ഓസ്‌ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം മാക്‌സ് വാക്കര്‍ വിടവാങ്ങി

0
1003
ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ മാക്‌സ് വാക്കര്‍ വിടവാങ്ങി. 68 വയസായിരുന്നു. മെലനോമ എന്ന ചര്‍മ കാന്‍സര്‍ ബാധിച്ചാണ് അദ്ദേഹം മരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മൈലോമയെന്ന രക്താര്‍ബുദമാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ടാംഗിള്‍സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അദ്ദേഹം മികച്ച ബൗളറും പിന്നീട് ക്രിക്കറ്റ് കമന്റേറ്ററും പുസ്തക രചയിതാവുമായിരുന്നു.
2013 ഓഗസ്റ്റിലാണ് രക്താര്‍ബുദമാണെന്ന് കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആ വര്‍ഷം ഡിസംബറില്‍ കീമോതെറാപ്പിക്കും മൂലകോശ മാറ്റിവയ്ക്കലിനും പീറ്റര്‍ മാക് കാല്ലം കാന്‍സര്‍ സെന്ററില്‍ അദ്ദേഹം വിധേയനായി. കഴിഞ്ഞ ജൂണിലും കീമോതെറാപ്പിയും മൂലകോശ മാറ്റിവയ്ക്കലും ആവശ്യമായിരുന്നു. എന്നാല്‍ കാന്‍സര്‍ രോഗം ഗുരുതരമായി ബാധിച്ചിരുന്നതിനാല്‍ രണ്ടാംവട്ട ചികിത്സകള്‍ ഫലം നല്‍കിയില്ല. അങ്ങനെ അവസാനം അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. ക്രിക്കറ്റ് ലോകം അദ്ദേഹത്തിന്റെ ദീപ്ത സ്മരണകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്.
അസ്ഥി മജ്ജയിലെ പ്ലാസ്മ കോശങ്ങള്‍ക്കുണ്ടാകുന്ന കാന്‍സറാണ് മൈലോമ. ഇടുപ്പുകള്‍, വാരിയെല്ല്, ചുമലുകള്‍, തലയോട്ടി, നട്ടെല്ല് തുടങ്ങിയ ഭാഗങ്ങളില്‍ അസ്ഥിമജ്ജ കാണപ്പെടുന്നതിനാല്‍ ഇവിടങ്ങളിലെല്ലാം കാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കാന്‍സര്‍ കൗണ്‍സില്‍ ഓസ്‌ട്രേലിയ വ്യക്തമാക്കുന്നു. പ്ലാസ്മാ കോശങ്ങളുടെ ഡിഎന്‍എ നശിപ്പിക്കപ്പെടുമ്പോള്‍ കോശങ്ങള്‍ കാന്‍സര്‍ രോഗ ബാധിതമാകുന്നു. പ്രതിവര്‍ഷം 1,700 ഓളംപേര്‍ മൈലോമയെന്ന കാന്‍സറിന് ഇരകളാകുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ലുക്കേമിയ ഫൗണ്ടേഷന്‍ അറിയിച്ചു. അതായത് ഒരു ദിവസം നാലുപേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുന്നു.
പ്രായം വര്‍ധിക്കുന്നതനുസരിച്ച് സ്ത്രീകളെക്കാള്‍ പുരുഷന്‍മാരില്‍ മൈലോമ സാധാരണമായി കണ്ടുവരുന്നു. രോഗനിര്‍ണയം നടത്തി കാന്‍സറാണെന്നു സ്ഥിരീകരിച്ചവരില്‍ 75 ശതമാനവും 60 വയസിനു മുകളിലുള്ളവരാണെന്ന് ലുക്കേമിയ ഫൗണ്ടേഷന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY