മെഡികെയർ സേവനങ്ങൾ വെട്ടിക്കുറക്കാൻ ശ്രമം. ആരോഗ്യമേഖല പ്രതിസന്ധിയിലാവും.

0
1254

സിഡ്നി : ചികിത്സാ സംവിധാനത്തില്‍ വൻ അഴിച്ചുപണി നടത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. മെഡികെയര്‍ സംവിധാനത്തിൽ കുറഞ്ഞ നിരക്കില്‍ അനുവദിച്ചിരിക്കുന്ന പല ടെസ്റ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കാല്‍മുട്ടുകള്‍ക്കുള്ള ആര്‍ത്രോസ്‌കോപ്പി, ടോണ്‍സില്ലെക്‌ടോമി എന്നിവ അനാവശ്യമായി നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മെഡികെയര്‍ ബെനഫിറ്റ്‌സ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 5700 മെഡിക്കല്‍ സേവനങ്ങള്‍ സംബന്ധിച്ച് പുനരവലോകനം നടത്താന്‍ ആരോഗ്യമന്ത്രി സൂസന്‍ ലേ കമ്മീഷന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ഇപ്പോഴുള്ള ചികിത്സാ സംവിധാനം കഴിഞ്ഞ നൂറ്റാണ്ടിലേതാണെന്നും അതിന് കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പല ടെസ്റ്റുകളും പഴയരീതിയാണെന്നും അത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നു സംശയിക്കുന്നുവെന്നും ചിലത് ഹാനികരമാണെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ ആരോഗ്യ വിദഗ്ധരില്‍നിന്നും രോഗികളില്‍നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കും. അനാവശ്യമെന്ന് പൊതുവില്‍ അഭിപ്രായപ്പെടുന്ന ടെസ്റ്റുകളും ചികിത്സാ സംവിധാനങ്ങളും നിറുത്തലാക്കും. അവയ്ക്കു പകരമായി നൂതന ചികിത്സാ സംവിധാനമൊരുക്കും. ഒരു ദിവസം ഒരു ദശലക്ഷം ഡോളറായി മെഡികെയര്‍ ക്ലെയിമുകള്‍ എത്തിയിട്ടുണ്ടെന്നും ഇത് സർക്കാരിന് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നെന്നും മന്ത്രി പറഞ്ഞു.

പുതിയ സർക്കാർ നീക്കത്തെ വിവിധ മേഖലയിലുള്ളവർ ആശങ്കയോടെയാണ് നോക്കി കാണുന്നത്. സര്‍ക്കാരിനുണ്ടാകുന്ന ഭാരിച്ച ചികിത്സാചെലവ് വെട്ടിക്കുറയ്ക്കാനാണ് മെഡികെയര്‍ പദ്ധതിയിലെ ടെസ്റ്റുകളും മറ്റു ചികിത്സകളും പരിശോധിക്കുന്നതെന്ന് ആരോപണമുണ്ട്. മെഡിക്കല്‍ രംഗത്ത് ജോലിചെയ്യുന്നവരെ ആക്രമിക്കുകയാണ് ഫെഡറല്‍ സര്‍ക്കാരെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചു. ഡോക്ടര്‍മാര്‍ തെറ്റായ കാര്യമാണ് ചെയ്യുന്നതെന്നും അനാവശ്യവും സുരക്ഷിതമല്ലാത്തതുമായ ചികിത്സയാണ് നല്‍കുന്നതെന്നുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ബ്രിയാന്‍ ഓവ്‌ലര്‍ പറഞ്ഞു. ശുദ്ധികരിക്കാനെന്നപേരില്‍ പ്രധാനമന്ത്രി ടേണ്‍ബുള്‍ മെഡിക്കല്‍ രംഗത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആരോഗ്യ ബജറ്റില്‍ നിക്ഷേപമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടിയായ ലേബറിന്റെ ആരോഗ്യ വക്താവ് കാതറിന്‍ കിംഗ് പറഞ്ഞു. മെഡിക്കല്‍ രംഗത്തെ പ്രമുഖരുമായി ചര്‍ച്ചചെയ്യാതെ മര്‍ക്കടമുഷ്ടിയോടെ മെഡികെയര്‍ പദ്ധതിയിലെ ടെസ്റ്റുകള്‍ക്കുള്ള സബ്‌സിഡി നിറുത്തലാക്കാനാണ് ശ്രമമെന്ന് അവര്‍ പറഞ്ഞു. രോഗികളായ അമേരിക്കകാര്‍ക്ക് കാനഡയില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും കുറഞ്ഞനിരക്കില്‍ മരുന്നുകള്‍ എത്തിച്ചുനല്‍കാനാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ ശ്രമമെന്ന് കാതറിന്‍ പറഞ്ഞു. എന്നാല്‍ ഇവിടെ മെഡികെയര്‍ പദ്ധതിയിലെ മിക്ക ചികിത്സകള്‍ക്കുമുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കാനാണ് ശ്രമം നടക്കുന്നത്. ഇത് അത്യന്തം അപലപനീയമാണെന്നും അവർ ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY