതിനുള്ള ശക്തമായ ഉദാഹരണമാണ് ഇത്തരം സംഘടനകൾ സംഘടിപ്പിച്ച ഓണാഘോഷങ്ങൾ.

സ്നേഹവും, സമത്വവും , സാഹോദര്യവും, പരസ്പര സഹകരണവും ജാതിയുടെയും, മതത്തിന്റെയും പേരിൽ ചിലരുമായി മാത്രം പങ്കുവക്കപ്പെടുന്ന സമുദായ സംഘടനകൾ നടത്തിയ പലഓണാഘോഷ പരുപാടികളിലും ഇതരസമുദായാംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനുപോലും പലരും തയ്യാറാകാത്തത് സാമുദായിക സ്പർദ്ധ വർദ്ധിപ്പിക്കുവാൻ മാത്രമേ ഇടയാക്കിയിട്ടുള്ളൂ. ഏതു സമുദായ സംഘടനകൾക്കും അവർ തീരുമാനിക്കുന്നത് പോലെ പരുപാടികൾ നടത്തുന്നതിന് അവകാശമുണ്ടെങ്കിലും ഓണം നല്കുന്ന സന്ദേശം ഉയർത്തി സമത്വ സുന്ദരമായ ഓണാഘോഷ പരുപാടികൾ സംഘടിപ്പിക്കുംപോഴെങ്കിലും സമുദായ സംഘടനകൾ സഹകരിക്കുവാൻ താല്പര്യമുള്ളവരെ ജാതി-മത ചിന്തകൾ വെടിഞ്ഞ്  പങ്കെടുപ്പിക്കുവാൻ ശ്രമിച്ചുകൂടെ?
മെൽബണിൽ പ്രവർത്തിക്കുന്ന കേരളാ ഹിന്ദു സൊസൈറ്റി ഓഫ് മെൽബണും, ശ്രീനാരായണ മിഷനും ഈ വർഷം നടത്തിയ ഓണാഘോഷം ഓസ്ട്രേലിയൻ മണ്ണിൽതന്നെ നടന്ന  വേറിട്ടൊരു ആഘോഷമായിരുന്നെന്ന് എടുത്തുപറയേണ്ടി വരും. അവർ നടത്തിയ ഓണാഘോഷ പരുപാടിയിൽ ജാതി മത അതിർവരമ്പുകൾ ഇല്ലാതെ ആർക്കു വേണമെങ്കിലും പങ്കെടുക്കുവാൻ അനുവാദം നല്കിയിരുന്നു. നൂറുകണക്കിന് ഇതര സമുദായാംഗങ്ങൾ ആഘോഷപൂർവം പങ്കെടുത്ത്  സമഭാവനയോടെ സമത്വ സുന്ദരമായ ഒരു ആഘോഷമാക്കി ഓണം കൊണ്ടാടുവാൻ അവർ കാണിച്ച ആർജവമെങ്കിലും സമുദായത്തിന്റെ പേര് പറഞ്ഞു നടക്കുന്ന മാറ്റ് നേതാക്കൾ കാട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുനടക്കുന്ന ആഘോഷങ്ങളായ വിഷുവും, ഈസ്റ്റരും, ക്രിസ്തുമസും, മഹാനവമിയും, ശ്രീകൃഷ്ണ ജയന്തിയും,റമസാനും, ഈദുമൊന്നും ഇതര ജാതിമത വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുവാൻ കഴിയില്ലെങ്കിലും ഓണമെങ്കിലും ജാതിയുടെയോ ഉപജാതിയുടെയോ, മതത്തിന്റെയോ, പേരിൽ സമുദായ ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് നടത്തുന്ന ആഘോഷങ്ങളായി മാറാതിരിക്കുവാൻ സമുദായ നേതാക്കൾ ശ്രദ്ധിക്കുന്നത് നല്ലതല്ലേ ? പതിനായിരക്കണക്കിന് ഡോളർ ക്രിസ്ത്യൻ സംഘടനകളിൽ നിന്നും ഫണ്ട് വാങ്ങി ദൈനംദിന ചിലവ് നടത്തുന്ന ഒട്ടനവധി കുടിയേറ്റ ജനതയുടെ  ഹൈന്ദവ ക്ഷേത്രങ്ങൾ സ്ഥിതിചെയുന്ന രാജ്യത്താണ് ഇത്തരം അന്ധമായ വർഗീയ വിദ്വേഷം വച്ചുകൊണ്ട് മലയാളികൾ പരസ്പരം മത്സരിക്കുന്നത് എന്നുകൂടി മതനേതാക്കൾ ഓർക്കുന്നത് നന്നായിരിക്കും.

4 COMMENTS

 1. You started these with starting a Hindu association.Why you are complaining now?
  If youy want religionless celebration you should not talk religious in a social gatghering.Eveyone should respect you but you cant respect others.
  Mathew
  Auckland

  • പ്രിയ സുഹൃത്തേ,
   സന്ദേശത്തിന് നന്ദി. നിങ്ങൾ വിചാരിച്ചത് എന്താണ് എന്ന് മനസ്സിലായില്ല. സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സമ്മിശ്രാഘോഷമാണ് ഓണം. അവിടെ ചെറിയവനെന്നോ, വലിയവനെന്നോ, ഹിന്ദുവെന്നോ, ക്രിസ്ത്യാനിയെന്നോ,മുസ്ലീമെന്നോ, കമ്യൂണിസ്റ്റ് എന്നോ, കൊണ്ഗ്രസ്സുകാരനെന്നോ, ബി.ജെ.പി ക്കാരനെന്നോ ഹിന്ദുവെന്നോ, ക്രിസ്ത്യൻ എന്നോ വേർതിരിവുണ്ടാവരുത്.എന്നാണു ഉദേശിച്ചത്‌. കൃത്യമായി വായിക്കുക.

 2. I READ THIS MATTER. ONAM IS OUR STATE FESTIVAL. THERE NO RELIGION AT ALL. ANYBODY THINKING LIKE THAT WAY.. IT MEANS THEY ARE WITHOUT SENSE. iN MY POINT OF VIEW. ALL HUMAN BEINGS ARE ONE. JUST TWO PART. MEN & WOMEN. ANYBODY THINK TO RELIGION IN THIS CASE.. THAT’S NOTHING… THE RIVER WILL FLOW TO THE GIGANTIC WAY. THAT’S ALL

  SARAVAN MAHESWER
  INDIAN WRITER.

LEAVE A REPLY