കാണാതായവർക്കുവേണ്ടി വിളക്കണച്ച് മെൽബൺ ജനത.

0
856

മെൽബൺ : ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കാണാതായവര്‍ക്കായി നടത്തിയ ഓര്‍മയാചരണത്തില്‍ മെല്‍ബണിലെ നിരവധിപേര്‍ തങ്ങളുടെ വീട്ടിലെ ലൈറ്റുകള്‍ ഓഫാക്കി പങ്കാളികളായി. ഏകദേശം രണ്ടായിരത്തോളം പേരാണ് വിവിധ സ്ഥലങ്ങളില്‍നിന്ന് അപ്രത്യക്ഷരായിരിക്കുന്നത്. ലീവ് എ ലൈറ്റ് ഓണ്‍ എന്ന ഗ്രൂപ്പാണ് വീട്ടിലെ ഒരു ലൈറ്റ് മാത്രം തെളിച്ച് ഈ ഓര്‍മയാചരണത്തില്‍ പങ്കാളികളാവാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചത്. ഈ അഭ്യര്‍ഥനയ്ക്ക് വലിയ പ്രതികരണമാണ് ഓരോ വര്‍ഷവും ലഭിക്കുന്നത്. ശനിയാഴ്ചയായിരുന്നു ഓര്‍മയാചരണം.

സൂസി റാറ്റ്ക്ലിഫാണ് ലീവ് എ ലൈറ്റ് ഓണ്‍ എന്ന ഗ്രൂപ്പിന്റെ സ്ഥാപക. 1973 ല്‍ കാണാതായ തന്റെ പതിനൊന്നുകാരിയായ സഹോദരി ജോവാന്‍ റാറ്റ്ക്ലിഫിനും കൂടെയുണ്ടായിരുന്ന നാലുവയസുകാരന്‍ കിര്‍സ്‌റ്റെ ഗോര്‍ഡന്റെയും ഓര്‍മയ്ക്കായിട്ടാണ് 2015 ല്‍ ഈ ഗ്രൂപ്പ് സ്ഥാപിച്ചത്. തിരോധാനത്തിനുശേഷം ഇരുവരെയും കണ്ടെത്താനായിട്ടില്ല. ഇവര്‍ കൊല്ലപ്പെട്ടതായാണ് സംശയിക്കപ്പെടുന്നത്. വീടിന്റെ പോര്‍ച്ചിലോ വീടിന്റെ അകത്തുള്ള ഒരു മുറിയിലോ ഒരു ലൈറ്റ് ഓണാക്കാം. അല്ലെങ്കില്‍ ലൈറ്റുകള്‍ അണച്ചശേഷം മെഴുകുതിരി ഉപയോഗിച്ച് ഈ ഓര്‍മയാചരണത്തില്‍ പങ്കാളികളാകാം.

ഈ ഓര്‍മയാചരണംകൊണ്ട് വലിയ പ്രയോജനങ്ങളുണ്ടായിട്ടുണ്ടെന്ന് ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. കാണാതായവരെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്ന വിവരങ്ങള്‍ അന്വേഷണ സംഘങ്ങളോട് വെളിപ്പെടുത്താന്‍ നിരവധിപേര്‍ മുന്നോട്ടുവന്നു. ഇത് അന്വേഷണത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY