ഇന്റെർനെറ്റിന് ഇനി ശരവേഗം !! ഓസ്‌ട്രേലിയയുടെ ആദ്യ NBN ഉപഗ്രഹം വിക്ഷേപിച്ചു.

0
1255
സിഡ്നി : ഓസ്‌ട്രേലിയയുടെ ആദ്യത്തെ നാഷണൽ ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ( NBN ) ഉപഗ്രഹം വിക്ഷേപിച്ചു. സ്‌കൈ മസ്റ്റര്‍ എന്ന ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഫ്രഞ്ച് ഗയാനയില്‍നിന്ന് പ്രദേശിക സമയം വ്യാഴാഴ്ച വൈകിട്ട് 5.30 ന് കുതിച്ചുയര്‍ന്നു.  ഓസ്‌ട്രേലിയയ്ക്കു മുകളില്‍ 36000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ വിക്ഷേപിക്കും. വേഗതയേറിയ ഇന്റര്‍നെറ്റ് സൗകര്യത്തിനായി വിവിധ മേഖലകളിലുള്ളവരുടെ നിരന്തരമായ ആവശ്യത്തിന് ഉപഗ്രഹം സഹായകമാകും. ഉയര്‍ന്ന വേഗതയേറിയ ഇന്റര്‍നെറ്റിന്റെ സൗകര്യം അടുത്തവര്‍ഷം പകുതിയോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉപഗ്രഹ വിക്ഷേപണ കമ്പനിയായ ഏരിയന്‍ സ്‌പേസ് ഓസ്‌ട്രേലിയയ്ക്കുവേണ്ടി വിക്ഷേപിക്കുന്ന ഏഴാമത്തെ ഉപഗ്രഹമാണ് സ്‌കൈ മസ്റ്റര്‍. ഉപഗ്രഹം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ക്രിസ്മസ് ദ്വീപുകള്‍, നോര്‍ഫോക് എന്നിവിടങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാകും. അടുത്തവര്‍ഷം പകുതിയോടെ മറ്റൊരു ഉപഗ്രഹവും വിക്ഷേപിക്കും. ഈ രണ്ടു ഉപഗ്രഹങ്ങളും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ നാലു ലക്ഷം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വേഗതയേറിയ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും. ഓസ്‌ട്രേലിയന്‍ പട്ടണങ്ങളും മറ്റു വിദൂര ഗ്രാമങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ അന്തരം ഉപഗ്രഹങ്ങളുടെ സഹായത്താല്‍ ഇല്ലാതാക്കാനാവുമെന്ന് വാര്‍ത്താവിതരണ മന്ത്രി ഫൈഫീല്‍ഡ് പറഞ്ഞു.

NO COMMENTS

LEAVE A REPLY