ആട്ടിറച്ചിയുടെ പരസ്യത്തിൽ ഗണപതിയെ ഉപയോഗിച്ചതിനെതിരെ ഇന്ത്യ പരാതി നൽകി.

0
1210

സിഡ്‌നി : ഓസ്‌ട്രേലിയന്‍ ആട്ടിറച്ചി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് മീറ്റ് ആന്‍ഡ് ലൈവ്‌സ്‌റ്റോക് ഓസ്‌ട്രേലിയ പ്രസിദ്ധപ്പെടുത്തിയ വിവാദമായ പരസ്യ വീഡിയോയ്‌ക്കെതിരേ ഇന്ത്യ രംഗത്തെത്തി. ഹിന്ദു ദേവനായ ഗണേശനെ പരസ്യത്തില്‍ ചിത്രീകരിച്ചതിനെതിരേ ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗിക പരാതി നല്‍കി. ഇന്ത്യന്‍ നയതന്ത്ര കാര്യാലയം വഴിയാണ് സര്‍ക്കാര്‍ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. മീറ്റ് ആന്‍ഡ് ലൈവ്‌സ്‌റ്റോക്കിന്റെ പരസ്യം പ്രകോപനപരമാണെന്നും ഈ പരസ്യം ഇന്ത്യന്‍ സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. കാന്‍ബറയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ മതവികാരത്തെ പരസ്യമായി പ്രവണപ്പെടുത്തുന്ന ഈ പരസ്യം പിന്‍വലിക്കണമെന്ന് സിഡ്‌നിയിലെ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ മതവിഭാഗങ്ങളുടെ ദൈവങ്ങളെയാണ് പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. യേശുക്രിസ്തു, സീയൂസ് ദേവന്‍, ശ്രീബുദ്ധന്‍, ഭഗവാന്‍ ഗണേശ് തുടങ്ങിയവരെയാണ് ഇറച്ചിയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് തയാറാക്കിയിരിക്കുന്ന പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രശ്‌നങ്ങളുണ്ടാകുമെന്ന് മനസിലാക്കി ഇസ്ലാം മതത്തില്‍നിന്ന് മുഹമ്മദ് നബിയെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മീറ്റ് ആന്‍ഡ് ലൈവ്‌സ്‌റ്റോക്കിനെതിരേയും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനുമെതിരേ നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്. പരസ്യത്തിനെതിരേ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പരസ്യത്തെ ന്യായീകരിച്ചാണ് മീറ്റ് ആന്‍ഡ് ലൈവ്‌സ്‌റ്റോക് ഓസ്‌ട്രേലിയ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ മതവിശ്വാസങ്ങളില്‍നിന്നുമുള്ളവരെ അവതരിപ്പിക്കുന്നതിലൂടെ ഐക്യത്തെ സൂചിപ്പിക്കുന്നതായി എല്‍എല്‍എ വക്താവ് ആന്‍ഡ്രൂ ഹൗവി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ഒരു മേശയ്ക്കു ചുറ്റുമിരിക്കാന്‍ കഴിയില്ല. നിങ്ങള്‍ മാംസം ഭക്ഷിക്കുകയോ ഭക്ഷിക്കാതിരിക്കുകയോ ആവാം. എന്നാല്‍ എല്ലാ വിശ്വാസ വ്യത്യാസങ്ങളെല്ലാം മറന്ന് ഒരുമിക്കാന്‍ സാധിക്കുമെന്ന സന്ദേശമാണ് ഈ പരസ്യം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ബുദ്ധനും ഗണേശും ശുദ്ധ വെജിറ്റേറിയനാണെന്നും ഇത് മതവിശ്വാസത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാമെന്നും അദ്ദേഹം സമ്മതിച്ചു.

ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രധാന്യമുള്ള ദേവനാണ് ഗണപതിയെന്ന ഗണേശ്. ഏതെങ്കിലും ഒരു മതവിഭാഗത്തെ അപമാനിക്കുന്നതിനല്ല, മറിച്ച് എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നതിനാണ് ഈ പരസ്യത്തില്‍ ശ്രമിച്ചിട്ടുള്ളതെന്ന് എംഎല്‍എ വക്താവ് പറഞ്ഞു.

NO COMMENTS

LEAVE A REPLY