അഭയാർഥിക്യാന്പിലെ ആക്രമണത്തിൽ തോക്കും, ആയുധങ്ങളും ഉപയോഗിച്ചെന്ന് റിപ്പോർട്ട്.

0
697

സിഡ്‌നി : മനൂസ് ദ്വീപിലെ തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ തോക്കുകള്‍ ഉപയോഗിച്ചതായും വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ട്. ഇതാദ്യമായാണ് തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചോരുന്നത്. വില്‍സണ്‍ സെക്യൂരിറ്റിയിലെ ഒരു അംഗമാണ് റിപ്പോര്‍ട്ടിന്റെ നക്കല്‍ തയാറാക്കിയതെന്നാണ് ലഭ്യമായ വിവരം.

എം 16 എന്ന റൈഫിളും കൈത്തോക്കും ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പാപ്പുവ ന്യൂ ഗിനിയയിലെ നാവിക സേനാംഗങ്ങളും തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തിലെ ജീവനക്കാരും ഇവിടുത്തെ അന്തേവാസികളും തമ്മിലായിരുന്നു സംഘര്‍ഷമുണ്ടായത്. ഡിബ്രീഫ് പോയിന്റ്‌സ്-ക്രിട്ടിക്കല്‍ ഇന്‍സിഡന്റ് 14 ഏപ്രില്‍ 2017 എന്ന തലക്കെട്ടുള്ള റിപ്പോര്‍ട്ടില്‍ നാലു മണിക്കൂര്‍ നീണ്ടുനിന്ന സംഘട്ടനത്തിന്റെ വിശദമായ വിവരങ്ങളുണ്ട്. അക്ഷര പിശകും വ്യാകരണ പിശകുമുണ്ടെങ്കിലും ഈ റിപ്പോര്‍ട്ട് മറ്റൊരു വിവാദത്തിന് തിരി കൊളുത്തുകയാണ്. ഗ്രീന്‍സ് സെനറ്റര്‍ നിക് മക് കിം അടുത്തിടെ മനൂസ് തടഞ്ഞുവയ്ക്കല്‍ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. കേന്ദ്രത്തിനുള്ളിലേക്ക് ഇദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത പട്ടണത്തില്‍വച്ച് അഭയാര്‍ഥികളുമായി കണ്ടുമുട്ടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വില്‍സണ്‍ രേഖയിലെ കണ്ടെത്തലുമായാണ് അദ്ദേഹം മടങ്ങിയെത്തിയത്. തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തിലേക്ക് വെടിവച്ചതിനുള്ള തെളിവാണ് ഈ രേഖയെന്ന് അദ്ദേഹം പറഞ്ഞു.

തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തിനടുത്തുള്ള സ്ഥലത്ത് അഭയാര്‍ഥികള്‍ സോക്കര്‍ കളിക്കുന്നതിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രദേശവാസികളായ കുട്ടികള്‍ക്ക് കളിക്കുന്നതിന് ഈ കളിസ്ഥലം ആവശ്യപ്പെട്ടു. എന്നാല്‍ അഭയാര്‍ഥികള്‍ ഇതിനു തയാറായില്ല. കുട്ടികളിലൊരാളുടെ പിതാവായ പാപ്പുവ ന്യൂ ഗിനിയയിലെ നേവി ഓഫീസര്‍ രംഗത്തെത്തി അഭയാര്‍ഥികളോട് സ്ഥലം വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച അഭയാര്‍ഥികള്‍ ഇദ്ദേഹത്തെ കൈയേറ്റം ചെയ്യാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതറിഞ്ഞ മറ്റ് ഓഫീസര്‍മാര്‍ ഇദ്ദേഹത്തിന്റെ സഹായത്തിനെത്തി. തടര്‍ന്ന് നേവി ഓഫീസര്‍മാരും അഭയാര്‍ഥികളും തമ്മില്‍ സംഘര്‍ഷമായി. സംഘര്‍ഷം അക്രമാസക്തമാവുകയും അഭയാര്‍ഥികള്‍ തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തിലേക്ക് രക്ഷപ്പെടുകയും ചെയ്തു.

തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തിന്റെ ഗേറ്റിനു പുറത്ത് നേവി ഓഫീസര്‍മാരുടെ രണ്ടു സംഘം നിലയുറപ്പിച്ചു. രണ്ടാമത്തെ സംഘത്തിലുള്ളവര്‍ തിരികെപ്പോയി ആയുധങ്ങളും നീളമുള്ള വടികളുമായി എത്തി. തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തിലെ ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ആരംഭിച്ചു. നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ജീവനക്കാരില്‍ ഭൂരിഭാഗവും ഓസ്‌ട്രേലിയക്കാരായിരുന്നു.

നേവല്‍ ഓഫീസര്‍മാര്‍ ആയുധങ്ങളെടുത്ത് കേന്ദ്രത്തിനുള്ളിലേക്ക് വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തിലെ സുരക്ഷാ നിയന്ത്രണ മുറിയിലെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തില്‍ തോക്കുകളുപയോഗിച്ച് വെടിയുതിര്‍ത്തതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കിയിരുന്നു. തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ സൂചനകളില്ല.

NO COMMENTS

LEAVE A REPLY