മനോജ് കെ.ജയൻ പെർത്തിലെത്തി. ആഘോഷത്തിമിർപ്പിനിനി 3 നാൾകൂടി.

0
927

പെർത്ത് : ഇനിയുള്ള മൂന്നു നാളുകൾ പെർത്ത് മലയാളികൾക്ക് കാത്തിരിപ്പിന്റേതാണ്. മലയാളി അസോസിയേഷൻ ഓഫ് പെർത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് ആവേശം പകരുവാൻ പ്രശസ്ത സിനിമാ താരം മനോജ്.കെ.ജയൻ ചൊവാഴ്ച പെർത്തിൽ എത്തി. സെപ്റ്റംബർ 2 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ മാടിന്റണിലെ സെർബിയൻ കമ്യൂണിറ്റി ഹാളിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നതെന്നു പ്രസിഡന്റ് ഐപ്‌ ചുണ്ടമണ്ണിലും, സെക്രെട്ടറി ഷാജു ഫ്രാൻസിസും ട്രെഷറാർ ഉറുമീസ് വാളൂരാനും അറിയിച്ചു. കഴിഞ്ഞ പത്തുവർഷമായി പെർത്തിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന മാപ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണാഘോഷപരിപാടികളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. പുത്തൻ ആശയങ്ങളും, പദ്ധതികളുമായി പുതിയ പാന്ഥാവിലേക്ക് പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുവാൻ അണിയറയിൽ തയ്യാറാക്കുന്ന നൂതന പദ്ധതികളുടെ തുടക്കം കുറിക്കുവാൻ ഈ വർഷത്തെ ഓണാഘോഷത്തോടെ കഴിയുമെന്ന് ഐപ്പ് ചുണ്ടമണ്ണിലും, ഉറുമീസ് വാളൂരാനും ഓസ്‌ട്രേലിയൻ മലയാളിയോട് പറഞ്ഞു.

ആയിരത്തിലേറെ ആളുകൾക്കായി വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്.
ശനിയാഴ്ച വൈകിട്ട് നാല് മണിക്കുതന്നെ പ്രവേശന കവാടം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പെർത്തിലെ ഓണാഘോഷ ചരിത്രത്തിലാദ്യമായാണ് ഒരു സെലിബ്രെറ്റി വിശിഷ്ടാതിഥിയായി സംബന്ധിക്കുന്നതെന്ന പ്രേത്യേകതയും മനോജ് കെ.ജയന്റെ സാന്നിധ്യത്തിനുണ്ട്. 5 മണിയോടെ വിശിഷ്ടാതിഥികളെ ചെണ്ടമേളം, താലപ്പൊലി, മുത്തുക്കുട എന്നിവയുടെ അകന്പടിയോടെ മാപ്പിന്റെ രക്ഷാധികാരി സുഭാഷ് മങ്ങാട്ട്, പ്രസിഡന്റ് ഐപ്‌ ചുണ്ടമണ്ണിൽ, സെക്രട്ടറി ഷാജു ഫ്രാൻസിസ്, ട്രെഷരാർ ഉറുമീസ് വാളൂരാൻ, ഷാജു വാതപ്പള്ളി, ജോൺ ബോസ്, കിരൺ പ്രിസ്റ്റൻ, ജസ്റ്റിൻ പുള്ളിയാൻ എന്നിവരുടെ നേതൃത്വത്തിൽ സാംസ്കാരിക സമ്മേളനവേദിയിലേക്ക് ആനയിക്കും. കഴിഞ്ഞ ഒരു മാസമായി വ്യത്യസ്‌ത മേഖലകളിൽ നടന്നു വന്ന പെയിന്റിങ്, ചിത്രരചനാ, ഉപന്യാസരചന, ചെറുകഥാ, കവിതാരചനാ മത്സരങ്ങളിലെ വിജയികൾക്കും, സ്‌പോർട് ദിനത്തിൽ നടന്ന വടംവലിയടക്കമുള്ള മത്സരങ്ങൾക്കും, മറ്റ് ഗെയിമുകൾക്കും വിജയികളായവർക്കുള്ള സമ്മാനവിതരണവും പൊതുസമ്മേളനത്തിൽ നടക്കും. ആറരയോടെ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പുവാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് രാത്രി വൈകുന്നതുവരെ പെർത്തിലെ കലാകാരന്മാരുടെയും, കലാകാരികളുടെയും ത്രസിപ്പിക്കുന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് വർണ്ണചാരുത പകരും. പെർത്തിലെ മലയാളിസമൂഹത്തിന് മാർഗദർശിയായി പ്രവർത്തിക്കുവാനുള്ള നൂതന കർമ്മ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടക്കും.

 

NO COMMENTS

LEAVE A REPLY