കാറപകടം., സിഡ്‌നിയിൽ മൂന്നു മരണം, ഒരാൾ ഗുരുതരാവസ്‌ഥയിൽ.

0
1148

സിഡ്‌നി : കാറപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ വെളുപ്പിനെ മൂന്നിനായിരുന്നു അപകടം. ഹേ മാര്‍ക്കറ്റ് ലക്ഷ്യമാക്കി പോവുകയായിരുന്ന കാര്‍ ഗോള്‍ബേണ്‍ സ്ട്രീറ്റില്‍ ഒരു കെട്ടിടത്തിന്റെ തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അന്തരീക്ഷത്തിലേക്കുയര്‍ന്ന കാര്‍ നിലത്തുവീണപ്പോള്‍ തീപിടിക്കുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പുരുഷന്‍മാരും ഒരു സ്ത്രീയും പൊള്ളലേറ്റാണ് മരിച്ചത്. കത്തുന്ന കാറില്‍നിന്നും ഒരാളെ മാത്രമാണ് രക്ഷിക്കാനായത്. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ 39 കാരനെ സെന്റ് വിന്‍സെന്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പോലീസ് തീയണച്ചത്. തീപിടിച്ച കാറില്‍നിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് പോള്‍ പിസാനോ പറഞ്ഞു. തീ ആളിപ്പടര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനത്തിനു തടസമായത്. എന്നിരുന്നാലും ജീവന്‍ പണയംവച്ചാണ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

കാറപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരാവസ്ഥയില്‍ കഴിയുന്ന നാലാമത്തെ യാത്രക്കാരന്റെ അടുത്ത ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അപകടത്തില്‍പെട്ട കാര്‍ അമിതവേഗത്തിലായിരുന്നെന്നാണ് പോലീസ് കരുതുന്നത്. മറ്റു വാഹനങ്ങളുമായി മത്സരയോട്ടത്തില്‍ ആയിരുന്നില്ലെന്നാണ് പോലീസ് നിഗമനം. അപകടകാരണം കണ്ടെത്താന്‍ വിദഗ്ധര്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY