മലയാളിയായ തട്ടിപ്പുവീരൻ ജോസഫ് പാപ്പർ ഹർജി നൽകി. പണം നഷ്ടമായ മലയാളികൾ അങ്കലാപ്പിൽ.

0
3253

മെൽബൺ : നിലവിലുള്ള തുകയേക്കാൾ കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ മെൽബൺ മലയാളിയുടെ കയ്യിൽ നിന്നും കൊടുത്ത പണം തിരികെവാങ്ങാമെന്ന മലയാളികളുടെ മോഹം പൊലിഞ്ഞു. നാട്ടിലെ സ്‌ഥലം വിറ്റു പണം സംഘടിപ്പിക്കുവാൻ നാട്ടിൽ പോയി എന്ന് പറഞ്ഞ വിരുതൻ നാട്ടിലെ തന്റെ പേരിലുള്ള വസ്‌തുവകകൾ മറ്റു പേരിലേക്ക് മാറ്റുവാനാണ് പോയത്. ഉടനെ തിരികെ മടങ്ങിവന്ന് സിഡ്‌നിയിലെ അറിയപ്പെടുന്ന ലിക്കുഡ്റ്റർ വഴി കമ്പനി പൂട്ടുന്നതിനും, പാപ്പർ ഹർജി നൽകുന്നതിനും നോട്ടീസ് നല്കിയിരിക്കുകയാണിപ്പോൾ. നിലവിൽ വെറും 60 ഡോളറാണ് ഈ കമ്പനിയുടെ ആസ്തി.

കഴിഞ്ഞ ഡിസംബറിൽ മെൽബണിൽ തുടങ്ങിയ ആക്സിസ് ടൂർസ് ആൻഡ് ട്രാവെൽസ് എന്ന കമ്പനിയാണ് ലിക്കുഡ്റ്റ് ചെയുവാൻ നോട്ടീസ് നൽകിയിരിക്കുന്നത്. ആറുമാസംകൊണ്ട് മലയാളികളിൽ നിന്നും സമാഹരിച്ച ഏകദേശം മൂന്നുലക്ഷത്തിലേറെ ഡോളറാണ് ജോസഫ് സ്വീറ്റ്സൺ എന്ന തട്ടിപ്പുവീരൻ കൈക്കലാക്കിയത്. മാലിന്റോ അയർലൈൻസിൽ ടിക്കറ്റ് ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് നൂറുകണക്കിന് ആളുകളിൽ നിന്നായി ലക്ഷക്കണക്കിന് ഡോളറുമായി കടന്നുകളഞ്ഞത്.

ആദ്യം യഥാർഥ ടിക്കറ്റ് നൽകി വിശ്വാസം നേടിയെടുക്കുന്ന വിരുതൻ ഈ ബന്ധം ഉപയോഗിച്ച് ടിക്കറ്റ് നല്കിയവരെക്കൊണ്ട് പുതിയ ഇരയെ ലക്ഷ്യമിടുകയായിരുന്നു ഇയാളുടെ പതിവ് രീതി. അയർലണ്ടിൽ നിന്നും മെല്ബണിലെക്ക് കുടിയേറിയ എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയായ ഇയാളുടെ ഭാര്യ മെൽബണിൽ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ നേഴ്‌സായി ജോലി ചെയ്യുകയാണ്. മലയാളികൾ കൂട്ടത്തോടെ നാട്ടിൽ പോകുന്ന ഡിസംബറിലേക്കു ടിക്കറ്റുകൾ ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞ് എയർ ലൈൻ കമ്പനികൾ ഇഷ്യൂ ചെയ്യാത്ത വ്യാജ ടിക്കറ്റുകൾ നൽകിയാണ് മലയാളികളെ കബളിപ്പിച്ചത്. എർലൈൻസിൽ ചോദിച്ചപ്പോൾ ടിക്കറ്റുകൾ ഇഷ്യൂ ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെട്ടതോടെയാണ് തട്ടിപ്പുവിവരം പുറംലോകമറിയുന്നത്.

അൽപ ലാഭത്തിനായി അംഗീകൃത ഏജന്റുമാരെ ഒഴിവാക്കി ഇടനിലക്കാർ വഴി ടിക്കറ്റുകൾ കരസ്‌ഥമാക്കുന്ന ഓസ്‌ട്രേലിയൻ മലയാളികളാണ് ചതിക്കുഴിയിൽ വീണതിലേറെയും. കുടുംബവുമായി ഒരുമിച്ച് യാത്രചെയ്യുന്നതിനായി ഡിസംബറിലേക്കു ടിക്കറ്റെടുത്തുവച്ചവരാണ് അപ്രതീക്ഷിതമായി വഞ്ചിക്കപ്പെട്ട വിവരം അറിഞ്ഞ് പരാതിയുമായി ഇപ്പോൾ മുന്നോട്ടുവന്നത്. മെൽബൺ, പെർത്ത്, ബ്രിസ്‌ബേൻ, സിഡ്‌നി എന്നിവിടങ്ങളിൽ നിന്നുമായി നാനൂറോളം ടിക്കറ്റുകളാണ് ഇന്ത്യയിലെ വിവിധ ഏജൻസികളുടെ പേരിൽ ഇയാൾ ഐറ്റിനരി നൽകിയിരിക്കുന്നത്. ലിക്കുഡ്റ്റർക്ക് നൽകിയിരിക്കുന്ന ലിസ്റ്റിൽ തന്നെ രണ്ടു ലക്ഷത്തോളം രൂപയുടെ ബാധ്യത കമ്പനിക്കുണ്ടെന്നാണ് റിപ്പോർട്ട്. പക്ഷെ പണം നഷ്ടമായവരുടെ പകുതിപ്പേരുടെ പോലും പേരുകൾ ആ ലിസ്റ്റിലില്ല എന്നതും വിരോധാഭാസമാണ്.

ജോസഫ് സ്വീറ്റ്സൺ പഞ്ഞിക്കാരൻ തോമസ് എന്ന ഇയാൾ അയർലന്റിലും സമാനമായ തട്ടിപ്പുകൾ നടത്തിയിരുന്നെന്നും, തട്ടിപ്പുകളിൽ നിന്നും സമാഹരിക്കുന്ന തുക ചൂതാട്ടത്തിനായി ഉപയോഗിക്കുകയായിരുന്നെന്നുമാണ് ഇയാളുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത്. നിലവിൽ താമസിച്ചിരുന്നിടത്തുനിന്നും മാറി ഭാര്യയെക്കൊണ്ട് ഒരാഴ്ചത്തെ ആനുവൽലീവെടുപ്പിച്ച് മെൽബണിൽ തന്നെ അജ്‌ജാത കേന്ദ്രത്തിലാണ് ഇയാളും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.

 

NO COMMENTS

LEAVE A REPLY