അഞ്ചുപേരെ സുപ്രീംകോടതി അയോഗ്യരാക്കിയതോടെ സർക്കാർ ത്രിശങ്കുവിൽ.

0
1144

സിഡ്‌നി : ഡെപ്യൂട്ടി പ്രധാനമന്ത്രി ബാര്‍ണബൈ ജോയ്‌സിയെയും മറ്റ് നാലുപേരെയും അയോഗ്യരാക്കിയ സുപ്രീംകോടതി വിധി ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഇതോടെ മാല്‍കോം ടേണ്‍ബുള്‍ സര്‍ക്കാരിന്റെ നിലനില്‍പുതന്നെ അനിശ്ചിതത്വത്തിലായി. ഇരട്ട പൗരത്വമെന്ന കാരണമാണ് ഇവരുടെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയതിനു പിന്നില്‍. ഭരണഘടനയുടെ 44(i) ാം വകുപ്പനുസരിച്ചാണ് ബാര്‍ണബൈ ജോയ്‌സി, ഫിയോണ നാഷ്, ലാറിസാ വാട്ടേഴ്‌സ്, സ്‌കോട്ട് ലുഡ്‌ലാം, മാല്‍കോം റൊബെര്‍ട്‌സ് എന്നിവരെ അയോഗ്യരായി പരമോന്നത കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കോടതി വിധിയോടെ ഭരണകക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടുകയാണ്.

ഡെപ്യൂട്ടി പ്രധാനമന്ത്രി ബാര്‍ണബൈ ജോയ്‌സി, നാഷണല്‍ നേതാവ് ഫിയോണ നാഷ്, വണ്‍ നേഷന്‍ സെനറ്റര്‍ മാല്‍കോം റോബെര്‍ട്ട്‌സ് എന്നിവരെയാണ് വെള്ളിയാഴ്ച കോടതി അയോഗ്യരായി പ്രഖ്യാപിച്ചത്. ഇരട്ട പൗരത്വത്തിന്റെ പേരില്‍ ഗ്രീന്‍സ് സെനറ്റര്‍മാരായ ലറീസ വാട്ടേഴ്‌സ്, സ്‌കോട്ട് ലുഡ്‌ലാം എന്നിവരെ അയോഗ്യരായി കോടതി വിധിച്ചതിനു പിന്നാലെ കഴിഞ്ഞ ജൂലൈയില്‍ ഇരുവരും സെനറ്റര്‍ പദവിയില്‍നിന്നു രാജിവച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ ജോയ്‌സിക്ക് ഓസ്‌ട്രേലിയയുടെയും ന്യൂസിലാന്‍ഡിന്റെയും പൗരത്വമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ന്യൂസിലാന്‍ഡ് പൗരത്വം അദ്ദേഹം ഉപേക്ഷിച്ചു. ഭരണഘടനയുടെ 44 ാം വകുപ്പനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ഓരോ പാര്‍ലമെന്റ് അംഗത്തിനും ഓസ്‌ട്രേലിയന്‍ പൗരത്വം മാത്രമേ ഉണ്ടായിരിക്കാവൂയെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിലവില്‍ ഒരു പൗരത്വം മാത്രമുള്ളതിനാല്‍ ജോയ്‌സി ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ന്യൂ ഇംഗ്ലണ്ട് മണ്ഡലത്തില്‍ ഡിസംബര്‍ രണ്ടിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജോയ്‌സി പാര്‍ലമെന്റില്‍ തിരികെയെത്തണമെങ്കില്‍ അടുത്ത ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവരും.

രണ്ടാം പൗരത്വത്തെക്കുറിച്ച് തനിക്ക് അവബോധമുണ്ടായിരുന്നില്ലെന്ന് ജോയ്‌സി പറഞ്ഞു. കോടതിവിധിയെ മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. അമ്മയെപ്പോലെ ജോയ്‌സിയും ന്യൂ സൗത്ത് വെയില്‍സിലെ താംവര്‍ത്തിലാണ് ജനിച്ചത്. ജോയ്‌സിയുടെ പിതാവ് ന്യൂസിലാന്‍ഡിലാണ് ജനിച്ചത്്. 1947 ല്‍ അദ്ദേഹം ഓസ്‌ട്രേലിയയിലേക്കു കുടിയേറി. പിതാവിന്റെ ന്യൂസിലാന്‍ഡ് പൗരത്വമാണ് ജോയ്‌സിക്കും പൈതൃകമായി ലഭിക്കുന്നത്.

പാര്‍ലമെന്റിന്റെ അധോസഭയില്‍ ഭരണകക്ഷിക്ക് ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ മൂന്ന് സ്വതന്ത്ര്യ സെനറ്റര്‍മാരുടെ പിന്തുണ ആവശ്യമാണ്. ബാര്‍ണബൈ ജോയ്‌സിയുടെ നിയമലംഘനത്തെത്തുടര്‍ന്ന് നമുക്കുള്ളത് ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരാണെന്നും ടേണ്‍ബുള്‍ സര്‍ക്കാര്‍ രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ബില്‍ ഷോര്‍ട്ടന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY