അഭയാർഥിക്യാമ്പുകൾ ഇടിച്ചുനിരത്താൻ അധികൃതരെത്തി. പ്രതിരോധംതീർത്ത് അഭയാർഥികൾ.

0
547

മെൽബൺ : മനൂസ് ദ്വീപില്‍ അധികൃരുടെ മനുഷ്യാവകാശ ലംഘനം തുടരുന്നു. കുടിയേറ്റ വകുപ്പ് അധികൃതര്‍ വീണ്ടും മനൂസ് ദ്വീപിലെത്തി. ദ്വീപിലെ തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തിലെ അവശേഷിക്കുന്ന ജലവിതരണ സംവിധാനവും താല്‍ക്കാലി ഷെഡുകളും തകര്‍ക്കുന്നതിനാണ് ഇവരെത്തിയത്. തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തില്‍ അവശേഷിക്കുന്നവരെ പുറത്തുപോകാന്‍ സമ്മര്‍ദം ചെലുത്തുകയാണ് ഇവരുടെ ലക്ഷ്യം.

തടഞ്ഞുവയ്ക്കല്‍ കേന്ദ്രം ഔദ്യോഗികമായി അടച്ചുപൂട്ടിയതിനുശേഷം രണ്ടാഴ്ചകള്‍ക്കുശേഷമാണ് അധികൃതര്‍ കേന്ദ്രത്തിലെത്തുന്നത്. കേന്ദ്രത്തിലെ അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും കേന്ദ്രം വിട്ടുപോകാനുള്ള അടുത്ത അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രിയില്‍ കേന്ദ്രത്തിലെത്തിയ മനൂസ് പോലീസ് കമാന്‍ഡര്‍ ഡേവിഡ് യാപു അന്തേവാസികള്‍ക്ക് കേന്ദ്രം വിട്ടുപോകാന്‍ തിങ്കളാഴ്ചവരെ സമയം അനുവദിച്ചു. എന്നാല്‍ പോലീസ് ബലം പ്രയോഗിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്രത്തിനുള്ളില്‍ ഇപ്പോള്‍ 379 പേരാണുള്ളത്.

തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തില്‍നിന്ന് തങ്ങളെ പുറത്താക്കാനുള്ള അധികൃതരുടെ നടപടികളുടെ നിരവധി ഫോട്ടോകളാണ് അന്തേവാസികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. അധികൃതര്‍ തങ്ങളുടെ കൂടാരങ്ങള്‍ തകര്‍ക്കുന്നതിന്റെയും വലിയ വാട്ടര്‍ ടാങ്കുകളുടെ ടാപ്പുകള്‍ നശിപ്പിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തില്‍നിന്ന് സ്വമേധയാ പുറത്തുപോകുന്നതുവരെ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും ബലം പ്രയോഗിച്ച് പുറത്താക്കില്ലെന്ന് പോലീസ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ അന്തേവാസികള്‍ സ്വമേധയാ പുറത്തുപോകാന്‍ നിര്‍ബന്ധിതരാക്കുകയാണ് ഇവര്‍.

മനൂസ് ദ്വീപിലെ തടഞ്ഞുവയ്ക്കല്‍ കേന്ദ്രം ഔദ്യോഗികമായി അടച്ചുപൂട്ടിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും ഭാവി അനിശ്ചിതത്വത്തിലാക്കിയാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍ കേന്ദ്രം വിട്ടത്. തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തിലെ അന്തേവാസികളുടെ കാര്യത്തില്‍ യാതൊരു തീരുമാനവും ഇവര്‍ എടുത്തില്ല. അടച്ചുപൂട്ടിയതായി പ്രഖ്യാപനവും നടത്തി സ്ഥലംവിട്ട ഓസ്‌ട്രേലിയന്‍ അധികൃതര്‍ കേന്ദ്രത്തിലേക്കുള്ള എല്ലാ സേവനങ്ങളും നിറുത്തലാക്കി. അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, വെള്ളം, മരുന്നുകള്‍, വൈദ്യുതി എന്നിവയും നിറുത്തലാക്കിയാണ് അവര്‍ സ്ഥലം വിട്ടത്. കേന്ദ്രത്തില്‍നിന്ന് പുറത്തുപോയാല്‍ അത് തങ്ങളുടെ ജീവനുതന്നെ ഭീഷണിയാണെന്നാണ് അന്തേവാസികളുടെ വാദം. ഇതിനിടെ പ്രാദേശവാസികള്‍ കേന്ദ്രത്തില്‍ ആക്രമണം നടത്തിയിരുന്നു. കേന്ദ്രത്തിന്റെ വേലിക്കെട്ട് ഒരു ഭാഗത്ത് നശിപ്പിക്കപ്പെട്ടത് അന്തേവാസികള്‍ ചേര്‍ന്ന് നന്നാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY