അപാകതകൾക്ക് പരിഹാരമില്ല. പുതിയ ചിൽഡ്രൻസ് ഹോസ്പിറ്റൽ ഉടനെങ്ങും തുറക്കില്ല.

0
680

പെർത്ത് : കുട്ടികള്‍ക്കായി നിര്‍മിച്ചിരിക്കുന്ന പെര്‍ത്തിലെ ആശുപത്രിയുടെ ഉദ്ഘാടനം വൈകുമെന്നുറപ്പായി. നിര്‍മാണത്തില്‍ നിരവധി അപാകതകളുണ്ടെന്ന് വെസ്റ്റ് ഓസ്‌ട്രേലിയന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇനിയും പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്‌നങ്ങളുണ്ടെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. കുടിവെള്ളത്തില്‍ ഈയത്തിന്റെ സാന്നിധ്യമാണ് ഇതില്‍ പ്രധാനം.

ചൈല്‍ഡ് കെയര്‍ സംവിധാനം, മാനസികാരോഗ്യ യൂണിറ്റ്, രോഗികള്‍ക്കുള്ള മുറികള്‍, അനസ്തീഷ്യയ്ക്കുള്ള വാതകത്തിന്റെ ലഭ്യമാക്കല്‍ എന്നിവിടങ്ങളില്‍ നിര്‍മാണ അപാകതകളുണ്ടെന്നാണ് അധികൃതര്‍ വാദിക്കുന്നത്. ബജറ്റ് എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയുടെ ഹിയറിംഗില്‍ ഈ വിഷയങ്ങള്‍ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ഹെല്‍ത്ത് സര്‍വീസ് അധ്യക്ഷന്‍ റോബിന്‍ ലോറന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. ചൈല്‍ഡ് കെയര്‍ സെന്ററും ചുറ്റുപാടുകളും അപൂര്‍ണമാണ്. അടുക്കളയിലെ പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇനിയും സമയമുണ്ട്. സെക്യൂരിറ്റി സംവിധാനവും നഴ്‌സുമാരെ വിളിക്കാനുള്ള ബെല്‍ സംവിധാനവും പൂര്‍ണമായും പ്രവര്‍ത്തനസജ്ജമല്ലെന്ന് റോബിന്‍ പറഞ്ഞു.

നിര്‍മാണത്തിലെ അപാകതകളും നിര്‍മാണ പൂര്‍ത്തീകരണവുമെല്ലാം മുഖ്യ കരാറുകാരനായ ജോണ്‍ ഹോളണ്ടിന്റെ ഉത്തരവാദിത്വമാണെന്ന് റോബിന്‍ ലോറന്‍സ് പറഞ്ഞു. രണ്ടു ലക്ഷംകോടി ഡോളറിന്റെ പദ്ധതി പ്രതീക്ഷിച്ചതിലും രണ്ടുവര്‍ഷം പിന്നിലായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെപോലും ആശുപത്രിയുടെ ഉദ്ഘാടനം നടക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലാത്ത അവസ്ഥയാണ്. കുടിവെള്ളത്തിലെ ഈയത്തിന്റെ സാന്നിധ്യമാണ് ഏറെ വിഷമിപ്പിക്കുന്ന പ്രശ്‌നം. ഇതിന്റെ ഉറവിടമെവിടെയെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ ആശുപത്രി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

മാസങ്ങള്‍ക്കു മുമ്പേതന്നെ ആശുപത്രി തുറന്നു പ്രവര്‍ത്തിക്കാമായിരുന്നെന്ന് നിര്‍മാണ കരാറുകാരന്‍ ജോണ്‍ ഹോളണ്ട് കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു. കുടിവെള്ളത്തിലെ മാലിന്യപ്രശ്‌നം ഏപ്രിലില്‍തന്നെ കണ്ടെത്താമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ ഉദ്ഘാടനം സംബന്ധിച്ച് അടുത്ത മാസം സര്‍ക്കാര്‍ വ്യക്തമാക്കുമെന്നാണ് സൂചന. അതോടൊപ്പം സര്‍ക്കാരും ജോണ്‍ ഹോളണ്ടുമായുള്ള നിയമപോരാട്ടവും ശക്തമാകും.

NO COMMENTS

LEAVE A REPLY