മന്ത്രിസഭാ പുനഃസംഘടന: നിലവിലുള്ള മന്ത്രിമാരുടെ ചങ്കിടിപ്പേറുന്നു

0
815

ക്യാൻബറ : ടോണി ആബട്ട് മന്ത്രിസഭയില്‍ അംഗങ്ങളായ മന്ത്രിമാരുടെ ചങ്കിടിപ്പേറുന്നു. ഏതുസമയവും ഫോണ്‍ റേഞ്ചിനുള്ളില്‍ ആയിരിക്കാന്‍ ശ്രമിക്കുന്നു. പുതിയ പ്രധാനമന്ത്രിയുടെ ഫോണ്‍ ഒരിക്കലും മിസാവാതിരിക്കുവാനുള്ള കരുതലിലാണിവർ. മന്ത്രിസഭാ പുനഃസംഘടനയില്‍ ഒരിടം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്ലാ മന്ത്രിമാരും. എന്നാല്‍ ആര്‍ക്കൊക്കെയാണ് നറുക്ക് വീഴുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.

ട്രഷറര്‍ ജോ ഹോക്കിയുടെ നില പരുങ്ങലിലാണ്. സാമൂഹിക സേവന മന്ത്രി സ്‌കോട്ട് മോറിസണ് ട്രഷറര്‍ സ്ഥാനം ലഭിക്കുമെന്നാണ് അഭ്യൂഹം. മിഷേലിയ കാഷ്, മാരിസ് പൈന്‍, കെല്ലി ഒ ഡൈയര്‍, ആര്‍തര്‍ സിനോഡിനോസ്, സൈമണ്‍ ബിര്‍മിംഗ്ഹാം എന്നിവര്‍ സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്നു. എന്നാല്‍ തൊഴില്‍മന്ത്രി എറിക് അബെറ്റ്‌സ്, പ്രതിരോധമന്ത്രി കെവിന്‍ ആന്‍ഡ്രൂസ് എന്നിവര്‍ തഴയപ്പെടാനാണ് സാധ്യത.

മന്ത്രിസഭയില്‍ തുടരാനാണ് ആന്‍ഡ്രൂസിന്റെ ആഗ്രഹം. പുതിയ പ്രതിരോധ ധവളപത്രം ഉള്‍പ്പെടെ നിരവധി സുപ്രധാന തീരുമാനങ്ങളും നടപ്പിലാക്കാന്‍ തനിക്കായിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ആന്‍ഡ്രൂസ്. എന്നാൽ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് യാതൊരു സൂചനയും പ്രധാനമന്ത്രി പുറത്തുവിട്ടിട്ടില്ല. ഈയാഴ്ച അവസാനം പുതിയ മന്ത്രിസഭാംഗങ്ങളുടെ പേരുവിവരം അറിയിക്കും. തിങ്കളാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിമാരെ തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ അധികാരമാണെന്നാണ് സംതൃപ്തരായ മന്ത്രിമാരുടെ അഭിപ്രായം.

NO COMMENTS

LEAVE A REPLY