പുതിയ ജോബ്‌വിസപട്ടികയിൽ ലക്ച്ചറർമാരും എക്സിക്യൂട്ടീവുകളും.

0
1483

സിഡ്‌നി : വിദഗ്ധ തൊഴിലാളി വിസകള്‍ക്ക് അപേക്ഷ നല്‍കാവുന്ന തൊഴിലുകളുടെ പുതുക്കിയ പട്ടിക ഇന്നുമുതല്‍ പ്രാബല്യത്തിലായി. അപേക്ഷ നല്‍കാവുന്ന തൊഴിലുകളുടെ പട്ടികയില്‍ ഫെഡറല്‍ സര്‍ക്കാര്‍ നിരവധി ഇളവുകള്‍ വരുത്തിയിരുന്നു. ചീഫ് എക്‌സിക്യൂട്ടീവുമാര്‍ യൂണിവേഴ്‌സിറ്റി ലക്ചറര്‍മാര്‍ എന്നിവര്‍ക്കും വിദഗ്ധ തൊഴിലാളി വിസകള്‍ക്കു അപേക്ഷിക്കാം. രണ്ടു വര്‍ഷത്തെ കാലാവധിയുള്ള നിലവിലെ വിസയ്ക്കു പകരം നാലു വര്‍ഷ താല്‍ക്കാലിക വിസയ്ക്ക് ഇവര്‍ക്ക് അപേക്ഷ നല്‍കാം.

തങ്ങളുടെ വ്യവസായത്തെ വിസാ നിയന്ത്രണം ദോഷകരമായി ബാധിക്കുന്നതായി ചില വ്യവസായ മേഖലകള്‍ പരാതിപ്പെട്ടിരുന്നു. തങ്ങള്‍ ഉയര്‍ത്തിയിരുന്ന സുപ്രധാന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചിരിക്കുകയാണെന്ന് യൂണിവേഴ്‌സിറ്റീസ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ബെലിന്‍ഡ റോബിന്‍സണ്‍ പറഞ്ഞു. വിവിധ വിഷയങ്ങളിലുള്ള ഗവേഷണമെന്നത് ആഗോള പ്രതിഭാസമാണ്. തങ്ങളുടെ ഗവേഷണ കഴിവുകളും പ്രാവീണ്യവും വര്‍ധിപ്പിക്കാന്‍ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ മറ്റു വിദേശ രാജ്യങ്ങളില്‍ കുറച്ചുകാലം ചെലവഴിക്കുന്നതുപോലെ മറ്റു വിദേശരാജ്യങ്ങളില്‍നിന്നുള്ള ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയയില്‍ സൗകര്യമൊരുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം ഗുണപ്രദമാകുമെന്ന് ബെലിന്‍ഡ പറഞ്ഞു.

457 വിസാ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് കൂടുതല്‍ ആശാവഹമായ സമീപനമാണെന്ന് ബിസിനസ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെന്നഫര്‍ വെസ്റ്റാകോട്ട് പറഞ്ഞു. വിദേശരാജ്യങ്ങളിലെ വിദഗ്ധരുടെ കഴിവുകളും സാങ്കേതിക വിദ്യകളും അറിവുകളും ഓസ്‌ട്രേലിയയ്ക്കു കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ വിസാ നിയമത്തില്‍ മാറ്റങ്ങള്‍ സഹായിക്കും. എന്നാല്‍ ഈ മാറ്റങ്ങളുടെ മറവില്‍ ഐടി, സാമ്പത്തിക മേഖലകളിലെ വിദഗ്ധ തസ്തികകളില്‍ കമ്പനികള്‍ ആരെ നിയമിക്കുമെന്നുള്ളത് ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് കൗണ്‍സില്‍ നേതാക്കള്‍ വ്യക്തമാക്കി. വിവിധ മേഖലകളിലുള്ളവര്‍ വിസാ നിയമത്തിലെ മാറ്റങ്ങളില്‍ വ്യത്യസ്ത നിലപാടുകാരാണ്.

ഇപ്പോള്‍ എല്ലാ വിസാ അപേക്ഷകരും ക്രിമിനല്‍ പരിശോധനയ്ക്കു വിധേയരാകേണ്ടതുണ്ട്. താഴ്ന്ന നിലകളിലുള്ള വിദഗ്ധ തൊഴിലാളികള്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ പരിശോധന ഒഴിവാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY