NBN സാങ്കേതിക തകരാറുകൾ പരിഹരിക്കുവാൻ സംവിധാനമില്ല.

0
460

സിഡ്‌നി : ദേശീയ ബ്രോഡ്ബാന്‍ഡ് കമ്പനിയുടെ ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ പതിവായി മുടങ്ങുന്നതായി പരാതി. പരാതികള്‍ ലഭിച്ചാല്‍ അത് പരിഹരിക്കുന്നതിന് കാലതാമസം വരുന്നതായും ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. ദേശീയ ബ്രോഡ്ബാന്‍ഡ് കമ്പനിയായ എന്‍ബിഎന്‍ കമ്പനിയാണ് ഇന്റര്‍നെറ്റ് സേവനം മുടക്കമില്ലാതെ നല്‍കുന്നില്ലെന്ന ആരോപണം നേരിടുന്നത്. കമ്പനിയുടെ വിതരണ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരാറുകാരാണ് പുതിയ കണക്ഷനുകള്‍ നല്‍കുന്നതും ലൈനിലെ തകരാറുകള്‍ ശരിയാക്കുന്നതും. എന്നാല്‍ ഉപ കരാറുകാര്‍ മറ്റ് ജോലികള്‍ക്ക് പോകുന്നതാണ് പണികള്‍ വൈകാന്‍ കാരണം.

മിക്ക ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കമ്പനികളും തങ്ങളുടെ പുറംജോലികള്‍ കരാറുകാരെ ഏല്‍പ്പിക്കുകയാണ് പതിവ്. വന്‍കിട കമ്പനികള്‍ പുറംജോലിക്കു നിയോഗിക്കുന്ന ചെറിയ കരാര്‍ കമ്പനികള്‍ക്ക് നല്‍കുന്ന പ്രതിഫലം തുച്ഛമായതിനാല്‍ ഈ കമ്പനികളിലെ സാങ്കേതിക വിദഗ്ധര്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന മറ്റു ജോലികള്‍ക്കു പോകുന്നതിനാലാണ് തകരാറുകള്‍ പരിഹരിക്കാന്‍ കാലതാമസം നേരിടുന്നത്. പ്രതിഫലം കുറവായതിനാല്‍ പുറംജോലിക്കു നിയോഗിക്കപ്പെടുന്നവരുടെ ഗുണമേന്‍മയും വളരെ കുറവായിരിക്കും. പ്രതിഫലം കുറവായതിനാല്‍ ജോലിക്കാരുടെ ആത്മാര്‍ഥതയും അതിനനുസരിച്ച് കുറവായിരിക്കും. ഒരു വീട്ടില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിന് ജോലിചെയ്യുന്ന രണ്ടുപേര്‍ക്കുമായി ലഭിക്കുന്ന പ്രതിഫലം ഒരു മണിക്കൂറിന് 80 ഡോളര്‍ മാത്രമാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജോസഫ് ബ്രൗണ്‍ എന്ന ഉപകരാറുകാരന്‍ പറഞ്ഞു.

കുറഞ്ഞ വേതനം ലഭിക്കുന്നതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ മിക്കവര്‍ക്കും മടിയാണ്. കൃത്യസമയത്തും മികവുറ്റതുമായ സേവനം നല്‍കാന്‍ പ്രധാന കരാറുകാര്‍ക്ക് ബാധ്യതയുണ്ടെന്ന് എന്‍ബിഎന്‍ കമ്പനി അറിയിച്ചു. പ്രതീക്ഷിക്കുന്ന വേതനം സംബന്ധിച്ച് രേഖാമൂലം അറിയിക്കാനും കമ്പനി ഉപകരാറുകാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ചപ്പുചവറുകള്‍ കയറ്റിവന്ന ഒരു ലോറിയിടിച്ച് വൈദ്യുതിയും ഇന്റര്‍നെറ്റ് കണക്ഷനും വിച്ഛേദിപ്പെട്ട ഒരാള്‍ തന്റെ അനുഭവം പങ്കുവച്ചു. തൊട്ടടുത്ത ദിവസംതന്നെ വൈദ്യൂതിബന്ധം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും ഇന്റര്‍നെറ്റ് കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ 68 ദിവസങ്ങള്‍ വേണ്ടിവന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടു മണിക്കൂര്‍കൊണ്ട് പരിഹരിക്കാമായിരുന്ന പ്രശ്‌നം പരിഹരിക്കാന്‍ 68 ദിവസങ്ങള്‍ വേണ്ടിവന്നു.

NO COMMENTS

LEAVE A REPLY