കള്ളുകുപ്പിക്കുവേണ്ടി മുച്ചീട്ടുകളി നടത്തി ഓണം ആഘോഷിക്കുന്ന മലയാളി അസോസിയേഷനും

0
1873

ബ്രിസ്‌ബേൻ : ആഘോഷങ്ങൾക്ക് മലയാളികൾക്ക് എന്നും ഒഴിച്ചുകൂടാനാവാത്ത വസ്‌തുവാണ്‌ കള്ള് എന്നതിൽ രണ്ടഭിപ്രായമില്ല. പക്ഷെ അവയെല്ലാം വണ്ടിയുടെ ബൂട്ടിലോ, കാർപാർക്കിങിലോ ഒതുങ്ങിയ മറ്റുപ്രദേശങ്ങളിലോ ഒക്കെയാണ് പതിവ്. പക്ഷെ ഇക്കഴിഞ്ഞ ശനിയാഴ്ച ബ്രിസ്ബണിലെ ഒരു പ്രമുഖ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ച് കള്ളുകുപ്പിക്കുവേണ്ടി മുച്ചചീട്ടുകളി നടത്തുവാൻ പോലും മലയാളി അസോസിയേഷൻ തയ്യാറായി എന്നത് നമ്മുടെ ഓണാഘോഷങ്ങളുടെ മാറ്റും,മതിപ്പും കൂട്ടുവാൻ ഇടയാക്കിയെന്നു പറയാതെവയ്യ. അതിനായി അവർ തിരഞ്ഞെടുത്തത് ഒരു സർക്കാർ സ്‌കൂൾ തന്നെയാണ് എന്നതും എടുത്തുപറയേണ്ടതുതന്നെയാണ്.

ഒന്നുവച്ചാൽ രണ്ട്, രണ്ട് വച്ചാൽ നാല് എന്നുപറഞ്ഞു പണ്ടുകാലത്ത് നമ്മുടെ ഉത്സവപ്പറമ്പുകളിൽ സ്‌ഥിരമായി കാണാറുള്ള മുചീട്ടുകളിയാണ് കള്ളുകുപ്പിക്കായി അസോസിയേഷൻ ഭാരവാഹികൾ തന്നെ നടത്തിയത്. ആകെപ്പാടെ മദ്യലഹരിയിലായ കാണികളും, കളിക്കാരും അതോടെ ആവേശത്തിലായി. അങ്ങനെ ഓണം അതിന്റെ എല്ലാ അർഥത്തിലും ബ്രിസ്ബണിലെ മലയാളികൾ കൊണ്ടാടുകയായിരുന്നു സെപ്റ്റംബർ 9 ശനിയാഴ്ച.

കഴിഞ്ഞ ഒരു മാസമായി മലയാളികൾ ഓസ്‌ട്രേലിയയിലെങ്ങും വിവിധ അസ്സോസിയേഷനുകളുടെയും, വിവിധ ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ നിരവധി ഓണാഘോഷങ്ങൾ നടത്തിവരുന്നുണ്ട്. സ്തുത്യർഹമായ നിലയിൽ തന്നെയാണ് ഏറെയും നടന്നുവരുന്നത്. പക്ഷെ ചിലേടത്തെങ്കിലും മദ്യലഹരിയിൽ തമ്മിൽത്തല്ലുവരെ ഉണ്ടായ സന്നർഭങ്ങളും ഉണ്ടായിട്ടുണ്ട്. അവയൊന്നും അസോസിയേഷന്റെ നേതൃത്വത്തിലല്ല മറിച്ച് പ്രേക്ഷകർ തമ്മിലാണ് എന്നിരിക്കെയാണ് ബ്രിസ്ബനിൽ അസോസിയേഷൻ തന്നെ ഇത്തരത്തിൽ മുചീട്ടുകളിയും, കള്ളുകുടിയും പ്രോത്സാഹിപ്പിക്കുന്ന “കലാപരിപാടികൾ” നടത്തുന്നത് എന്നതാണ് വിരോധാഭാസം.

NO COMMENTS

LEAVE A REPLY