വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ മെനിഞ്ചോകോക്കല്‍ രോഗം പടര്‍ന്നുപിടിക്കുന്നു.

0
769

പെർത്ത് : വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ മെനിഞ്ചോകോക്കല്‍ രോഗം പടര്‍ന്നുപിടിക്കുന്നു. ഈ മാസം തന്നെ അഞ്ചാമത്തെ കേസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ രോഗം സ്ഥിരീകരിച്ച ഒരു വയോധികന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മെനിഞ്ചൊക്കോക്കല്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2000 ല്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 86 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2013 ല്‍ ഈ രോഗം ബാധിച്ചവരുടെ എണ്ണം 16 ആയി കുറഞ്ഞു. എന്നാല്‍ കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് മെനിഞ്ചോകോക്കല്‍ രോഗം ബാധിച്ചവരുടെ എണ്ണം 23 ആയിരുന്നു. ഈ വര്‍ഷം ഇതുവരെ 15 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആളുകളില്‍ ചില മേഖലകളില്‍ പ്രതിരോധമുണ്ടാകുന്നതാണ് മെനിഞ്ചോകൊക്കല്‍ രോഗം വര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് വകുപ്പുതല മെഡിക്കല്‍ കോര്‍ഡിനേറ്റര്‍ പ്രഫസര്‍ പോള്‍ എഫഌ പറഞ്ഞു. ഈ രോഗത്തിനെതിരേയുള്ള പ്രതിരോധ കുത്തിവയ്പുകള്‍ ആരംഭിച്ചിരുന്നു. ഇതാണ് ഈ രോഗം പടര്‍ന്നുപിടിക്കാതിരിക്കാന്‍ കാരണമായത്. 15 മുതല്‍ 19 വയസുവരെ പ്രായമുള്ള കൗമാരക്കാര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത് വീണ്ടും ആരംഭിച്ചിട്ടുണ്ട്. കൗമാരക്കാരിലാണ് ഈ രോഗത്തിന്റെ ബാക്ടീരിയ കൂടുതലായി കാണപ്പെടുന്നത്.

ഈ രോഗം അത്ര സാധാരണമല്ലെങ്കിലും ജീവനു ഭീഷണിയാകാനുള്ള സാധ്യതയുണ്ട്. വേണ്ടവിധത്തില്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ പലതരത്തിലുള്ള വൈകല്യങ്ങള്‍ക്കും കാരണമാകും. രക്തത്തിലും നട്ടെല്ല്, തലച്ചോറ് എന്നിവിടങ്ങളിലും ബാക്ടീരിയയുടെ ഇന്‍ഫെക്ഷന്‍ ഉണ്ടാകും. കടുത്ത പനി, വിറയല്‍, വേദനകള്‍, തലകറക്കം, ഛര്‍ദി, ഉന്മേഷമില്ലായ്മ, അസ്വസ്ഥതകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗബാധിതരില്‍ ഭൂരിഭാഗവും ചികിത്സയിലൂടെ സുഖം പ്രാപിക്കുന്നുണ്ട്. എന്നാല്‍ അഞ്ചു ശതമാനം മരണത്തിനു വിധേയരാകാറുണ്ട്.

NO COMMENTS

LEAVE A REPLY