അഗതികളുടെ അമ്മ ഇനി അള്‍ത്താരയിലേക്ക്

0
944

കൊച്ചി : അഗതികളുടെ അമ്മയും വിശുദ്ധരുടെ നിരയിലേക്ക് ഇന്ന് ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. കൊല്‍ക്കത്തയിലെ തെരുവോരങ്ങളില്‍ ചിതലരിച്ച നിലയില്‍ ഉപേക്ഷിക്കപ്പെട്ട അനാഥശിശുക്കള്‍ക്കും കുഷ്ഠരോഗികള്‍ക്കും പാവങ്ങള്‍ക്കുമായി ജീവിതം ഉഴിഞ്ഞുവച്ച മദര്‍ തെരേസയെ കത്തോലിക്കാ സഭ ഇന്ന് വിശുദ്ധയായി പ്രഖ്യാപിച്ചിരിക്കുകയാണ്. വത്തിക്കാന്‍ സമയം രാവിലെ 10.30 ന് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള വിശ്വാസികളും മനുഷ്യസ്‌നേഹികളും ആഹ്ലാദത്തില്‍ മതിമറന്നു.

ലക്ഷക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന പ്രാര്‍ഥനാ നിര്‍ഭരമായ ചടങ്ങുകള്‍ക്ക് പങ്കുചേരാനെത്തിയത്. നീല ബോര്‍ഡറോടു കൂടിയ വെളുത്ത സാരിയുടത്ത മദര്‍ തെരേസയുടെ വലിയ ചിത്രം തൂങ്ങിയ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്‍വശത്ത് പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു ചടങ്ങുകള്‍ നടന്നത്. കരുണയുടെ വര്‍ഷം സഭയില്‍ മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തില്‍ കരുണയുടെ മാലാഖയെ വിശുദ്ധയായി പ്രഖ്യാപിച്ചത് ഉചിതംതന്നെ. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രുചി പകരുന്ന ഉപ്പായിരുന്നു മദറിന്റെ കരുണയെന്ന് മാര്‍പാപ്പാ പറഞ്ഞു. ദാരിദ്രമെന്ന കുറ്റകൃത്യം നടത്തിയവര്‍ക്കിടയില്‍ ദൈവകരുണ വിതരണം ചെയ്യുന്നവളായിരുന്നു മദര്‍ തെരേസ. വേദനയും ദാരിദ്രവുംകൊണ്ട് കണ്ണീരൊഴുക്കിയവര്‍ക്ക് സാന്ത്വനവും ഭക്ഷണവും നല്‍കിയവളാണ് മദറെന്ന് മാര്‍പാപ്പ അനുസ്മരിച്ചു.

ഒരു കാലത്ത് എല്ലാവരാലും വെറുക്കപ്പെട്ട് അനാഥരും രോഗികളും ആലംബഹീനരും ആര്‍ക്കും വേണ്ടാത്തവരുമായ ഒരുപറ്റം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ഒരു കൊച്ചുകന്യാസ്ത്രീ ഇന്ന് വിശുദ്ധിയുടെ നിറുകയില്‍ എത്തിയിരിക്കുകയാണ്. പുഴുവരിക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും അവരെ മാറോടണയ്ക്കുകയും ചെയ്ത ആ സന്യാസിനി അവര്‍ക്ക് അമ്മയാവുകയായിരുന്നു. സിസ്റ്റര്‍ തെരേസ അങ്ങനെ മദര്‍ തെരേസയായി.

അല്‍ബേനിയന്‍ മാതാപിതാക്കളുടെ അരുമയായി മാസിഡോണിയയില്‍ 1910 ഓഗസ്റ്റ് 26 ന് ജനിച്ച ആഗ്നസ് ബൊജസ്‌ക്യൂവിന്റെ തുടിപ്പുകള്‍ പാവപ്പെട്ടവരോടും വേദനിക്കുന്നവരോടുമൊപ്പമായിരുന്നു. 1929 ല്‍, 19 ാം വയസില്‍ കൊല്‍ക്കത്തയിലെത്തിയ ആഗ്നസ് പാവപ്പെട്ടവന്റെയും രോഗികളുടെയും ദീനരോദനത്തില്‍ അലിഞ്ഞു. പാവങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തു. 1950 ല്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യവുമായി എത്തിയ 12 കന്യാസ്ത്രീകളുമായി മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസ സമൂഹത്തിന് തുടക്കം കുറിച്ചു.

മദര്‍ തെരേസയുടെ ആത്മാവും ജീവനും ഇന്ത്യന്‍ മണ്ണിലായിരുന്നു. ഇന്ത്യന്‍ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന ആ വിശ്വ വിശുദ്ധിയെ ഭാരതം തികഞ്ഞ ആദരവോടെ വന്ദിക്കുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവില്‍ എന്ന യേശുവചനം അക്ഷരാര്‍ഥത്തില്‍ ജീവിതത്തില്‍ പകര്‍ത്തിയ ആ പുണ്യചരിതയുടെ 19 ാം ചരമവാര്‍ഷിക ദിനമാണ് നാളെ.

NO COMMENTS

LEAVE A REPLY