വേറിട്ട പ്രവർത്തന ശൈലിയുമായി സാംസ്കാരിക കൂട്ടായ്മകൾ പുത്തൻ പ്രതീക്ഷ നല്കുന്നു.

0
1904

ബ്രിസ്ബൻ : ആസ്ട്രേലിയന്‍ മലയാളി സമൂഹത്തില്‍ നൂതനവും വ്യതിരിക്തവുമായ ഒരു സാംസ്കാരിക മുന്നേറ്റത്തിനു കളമൊരുങ്ങുന്നു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും അതുവഴി നമ്മുടെ സംസ്കാരത്തിന്റെയും നവോദ്ധാനം ലക്‌ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങളാണ് അത് എന്നത് ഏറെ ശ്രദ്ദേയമാണ്. ആസ്ട്രേലിയന്‍ മലയാളി സമൂഹം ദ്രുതഗതിയിലുള്ള വികാസ പരിണാമാങ്ങളിലൂടെ കടന്നു പോകുന്നു. അത് കൊണ്ട് തന്നെ മലയാളിയുടെ സാംസ്കാരിക ചോദനകള്‍ അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന കേവലം ഓണം വിഷു ക്രിസ്തുമസ്സ് ആഘോഷങ്ങളും നാട്ടില്‍ നിന്നെത്തുന്ന സിനിമകളിലും കോമഡി ഷോകളിലും ഒതുങ്ങി നില്‍ക്കുന്നില്ല . കുടിയേറ്റക്കാരായ ഒന്നും രണ്ടും മൂന്നും തലമുറകളുടെ സാംസ്കാരിക പ്രവര്‍ത്തനത്തിലെ വ്യത്യസ്തമായ അഭിരുചികളെ അഭിസംബോധന ചെയ്യുവാന്‍ ക്രിയാത്മകവും നൂതനവുമായ പുത്യ ശ്രമങ്ങള്‍ അതുകൊണ്ട് ഇവിടെ ആവശ്യമായി വരുന്നു.കാലാനുസൃതമായി അതിനുതകുന്ന സാംസ്കാരിക ഗ്രൂപ്പുകള്‍, ചെറുസംഘങ്ങള്‍ എന്നിങ്ങനെ ആസ്ട്രേലിയയുടെ വിവിധ പട്ടണങ്ങളില്‍ രൂപം കൊണ്ട് വരുന്നു എന്നത് ആസ്ട്രേലിയയിലെ സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് ദിശാബോധം നല്‍കുമെന്ന കാര്യത്തിൽ തർക്കമില്ല.

ഇത്തരം സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈ വരുന്ന ഒക്ടോബര്‍/നവംബര്‍ മാസങ്ങളില്‍ വിദ്യാരംഭം, കേരള പിറവിആഘോഷം, കവിയരങ്ങ്, കവിതാക്കളരി തുടങ്ങിയ മലയാണ്മക്കും സംസ്കാരത്തിനും പ്രാമുഖ്യം നല്‍കുന്ന വിവിധ പരിപാടികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ആസ്ട്രേലിയയിലെ എല്ലാ പ്രധാന പട്ടണങ്ങളിലെയും ചെറുതും വലുതുമായ സാംസ്കാരിക സംഘങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഒരു സംയുക്ത സംരംഭത്തിന്റെ പ്രഥമ പരിപാടിയായും ഇതിനെ വിലയിരുത്താം. അക്ഷരങ്ങളില്‍ കാവ്യ സൌന്ദര്യം സന്നിവേശിപ്പിച്ച മലയാളത്തിന്റെ പ്രിയ കവി മധുസൂദനന്‍ നായരുടെ സാന്നിദ്ധ്യം കൊണ്ട് ഈ പുത്തന്‍ സാംസ്കാരിക മുന്നേറ്റം ശ്രദ്ദേയമാകും. ബ്രിസ്ബെയ്ന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പുലരി സാംസ്കാരിക വേദിയാണ് ഇതിന്റെ മുഖ്യ സംഘാടകര്‍.

ഒക്ടോബര്‍ 23 പുലരി സംഘടിപ്പിക്കുന്ന വിദ്യാരംഭത്തോടെ കവിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രസ്തുത പരിപാടികള്‍ സമാരംഭിക്കും. മലയാളിയുടെ പാരംമ്പര്യത്തിന്റെയും സാംസ്കാരിക തനിമയുടെയും അവിഭാജ്യഘടകമായ ഒക്ടോബര്‍ വിദ്യാരംഭം എന്ന ചടങ്ങില്‍ ജ്ഞാനതപസ്സിലേക്ക് പ്രവേശിക്കുന്ന കുരുന്നുകള്‍ക്ക് കവി മധുദൂദനന്‍ നായര്‍ ആദ്യാക്ഷരം പകര്‍ന്നു നല്‍കും. തുടര്‍ന്ന് വമ്പിച്ച ജനപങ്കാളിത്തത്തോടെ ഒക്ടോബര്‍ 25 ന് കവെണ്ടിഷ് റോഡ്‌ ഹൈസ്കൂൾ ആഡിറ്റൊരിയത്തില്‍ വച്ച് നടക്കുന്ന കാവ്യസന്ധ്യ എന്ന സാംസ്കാരിക സമ്മേളനത്തില്‍ തനിമയാര്‍ന്ന ഭാരതീയകലകളുടെ അവതരണവും ഒപ്പം പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന മലയാള ഭാഷയുടെ വളര്‍ച്ചയുടെ ചരിത്രവും അതില്‍ കവികളും കവിതകളും നല്‍കിയ സംഭാവനകളും മുൻനിർത്തികൊണ്ടുള്ള ഒരു സംഗീത നാടകവും ശില്‍പ്പവും അരങ്ങേറും.ഒക്ടോബര്‍ 27 വൈകീട്ട് ഇപ്സ്വിച്ചില്‍ വച്ചു പുലരി സംഘടിപ്പിക്കുന്ന കവിയരങ്ങ് വളർന്നു വരുന്ന എഴുത്തുകാരെയും കവികളെയും ഉദ്ദേശിച്ചു സംഘടിപ്പിക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു. ഒക്ടോബര്‍ 28 ന് ഗോള്‍ഡ്‌ കോസ്റ്റില്‍ വച്ച് മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയര്‍ത്തിയ കാരണവര്‍ തകഴി ശിവശങ്കരപ്പിള്ളയെ അനുസ്മരിക്കുന്ന ചടങ്ങ് നടക്കും.പ്രസ്തുത ചടങ്ങില്‍ കവി മധുസൂദനന്‍ നായര്‍ തകഴി അനുസ്മരണ പ്രഭാഷണം നടത്തും . കവിയും നോവലിസ്റ്റും , സിനിമാ സംവിധായകനുമായ ഡോ. രാജ് നായര്‍ മുഖ്യാതിഥിയായിരിക്കും.

ഒക്ടോബര്‍ 29 കേരള അസോസിയേഷന്‍ ഓഫ് ടൌണ്‍സ്വില്‍ ( KAT) ന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാരംഭവും തുടര്‍ന്നു വൈകീട്ട് 6 മണിക്ക് കാവ്യ സന്ധ്യയും ആ പ്രദേശത്തെ മലയാളികള്‍ക്ക് ഒരു വേറിട്ട അനുഭവം ആകും എന്ന് സംഘാടകര്‍ അറിയിച്ചു.

ഒക്ടോബര്‍ 31 ന് ACT ക്യാന്‍ബറയില്‍ പുതുതായി രൂപംകൊണ്ട സംസ്കൃതി എന്ന സാംസ്കാരിക കൂട്ടായ്മയുടെ ഔപചാരിക ഉത്ഘാടനം കവി മധുസൂദനന്‍ നായര്‍ നിര്‍വഹിക്കും. കുട്ടികള്‍ക്കായി ഒരുക്കുന്ന വിദ്യാരംഭവും തുടര്‍ന്നു നടക്കുന്ന കേരളപിറവി ആഘോഷവും സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഒരു വ്യത്യസ്തമായ ശൈലി പ്രദാനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. നവംബര്‍ 5 ന് സിഡ്നിയില്‍ കവിക്ക്‌ വന്‍ സ്വീകരണവും കാവ്യസന്ധ്യയുമാണ്‌ പ്രദേശത്തെ മലയാളി സമൂഹവും പദ്ധതി തയാറാക്കുന്നത് . ഇതിന് സിസ്നിയില്‍ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നു. നവംബര്‍ 7 ന് അഡലൈഡ് സാഹിത്യ വേദിയും അഡലൈഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സംഘടനയായ AMMA യും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹിത്യ ചര്‍ച്ചയിലും സാംസ്കാരിക സമ്മേളനത്തിലും പ്രൊഫ. മധുസൂദനന്‍ നായര്‍ പങ്കെടുക്കും .

തുടര്‍ന്ന് നവംബർ 8 ന് പെര്‍ത്തില്‍ പുതുതായി രൂപം കൊണ്ട കലാസാംസ്കാരിക സംഘടനയായ പെർത്ത് മലയാളി കൾചറൽ ഫോറം സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രൊഫ.മധുസൂദനൻ നായർ കേരളപ്പിറവിയോടനുബന്ധിച്ചു സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് പുരസ്കാരങ്ങൾ നല്കും. മലയാള പഠന കേന്ദ്രത്തിന്റെ ഉത്ഘാടനവും കവി നിർവഹിക്കും. പിറ്റേന്ന് വൈകിട്ട് നടക്കുന്ന കവിയരങ്ങിലും, കവിതാക്കളരിയിലും പങ്കെടുക്കുന്ന മലയാളത്തിന്റെ പ്രിയ കവി നവംബർ 10 ന് തിരികെ നാട്ടിലേക്ക് മടങ്ങും. .

ആസ്ട്രേലിയയിലെ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിനും അവ പുതുതലമുറയിലേക്കു പകര്‍ന്നു കൊടുക്കുന്നതിലും കവി മധുസൂദനന്‍ നായരുടെ സന്ദര്‍ശനം പുതിയ ദിശാബോധം കൈവരിക്കുമെന്ന പ്രത്യാശയിലാണ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനകൾ. ഭാഷയെയും, സംസ്കാരത്തെയും സ്നേഹിക്കുന്ന മുഴുവന്‍ ആളുകളും പ്രസ്തുത പരിപാടികളിലും തുടര്‍ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത് സാംസ്കാരിക രംഗത്തെ നൂതന ശൈലിയെ ഹൃദയപൂര്‍വം സ്വീകരിക്കണമെന്നു ഭാരവാഹികൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY