ദയാവധം നടപ്പാക്കാനൊരുങ്ങി വിക്ടോറിയ. പ്രതിഷേധവും കൊഴുക്കുന്നു.

0
546

മെൽബൺ : പരസഹായത്തോടെ മരിക്കാനുള്ള നിയമം വിക്ടോറിയന്‍ പാര്‍ലമെന്റില്‍ അവതരണത്തിനായി ഒരുങ്ങുകയാണ്. മരണം കാത്തുകിടക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും ഈ നിയമമെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ഇതിനെതിരേ ശക്തമായ പ്രതിഷേധമുയരുമെന്നത് തീര്‍ച്ചയാണ്. ഡാനിയേല്‍ ആന്‍ഡ്രൂസിന്റെ നേതൃത്വത്തിലുള്ള ലേബര്‍ സര്‍ക്കാര്‍ പരസഹായ മരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ 68 നിര്‍ദേശങ്ങളും ഇതോടൊപ്പമുണ്ടാകും. നിയമം ദുരുപയോഗം ചെയ്യാതിരിക്കാന്‍ വിദഗ്ധരുടെ സംഘം നിര്‍ദേശിച്ചിരിക്കുന്ന 68 നിര്‍ദേശങ്ങളും നിയമത്തിലുണ്ടാകും.

പരസഹായത്തോടെയുള്ള മരണം ആഗ്രഹിക്കുന്നവര്‍ കര്‍ശനമായ കടുത്ത വ്യവസ്ഥകള്‍ പാലിക്കേണ്ടിവരും. നിരവധി പരിശോധനകള്‍ക്കുശേഷം മാത്രമായിരിക്കും പരസഹായത്തോടെയുള്ള മരണത്തിനുള്ള അനുമതി ലഭിക്കുക. കുറ്റകൃത്യത്തിനുള്ള സാധ്യതകളുള്ളതിനാലാണ് നിയമത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കുന്നത്.

രോഗവിമുക്തിക്കു സാധ്യതയില്ലാത്ത രോഗികള്‍ക്കായിരിക്കും സ്വയം മരണത്തിനുള്ള അനുമതി ലഭിക്കുക. 12 മാസത്തില്‍ താഴെമാത്രം ആയുസുള്ള പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മരിക്കുന്നതിന് പരസഹായം ആവശ്യമാണെന്ന് അപേക്ഷിക്കാനുള്ള മാനസിക നില ഇവര്‍ക്ക് ആവശ്യമാണ്. പരസഹായത്തോടെ മരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യക്തവും സ്വയംപ്രേരിതവുമായ മൂന്ന് അപേക്ഷകള്‍ നല്‍കണം. രണ്ട് സ്വതന്ത്ര മെഡിക്കല്‍ പരിശോധനകള്‍ക്കുശേഷമായിരിക്കും മരണത്തിനുള്ള അനുമതി ലഭിക്കുക.

പരസഹായത്തോടെ മരിക്കാനുള്ള സംവിധാനമുണ്ടെന്ന് രോഗികളോട് അവതരിപ്പിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരേ സ്വഭാവദൂഷ്യത്തിന് അന്വേഷണം നടത്തും. നാളുകളായി രോഗക്കിടക്കയില്‍ കഴിയുന്ന രോഗികള്‍ക്ക് ഈ നിയമം ആശ്വാസമാകുമെങ്കിലും, നിരവധി നിയമലംഘനങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. യാതൊരു പ്രതീക്ഷയുമില്ലാതെ മരണവും കാത്തുകിടക്കുന്നവര്‍ക്ക് ഈ നിയമം പ്രാബല്യത്തിലാകുന്നത് ഗുണകരമാകും. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിക്കും. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി വോട്ടിനിടും. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മനസാക്ഷിക്ക് അനുസരിച്ച് വോട്ടു ചെയ്യാനുള്ള അവസരം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY