ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് അഡലൈഡിൽ സ്‌ഥാപിക്കുന്നു.

0
291

അഡലൈഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ പോര്‍ട്ട് അഗസ്റ്റയില്‍ സോളാര്‍ തെര്‍മല്‍ വൈദ്യുതി പദ്ധതിക്ക് അംഗീകാരമായി. 150 മെഗാവാട്ടിന്റെ പദ്ധതി സംബന്ധിച്ച് സംസ്ഥാന പ്രമീയര്‍ ജേ വെതെറില്‍ പ്രഖ്യാപനം നടത്തി. 650 ദശലക്ഷം ഡോളറിന്റെ പദ്ധതിയുടെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും.

ലോകത്തിലെതന്നെ ഏറ്റവും വലിയ സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റിനാണ് പോര്‍ട്ട് അഗസ്റ്റയില്‍ തുടക്കമിടുന്നതെന്ന് പ്രമീയര്‍ വെതറില്‍ പറഞ്ഞു. അറോറ സോളാര്‍ എനര്‍ജി പദ്ധതി 2020 ഓടെ പൂര്‍ത്തിയാകും. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ നൂറു ശതമാനവും ഈ പദ്ധതിയില്‍നിന്ന് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ 700 സ്ഥിരം ജോലികളും നിരവധി പ്രാദേശിക തൊഴിലവസരങ്ങളുമുണ്ടാകുമെന്ന് പ്രമീയര്‍ വ്യക്തമാക്കി. 2016 സെപ്തംബറിലാണ് പദ്ധതിയുടെ ടെന്‍ഡര്‍ ക്ഷണിച്ചത്. ഈ പദ്ധതി നിലവില്‍ വരുന്നതോടെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിന് മറ്റ് വൈദ്യുതി ദാതാക്കളും നിര്‍ബന്ധിതരാകും.

സര്‍ക്കാരിന്റെ കണക്കനുസരിച്ച് 125 മെഗാവാട്ടാണ് പദ്ധതിയില്‍നിന്നു പ്രതീക്ഷിക്കുന്നത്. മറ്റുള്ളവര്‍ക്കും ഈ പദ്ധതിയില്‍നിന്ന് വൈദ്യുതി നല്‍കാനാവും. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള വാതക പ്ലാന്റിനൊപ്പം ലോകത്തിലെ ഏറ്റവും വലിയ ലിഥിയം ഇയോണ്‍ ബാറ്ററി പദ്ധതിയും സംസ്ഥാനത്തിന്റെ ഊര്‍ജ ആവശ്യങ്ങളെ നേരിടുന്നതിന് സഹായകമാകും.

പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി നൂറു ദശലക്ഷം ഡോളറെങ്കിലും ഫെഡറല്‍ ലോണായോ ഗ്രാന്റായോ വേണ്ടിവരുമെന്ന് സോളാര്‍ റിസര്‍വ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെവിന്‍ സ്മീത്ത് പറഞ്ഞു. പോര്‍ട്ട് അഗസ്റ്റയിലെ സോളാര്‍ പദ്ധതിക്ക് സാമ്പത്തിക സഹായമായി 110 ദശലക്ഷം ഡോളര്‍ കുറഞ്ഞ നിരക്കില്‍ വായ്പയായി നല്‍കാമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY