ദീർഘകാല തടവ് ക്രൂരതയാണെന്ന് നിയമവിദഗ്ദ്ധർ.

0
410

ബ്രിസ്‌ബേൻ : അനിശ്ചിത കാലത്തേക്ക് തടവുശിക്ഷ വിധിക്കുന്നത് കാലഹരണപ്പെട്ടതും ക്രൂരവുമായ നിയമമാണെന്ന് ടാസ്മാനിയന്‍ നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് സമൂഹത്തിന് ഭീഷണിയാകുന്ന ക്രിമിനലുകളെ സൃഷ്ടിക്കും. അനിശ്ചിത കാലം ജയിലുകളില്‍ കഴിയുന്ന കുറ്റവാളികള്‍ കൂടുതല്‍ അപകടകാരികളായിരിക്കും. നിയമലംഘനത്തിന് ശിക്ഷിക്കപ്പെടുന്ന ഒരാളെ അപകടകാരിയായ കുറ്റവാളിയെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അയാളുടെ ജയില്‍ശിക്ഷ അനന്തമായി നീളും. ഈ പ്രഖ്യാപനം മാറുന്നതുവരെ ശിക്ഷാ കാലാവധി നിശ്ചയിക്കുകയില്ല.

അപകടകാരിയായ കുറ്റവാളിയെന്ന് പ്രഖ്യാപിക്കപ്പെടുന്നയാളിന്റെ മോചനം അനിശ്ചിതമാണ്. ഇത്തരത്തില്‍ ജയിലിലടയ്ക്കപ്പെട്ട ഒന്‍പതു പ്രതികളില്‍ മാര്‍ക്ക് ചോപ്പര്‍ റീഡ് എന്നയാള്‍ മാത്രമാണ് തന്റെ സ്റ്റാറ്റസില്‍ മാറ്റം വരുത്തി ജയില്‍ മോചിതനായിട്ടുള്ളത്. 1991 ല്‍ ടാസ്മാനിയയില്‍ എത്തിയ റീഡ്, 1992 സിഡ്‌നി കോളിന്‍സിനെ കൊലപ്പെടുത്തിയ കേസില്‍ അകത്തായി. അപകടകാരിയായ കുറ്റവാളിയെന്ന ഗണത്തില്‍നിന്ന് തന്നെ നീക്കംചെയ്യണമെന്ന ഇദ്ദേഹത്തിന്റെ അപേക്ഷ കോടതി പരിഗണിച്ചു. ഈ അപേക്ഷയുടെ അടിസ്ഥാനത്തില്‍ റീഡിനെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ആദ്യമായാണ് ഒരാള്‍ ഈ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്നത്.

സംസ്ഥാന നിയമ വ്യവസ്ഥയില്‍ ഭേദഗതിക്കുള്ള പുനഃപരിശോധനയ്ക്കായി റിപ്പോര്‍ട്ട് തയാറാക്കാന്‍ അഭിഭാഷകനായ ഗ്രെഗ് ബാണ്‍സാണ് ടാസ്മാനിയ ലോ റിഫോം ഇന്‍സ്റ്റിറ്റ്യൂട്ടിന് അപേക്ഷ നല്‍കിയത്. അപകടകാരികളായ കുറ്റവാളികളെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് തയാറാക്കി പ്രസിദ്ധപ്പെടുത്തി. പ്രതികളെ അനിശ്ചിതകാലത്തേക്ക് തടങ്കലിലിടാന്‍ ടാസ്മാനിയയിലുള്ള കോടതികള്‍ക്ക് അധികാരമില്ലെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ തായാ കെറ്റെലര്‍ ജോണ്‍സ് വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും അപകടകാരികളായ കുറ്റവാളികള്‍ എന്ന വിഭാഗത്തെക്കുറിച്ച് പുനഃപരിശോധന നടത്താന്‍ കോടതികള്‍ തയാറായിട്ടില്ല. ഈ വിഷയത്തില്‍ സുപ്രീംകോടതി വരെ സംസ്ഥാന കോടതികളെ വിമര്‍ശിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY