മദ്യം വാങ്ങാൻ നോർത്തേൺ ടെറിട്ടറിയിൽ കർശന വിലക്ക്.

0
538

ആലീസ് സ്‌പ്രിങ്‌സ് : ബാറുകളിലും മറ്റ് മദ്യവില്‍പനശാലകളിലും നിന്ന് മദ്യം വാങ്ങിക്കൊണ്ടുപോയി ഉപയോഗിക്കുന്നതിന് മിക്കയിടങ്ങളിലും വിലക്കില്ല. എന്നാല്‍ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ ആയിരത്തിലധികംപേര്‍ക്ക് മദ്യം വാങ്ങാനാവില്ല. ബാന്‍ഡ് ഡ്രിങ്കര്‍ രജിസ്റ്റര്‍ നിയമം ഇന്നലെ സംസ്ഥാന പാര്‍ലമെന്റ് പാസാക്കി. അടുത്തമാസം ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുന്നത്. പുതിയ നിയമമനുസരിച്ച് ചില്ലറ വില്‍പനശാലകളില്‍നിന്ന് മദ്യം വാങ്ങുന്നവരുടെ ഫോട്ടോ തിരിച്ചറിയല്‍ നടത്തിയിരിക്കണം.

സര്‍ക്കാര്‍ രജിസ്റ്ററില്‍ പേരുള്ളവര്‍ക്ക് മദ്യം നല്‍കാന്‍ പാടില്ല. നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെയാണ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായവര്‍, ആള്‍ക്കഹോള്‍ ഉപയോഗത്തിനുശേഷം ഗാര്‍ഹിക പീഡനം നടത്തിയവര്‍, മയക്കുമരുന്ന് ഉപയോഗത്തിന് കസ്റ്റഡിയിലായിരുന്നവര്‍ തുടങ്ങിയവര്‍ക്കാണ് മദ്യം നിഷേധിച്ചിരിക്കുന്നത്. മദ്യം ഉപയോഗത്തെത്തുടര്‍ന്നുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ഇത്തരം നിയന്ത്രണങ്ങള്‍കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് വിശ്വസിക്കുന്നില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി നടാഷ ഫൈല്‍സ് പറഞ്ഞു. എന്നാല്‍ ഇത്തരം നടപടികള്‍ക്ക് ഫലമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

നിരോധിത മദ്യപരുടെ രജിസ്റ്റര്‍ 2011 ലാണ് ആദ്യമായി തയാറാക്കിയത്. പ്രശ്‌നമുണ്ടാക്കുന്ന മദ്യപര്‍ക്ക് നിര്‍ബന്ധിത ചികിത്സ നല്‍കാന്‍ ലിബറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആള്‍ക്കഹോള്‍ ഹാം റിഡക്ഷന്‍ ബില്ലിന്റെ നടപടികളുടെ ഭാഗമായാണ് പുതിയ ബാന്‍ഡ് ഡ്രിങ്കര്‍ രജിസ്റ്റര്‍ നിലവില്‍ വന്നിരിക്കുന്നത്. രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ടിരിക്കുന്നവര്‍ക്ക് നിര്‍ബന്ധിത പുനഃരധിവാസത്തിനും വ്യവസ്ഥയുണ്ട്. ഓരോ മാസവും രജിസ്റ്ററില്‍ പുതുതായി പേരു ചേര്‍ക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഏകദേശം അഞ്ഞൂറോളം പേര്‍ ഓരോ മാസവും രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രജിസ്റ്റര്‍ നടപടികളെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് ഗാരി ഹിഗ്ഗിന്‍സ്, ഈ പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് വിലയിരുത്താത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. എന്നാല്‍ അടുത്തയാഴ്ചയില്‍ ഈ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അവലോകന റിപ്പോര്‍ട്ട് അറിയിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY