ശാരീരിക വൈകല്യങ്ങളുള്ള ന്യൂസിലാന്‍ഡ് പൗരന്‍മാരുടെ കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിക്കുന്നതായി ആക്ഷേപം

0
779

സിഡ്നി : ഓസ്‌ട്രേലിയയില്‍ ജനിച്ച കടുത്ത ശാരീരിക വൈകല്യമുള്ള കുട്ടികളെ ദേശീയ ഡിസെബിലിറ്റി ഇന്‍ഷുറന്‍സ് സ്‌കീമില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് വ്യാപകമായ ആക്ഷേപം. മാതാപിതാക്കള്‍ ന്യൂസിലാന്‍ഡ് പൗരന്‍മാരാണ് എന്നതാണ് തടസമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ന്യൂസിലാന്‍ഡ് മാതാപിതാക്കള്‍ക്കോ പ്രത്യേക വിസയില്‍ എത്തിയവര്‍ക്കോ ജനിക്കുന്ന കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കുന്നത് വിവേചനമാണെന്ന് ശാരീരിക വൈകല്യങ്ങളുള്ളവരെ പിന്തുണയ്ക്കുന്നവര്‍ വിമര്‍ശിക്കുന്നു. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാത്തത് സര്‍ക്കാര്‍ നിയമമനുസരിച്ചാണെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ഇന്‍ഷുറന്‍സ് സ്‌കീം എല്ലാ പൗരന്‍മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും നല്‍കണമെന്നതാണ് ചട്ടം.

നിരവധി ന്യൂസിലാന്‍ഡുകാര്‍ പ്രത്യേക വിസയിലാണ് ഓസ്‌ട്രേലിയയില്‍ കഴിയുന്നത്. ഇവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് പത്തുവയസു പൂര്‍ത്തിയാകാതെ ഓസ്‌ട്രേലിയന്‍ പൗരത്വം അനുവദിക്കുന്നില്ല. അതുവരെ ശാരീരിക വൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുകയില്ല. 2008 ല്‍ സിഡ്‌നിയില്‍ മാസംതികയാതെ ജനിച്ച ഏഴുവയസുകാരന്‍ ടോബി ബെന്‍സ്മാനാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം ഇപ്പോള്‍ നിഷേധിക്കുന്നത്. ഈ കുട്ടിക്ക് ഇപ്പോള്‍ ഓട്ടിസം ബാധിച്ചിരിക്കുകയാണ്. 24 ആഴ്ചകള്‍മാത്രം വളര്‍ച്ചയുണ്ടായിരുന്നപ്പോഴാണ് ടോബി ജനിച്ചത്. കുഞ്ഞ് ജീവിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അഥവാ ജീവിച്ചാലും കടുത്ത ശാരീരിക വൈകല്യങ്ങളുണ്ടാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മാതാവ് ആന്‍ജെല പറഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടിക്ക് പത്തുവയസു തികഞ്ഞില്ലെന്ന കാരണത്താലാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം തടഞ്ഞിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി മാതാവ് പറഞ്ഞു. തന്റെ കുടുംബം ഓസ്‌ട്രേലിയന്‍ നികുതി അടയ്ക്കുന്നതിനൊപ്പം എന്‍ഡിഐഎസ് വിഹിതവും അടയ്ക്കുന്നുണ്ടെന്നും എന്നാല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാക്കാതിരിക്കുകയും ചെയ്യുന്നത് വിവേചനമാണെന്ന് ആന്‍ജെല പറഞ്ഞു. ഏകദേശം ആറര ലക്ഷത്തോളം ന്യൂസിലാന്‍ഡുകാര്‍ പ്രത്യേക വിസയില്‍ ഓസ്‌ട്രേലിയയില്‍ ജോലിചെയ്യുന്നുണ്ട്. ദശാബ്ദങ്ങളായി ഇവര്‍ ഓസ്‌ട്രേലിയയിലാണ് കഴിയുന്നത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇവരോട് വിവേചനം കാണിക്കുകയാണെന്ന് വ്യാപകമായ വിമര്‍ശനമുയരുന്നുണ്ട്.

NO COMMENTS

LEAVE A REPLY