നിയമവിരുദ്ധമായി വേദനസംഹാരികൾ കഴിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ആശങ്കയോടെ ആരോഗ്യമേഖല.

0
804

സിഡ്‌നി : ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതില്‍ കൂടുതല്‍ വേദനസംഹാരികള്‍ കഴിക്കുന്നതുവഴി പ്രതിവര്‍ഷം 800 ഓസ്‌ട്രേലിയക്കാര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. നിര്‍ദേശിക്കുന്നതിലും കൂടുതല്‍ അളവില്‍ വേദനസംഹാരി ഗുളികകള്‍ കഴിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഗ്രാമീണ മേഖലകളിലാണ് ഈ പ്രവണത കൂടിയിരിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വേദനസംഹാരി മരുന്നുകള്‍ക്കായി പലരും അതിര്‍ത്തികള്‍ കടന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വേദന സംഹാരി ഗുളികകളുടെ അടിമകളായ നിരവധി പേര്‍ വിവിധ മേഖലകളിലുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ അമിതമായ മരുന്നുപയോഗത്തെത്തുടര്‍ന്നുള്ള മരണനിരക്ക് വളരെ വര്‍ധിച്ചിട്ടുണ്ടെന്ന് നാഷണല്‍ ഡ്രഗ് ആന്‍ഡ് ആള്‍ക്കഹോള്‍ റിസര്‍ച്ച് സെന്ററിലെ ഡോ. സൂസന്‍ നീല്‍സെന്‍ പറഞ്ഞു. മയക്കുമരുന്നുകള്‍ ചേര്‍ന്ന വേദനസംഹാരികള്‍ക്കാണ് സാധാരണ ആവശ്യക്കാര്‍ ഏറെയുള്ളത്. എല്ലാ പ്രാദേശിക മേഖലകളിലെയും ഫാര്‍മസികള്‍ക്കും ചികിത്സയ്ക്കുള്ള അംഗീകാരമില്ലെന്നത് ഒരു പ്രശ്‌നമാണെന്ന് ഡോ. നീല്‍സെന്‍ പറഞ്ഞു.

തങ്ങളുടെ മേഖലകളില്‍ ലഭ്യമല്ലാത്ത വേദനസംഹാരികള്‍ വാങ്ങുന്നതിനായി മറ്റു സംസ്ഥാനങ്ങളിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം അവരെ ഈ മരുന്നുകള്‍ക്ക് അടിമകളാക്കിയിരിക്കുകയാണ്. മയക്കുമരുന്നുകള്‍ ചേര്‍ത്തിരിക്കുന്ന ഇത്തരം മരുന്നുകള്‍ മയക്കുമരുന്നിനു പകരമായി ഉപയോഗിക്കുന്നവരും ധാരാളമുണ്ട്. ഐസ് പോലുള്ള നിയമവിരുദ്ധ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതിനു പകരം നിയമപരമായി വാങ്ങാവുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നതിനാണ് മിക്കവര്‍ക്കും താല്‍പര്യം. ഇത്തരം മരുന്നുകള്‍ കൈവശം വയ്ക്കുന്നതിനും നിയമതടസമില്ല.

NO COMMENTS

LEAVE A REPLY