പെർത്തിലെ കുട്ടികളുടെ ആശുപത്രി ഉദ്ഘാടനം ഈ വർഷവും ഉണ്ടായേക്കില്ല.

0
390

പെർത്ത് : വിവാദങ്ങള്‍ വിട്ടൊഴിയാതെ പിന്തുടരുന്ന പെര്‍ത്തിലെ കുട്ടികളുടെ പുതിയ ആശുപത്രി തുറന്നു പ്രവര്‍ത്തിക്കുന്നത് കാണാനുള്ള കാത്തിരിപ്പ് ഇനിയും നീളും. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ അഭിമാനമായ കുട്ടികളുടെ പുതിയ ആശുപത്രിയില്‍ ചികിത്സ ലഭിക്കാന്‍ കുട്ടികള്‍ ഇനിയും ക്ഷമയോടെ കാത്തിരിക്കേണ്ടിവരുമെന്നാണ് പുതിയ അറിയിപ്പ്. ഉദ്ഘാടനം ഉടനെന്ന വിളംബരം കേട്ടുകേട്ട് ജനങ്ങള്‍ മടുത്തുകഴിഞ്ഞു.

2010 ഫെബ്രുവരി 21 നാണ് പുതിയ ആശുപത്രി സംബന്ധിച്ച് ബാര്‍നെറ്റ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. 2015 അവസാനത്തോടെ പുതിയ ആശുപത്രി തുറന്നു പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. 1.2 ലക്ഷംകോടി ഡോളറിന്റെ പദ്ധതിക്ക് 2012 ജനുവരി മൂന്നിന് തുടക്കമായി. 274 കിടക്കകളുള്ള ആശുപത്രിയില്‍ കുട്ടികള്‍ക്കായുള്ള ട്രോമകെയര്‍ സംവിധാനം, മെഡിക്കല്‍ ഗവേഷണ-വിദ്യാഭ്യാസ സൗകര്യങ്ങളുമൊരുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടത്.

നിര്‍മാണ കമ്പനിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ആശുപത്രിയുടെ ഉദ്ഘാടനം വൈകിച്ചു. ആശുപത്രി നിര്‍മാണത്തിനുള്ള ഫണ്ട് സര്‍ക്കാര്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നതായി കരാറുകാര്‍ ആരോപിച്ചു. ഫിലിപ്പൈന്‍സില്‍നിന്നുള്ള സീലിംഗ് പാനലുകള്‍ എത്താന്‍ വൈകിയതും ആശുപത്രിയുടെ ഉദ്ഘാടനം വൈകിച്ചു. 2016 മേയിലാണ് കുടിവെള്ളത്തില്‍ ഈയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. കുടിവെള്ളത്തില്‍ ഈയം കലരുന്നതിന്റെ ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലം നീണ്ടു.

കുടിവെള്ള നെറ്റ്‌വര്‍ക്കിലെ ഈയത്തിന്റെ ബോക്‌സുകളാണ് ഈം കലരുന്നതിനു കാരണമെന്ന നിഗമനം അടുത്തിടെയാണ് കണ്ടെത്തിയത്. അതിനാല്‍ ഈ ബോക്‌സുകള്‍ മാറ്റിസ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 1,200 ലധികം ബോക്‌സുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയില്‍ മിക്കതും ദ്രവിച്ച അവസ്ഥയിലാണ്. ഈ ബോക്‌സുകള്‍ മാറ്റിവച്ചശേഷം മാത്രമേ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളൂ. ഈ വര്‍ഷം പ്രവര്‍ത്തോദ്ഘാടനം നിര്‍വഹിക്കപ്പെടുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY