പീഡനം : കത്തോലിക്കാസഭ 17 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്കിക്കഴിഞ്ഞു.

0
1925

മെല്‍ബണ്‍ : അതിരൂപതയിലെ വൈദികരും ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും പ്രതിചേര്‍ക്കപ്പെട്ട നൂറുകണക്കിന് ബാല ലൈംഗിക പീഡനക്കേസുളിലായി 17 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്കിയെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് പുതുതായി രൂപീകൃതമാവുന്ന മലയാളികളുടെതടക്കമുള്ള ഇടവകകളുടെ പ്രവർത്തനങ്ങൾക്കുള്ള മുന്നറിയിപ്പാണ്. രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ ഓരോ ഇടവകകളും സമുദായാംഗങ്ങളിൽ നിന്നും ധനസമാഹരണം നടത്തി പുതുതായി പള്ളിയും, അനുബന്ധ സൌകര്യങ്ങളും ഒരുക്കുന്ന കത്തോലിക്കാ ഇടവകകൾക്ക് റോയൽ കമ്മീഷൻ പുറത്തു വിട്ട ഈ കണക്കുകൾ വരും നാളുകളിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ഇടവകകൾക്കെതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങളും, കേസുകളും തീർപ്പാക്കുവാൻ ചിലവാകുന്ന കോടിക്കണക്കിനു ഡോളർ അതാതു സമുദായാംഗങ്ങൾ കണ്ടെത്തണമെന്ന നിയമം പല മേഖലകളിലും ഉയർന്നു വരുന്ന മലയാളി ദേവാലയങ്ങൾക്കും ബാധകമാവും. ഇപ്പോൾ തന്നെ പല മേഖലകളിലായി പുതിയ ഇടവകകൾ രൂപീകരിക്കുന്നതിനായി നടക്കുന്ന ധനസമാഹരണവുമായി പല കുടുംബങ്ങളും നിസ്സഹകരിക്കുന്നതിന്റെ പ്രധാന കാരണം വരാനിരിക്കുന്ന ഇത്തരം പ്രതിസന്ധികൾ കണക്കിലെടുത്താണെന്നാണ് വിലയിരുത്തൽ.

1980 നുശേഷം 450 ലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാല ലൈംഗിക പീഡനത്തിനായുള്ള റോയല്‍ കമ്മീഷന്‍ മുന്പാകെ മുതിര്‍ന്ന ഉപദേശകയായ ഗെയില്‍ ഫര്‍നസാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഓസ്‌ട്രേലിയയിലെ കത്തോലിക്കാ ദേവാലയ അധികൃതരുടെയിടയില്‍ നടത്തിയ സര്‍വേയിലാണ് ബാല ലൈംഗിക പീഡനം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ 454 പേര്‍ പീഡനത്തിനിരയായതായി പരാതി നല്‍കി. 1970 കളിലാണ് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടന്നതായി കണ്ടെത്തിയിരിക്കുന്നത്. പീഡനത്തിന് ഇരയായവരില്‍ 300 ല്‍ കൂടുതല്‍ പേര്‍ക്ക് കത്തോലിക്കാ സഭ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. പീഡനത്തിനിരയായവരുടെ ചികിത്സാ ചെലവിനും കേസുകളുടെ നടത്തിപ്പിനും മറ്റു ചെലവുകള്‍ക്കുമായി ഏകദേശം 17 ദശലക്ഷം ഡോളര്‍ സഭ ചെലവാക്കിയിട്ടുണ്ടെന്നാണ് കണക്ക്. പീഡനത്തിന് ഇരയായവര്‍ക്ക് ഓരോരുത്തര്‍ക്കുമായി ശരാശരി 52000 ഡോളര്‍ സഭ ചെലവാക്കിയിട്ടുണ്ട്. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഫാ. കെവിന്‍ ഒ ഡോന്നെലിനെതിരേയാണ് എറ്റവും കൂടുതല്‍ കേസുള്ളത്. അദ്ദേഹത്തിനെതിരേ 56 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ആരോപണ വിധേയരായ വൈദികരെ സംബന്ധിച്ച് മെല്‍ബണ്‍ അതിരൂപതയുടെ പ്രതികരണം കമ്മീഷന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. വിചാരണയ്ക്കിടെ തെളിവു സമര്‍പ്പിക്കാന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY