നേഴ്‌സുമാർക്ക് വേതനവർദ്ധനവ് ഇല്ല. ടാസ്മാനിയാണ് നേഴ്‌സുമാർ പ്രതിഷേധത്തിൽ.

0
879

മെൽബൺ : വേതനവര്‍ധനവ് തടഞ്ഞുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി തുടരുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നത് തങ്ങള്‍ക്കായിരിക്കുമെന്ന് ടാസ്മാനിയന്‍ നഴ്‌സുമാര്‍ ഭയപ്പെടുന്നു. സംസ്ഥാനത്ത് പ്രതിവര്‍ഷമുള്ള രണ്ടുശതമാനം വേതന വര്‍ധനവ് 2011 മുതല്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. വേതന വര്‍ധനവ് സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത വര്‍ഷമാദ്യം മുതല്‍ നടക്കുകയാണ്. സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന 29,000 നഴ്‌സുമാരെ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ബാധിക്കും.

വേതന വര്‍ധനയിലെ നിയന്ത്രണം തുടരുകയാണെങ്കില്‍ ടാസ്മാനിയയില്‍ നഴ്‌സിംഗ് ജീവനക്കാരെ നിലനിറുത്താന്‍ വിഷമിക്കേണ്ടിവരുമെന്ന് ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ഫൗണ്ടേഷന്‍ സംസ്ഥാന ബ്രാഞ്ച് സെക്രട്ടറി എമിലി ഷെപ്പേര്‍ഡ് പറഞ്ഞു. കാരണം രാജ്യത്ത് ഈ മേഖലയില്‍ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നത് ടാസ്മാനിയയിലെ നഴ്‌സുമാര്‍ക്കായിരിക്കുമെന്ന് അവര്‍ പറഞ്ഞു. രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന വേതനുമായി താരതമ്യം ചെയ്യുമ്പോള്‍ ടാസ്മാനിയയില്‍ നഴ്‌സിംഗ് ബിരുദമുള്ളവര്‍ക്ക് 10,000 ഡോളറിനടുത്ത് കുറവായിരിക്കും ലഭിക്കുന്നത്. വേതനത്തിലെ ഏറ്റക്കുറച്ചില്‍ സംസ്ഥാനത്തെ നഴ്‌സുമാര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറാനുള്ള സാധ്യത വളരെയായിരിക്കുമെന്ന് എമിലി പറഞ്ഞു. വേതനത്തിനൊപ്പം മറ്റ് ആനുകൂല്യങ്ങളും നല്‍കിയില്ലെങ്കില്‍ ഇപ്പോള്‍ സേവനം ചെയ്യുന്ന നഴ്‌സിംഗ് ബിരുദമുള്ളവര്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും ജോലിക്കു ശ്രമിക്കുമെന്ന് അവര്‍ പറഞ്ഞു.

വേതന വര്‍ധനവ് സംബന്ധിച്ച ചര്‍ച്ചകളില്‍ സര്‍ക്കാര്‍ സഹകരിക്കുമെന്ന് പ്രമീയര്‍ വില്‍ ഹോഡ്ജ്മാന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ വേതന നയത്തില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയില്ല. വേതനത്തില്‍ ഒരു ശതമാനം വര്‍ധിപ്പിച്ചാല്‍, സംസ്ഥാന സര്‍ക്കാരിന് ഒരു വര്‍ഷം 25 ദശലക്ഷം ഡോളര്‍ അധികമായി കണ്ടെത്തേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ശതമാനത്തിലധികം വര്‍ധനവ് നടപ്പാക്കേണ്ടിവന്നാല്‍ അത് സംസ്ഥാന ബജറ്റിനെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നഴ്‌സിംഗ് യൂണിയനുകളുമായി ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തണമെന്ന് ലേബര്‍ പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ട്.

NO COMMENTS

LEAVE A REPLY