ഹോർമോൺ ചികിത്സാകേന്ദ്രത്തിന് 1,27,500 ഡോളര്‍ പിഴ വിധിച്ചു.

0
654

സിഡ്‌നി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയ പുരുഷ ഹോര്‍മോണ്‍ ക്ലിനിക്കിന് പിഴ. പുരുഷന്‍മാരുടെ തൂക്കം കുറച്ചുതരാമെന്നും പേശിവളര്‍ച്ചയെയും ലൈംഗിക വളര്‍ച്ചയെയും നിയന്ത്രിക്കുന്ന ഒരു ഹോര്‍മോണ്‍ പുനഃസ്ഥാപിക്കുന്നതുവഴി പുരുഷന്‍മാരുടെ ലൈംഗിക തൃഷ്ണ വര്‍ധിപ്പിച്ചു നല്‍കാമെന്നുമായിരുന്നു പരസ്യം. നിയമവിരുദ്ധ പരസ്യം നല്‍കിയ വെല്‍നെസ് എന്റര്‍പ്രൈസസ് പ്രൊപ്രൈറ്ററി ലിമിറ്റഡിനാണ് പിഴശിക്ഷ ലഭിച്ചിരിക്കുന്നത്. 1,27,500 ഡോളര്‍ പിഴയായി അടയ്ക്കാനാണ് സിഡ്‌നിയിലെ ഡൗണിംഗ് സെന്റര്‍ പ്രാദേശിക കോടതി വിധിച്ചിരിക്കുന്നത്. ക്ലിനിക്കിനെതിരേ 17 കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സിയാണ് കുറ്റാരോപണങ്ങള്‍ നടത്തിയിരിക്കുന്നത്. ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നത് ചികിത്സയിലൂടെ പരിഹരിക്കാമെന്നാണ് ക്ലിനിക്ക് പരസ്യത്തിലൂടെ അവകാശപ്പെടുന്നത്. ഹോര്‍മോണിന്റെ അളവ് കുറയുന്നത് ഇനിമുതല്‍ ഓസ്‌ട്രേലിയന്‍ പുരുഷന്‍മാര്‍ സഹിക്കേണ്ടതില്ലെന്നാണ് ക്ലിനിക്കിന്റെ പരസ്യം. 2017 ഏപ്രിലില്‍ സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡില്‍ ഒരു മുഴുപേജ് പരസ്യമായിരുന്നു ക്ലിനിക്ക് നല്‍കിയിരുന്നത്. ഈ പരസ്യത്തിന്റെ അവകാശവാദത്തെ ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സിയാണ് ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്. ഇതാദ്യമായാണ് പരസ്യത്തിന്റെ പേരില്‍ ഒരു കോര്‍പറേഷന്‍ കുറ്റാരോപിതമാകുന്നത്. ഹെല്‍ത്ത് പ്രാക്ടീഷണര്‍മാരായ വ്യക്തികള്‍ ഇതിനുമുമ്പ് ശിക്ഷ വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു സ്ഥാപനത്തിന് പിഴശിക്ഷ ലഭിക്കുന്നത് ആദ്യമായാണ്.

വ്യാജ പരസ്യങ്ങളിലൂടെ ജനങ്ങള്‍ വഞ്ചിതരാകാതിരിക്കുകയാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സി സിഇഒ മാര്‍ട്ടിന്‍ ഫ്‌ളെറ്റ്ചര്‍ പറഞ്ഞു. ചികിത്സ സംബന്ധിച്ച ഒരു രോഗിയുടെ തീരുമാനത്തെ വലിയൊരു അളവില്‍ സ്വാധീനിക്കാന്‍ പരസ്യത്തിന് സാധിക്കും. പരസ്യത്തിലുള്ള വിവരങ്ങള്‍ കൃത്യവും അംഗീകരിക്കാവുന്ന തെളിവുകളുടെ അടിസ്ഥാനത്തിലുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യം നല്‍കുന്ന ഹെല്‍ത്ത് ക്ലിനിക്കുകള്‍ നിറുത്തലാക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY