നാപ്ലാന്‍ ടെസ്റ്റില്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍നിന്നുള്ള കുട്ടികളെ അവഗണിക്കുന്നെന്ന് അധ്യാപകര്‍

0
1069

സിഡ്നി : നാപ്ലാന്‍ ടെസ്റ്റുകള്‍ സിറ്റിയിലെ കുട്ടികളെ ലക്ഷ്യമാക്കിയാണെന്ന് ക്വീന്‍സ് ലാന്‍ഡിലെ ഉള്‍പ്രദേശങ്ങളിലെ സ്‌കൂള്‍ അധ്യാപകര്‍ അഭിപ്രായപ്പെട്ടു. മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് വയസുള്ള കുട്ടികള്‍ക്കായി ഈയാഴ്ച ടെസ്റ്റുകള്‍ നടത്തും. ഏകദേശം ഒരു ദശലക്ഷം കുട്ടികള്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഈ ടെസ്റ്റുകളുടെ ഫലം പുറത്തുവരുമ്പോള്‍ സിറ്റികളിലുള്ള സ്‌കൂളുകളും ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ള സ്‌കൂളുകളും കുട്ടികളും തമ്മിലൊരു താരതമ്യ പഠനം നടത്താവുന്നതാണെന്ന് ഉള്‍നാടന്‍ പ്രദേശങ്ങളില്‍നിന്നുള്ള അധ്യാപകര്‍ പറഞ്ഞു. നാപ്ലാന്‍ ടെസ്റ്റിനായി മുന്‍വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങള്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് അറിവില്ലാത്തതായിരുന്നു. കഴിഞ്ഞ ടെസ്റ്റിലെ ഒരു ചോദ്യം ബസ് ടൈംടേബിളിനെ സംബന്ധിച്ചായിരുന്നു. എന്നാല്‍ ഈ ചോദ്യം ഉള്‍നാടന്‍ പ്രദേശങ്ങളില്‍നിന്നുള്ള കുട്ടികളെ സംബന്ധിച്ച് അപ്രസക്തമായിരുന്നു. കാരണം ഈ കുട്ടികള്‍ ബസ് ടൈടേബിള്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

സിറ്റിയിലുള്ള കുട്ടികളെയാണ് നാപ്ലാന്‍ ടെസ്റ്റില്‍ പരിഗണിക്കുന്നതെന്നും മറ്റു മേഖലകളില്‍നിന്നുള്ള കുട്ടികളെക്കൂടി പരിഗണിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുട്ടികളുടെ കഴിവുകളും അറിവും കണക്കാക്കുന്നതിനാണ് നാപ്ലാന്‍ ടെസ്റ്റ് നടത്തുന്നതെന്ന് ജനറല്‍ മാനേജര്‍ ഡോ. സ്റ്റാന്‍ലി റാബിനോവിറ്റ്‌സ് അറിയിച്ചു. ചോദ്യങ്ങള്‍ തയാറാക്കിയശേഷം സിറ്റിയില്‍നിന്നും ഉള്‍നാടന്‍ പ്രദേശങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ ടെസ്റ്റിന് വിധേയരാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്രയല്‍ ടെസ്റ്റിന്റെ റിസള്‍ട്ടും വിദഗ്ധരായ ഉപദേശക സമിതിയുടെ അഭിപ്രായങ്ങളും ലഭിച്ചശേഷമാണ് ഫൈനല്‍ ടെസ്റ്റിനുള്ള ചോദ്യങ്ങള്‍ തയാറാക്കുന്നത്. ഇപ്രകാരം വിവിധ പരീക്ഷണ നടപടികള്‍ക്കുശേഷമാണ് പ്രാദേശികമായ വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും അനുയോജ്യമായ വിധത്തില്‍ ടെസ്റ്റ് നടത്തുന്നതെന്ന് റാബിനോവിറ്റ്‌സ് പറഞ്ഞു. എന്നാൽ ഇത് ശരിയല്ലെന്നും ഉൾനാടൻ പ്രദേശങ്ങളിലെ കുട്ടികളെ ചോദ്യങ്ങള തയ്യാരാക്കുന്പോൾ അവഗണിക്കുകയാണെന്നും അവരുടെ നിർദേശങ്ങൾ സ്വീകരിക്കാരില്ലെന്നും ആ പ്രദേശങ്ങളിലെ അദ്ധ്യാപകർ ആരോപിച്ചു.

NO COMMENTS

LEAVE A REPLY