തൊഴിലാളിക്ക് കൃത്യമായ കൂലി നൽകാത്ത ഷോപ്പുടമക്ക് പിഴശിക്ഷ.

0
193

മെൽബൺ : അഫ്ഗാനി അഭയാര്‍ഥിക്ക് അര്‍ഹമായ കൂലി നല്‍കാതെ പണിയെടുപ്പിച്ചതിന് മെല്‍ബണിലെ മുന്‍ പഴക്കട ഷോപ്പ് മുന്‍ ഉടമസ്ഥന് പിഴശിക്ഷ. ആഴ്ചകളോളം അഭയാര്‍ഥിയെ വേതനമില്ലാതെ ഇയാള്‍ പണിയെടുപ്പിച്ചിരുന്നു. സണ്‍ഷൈനിലെ സണ്‍ഷൈന്‍ ഫ്രൂട്ട് മാര്‍ക്കറ്റ് മുന്‍ ഉടമസ്ഥന്‍ അബ്ദുള്‍ റഹ്്മാന്‍ തലെബിനെയാണ് ഫെയര്‍ വര്‍ക്ക് ഓസ്‌ട്രേലിയ ശിക്ഷിച്ചത്. അഫ്ഗാന്‍ അഭയാര്‍ഥിക്ക് വേതനം നല്‍കാത്തതിന് 16,000 ഡോളര്‍ മുന്‍ ഉടമസ്ഥന്‍ പിഴയായി അടയ്ക്കണം. ഇയാളുടെ കമ്പനി 6,44,000 ഡോളറും അടയ്ക്കണം.

അഫ്ഗാന്‍ അഭയാര്‍ഥിയായി ഓസ്‌ട്രേലിയയിലെത്തിയ ഇയാള്‍ക്ക് 2012 ല്‍ നിരവധി ആഴ്ചകളില്‍ കമ്പനി വേതനം നല്‍കിയിരുന്നില്ലെന്ന് ഫെഡറല്‍ സര്‍ക്യൂട്ട് കോടതി കണ്ടെത്തി. അഫ്ഗാന്‍ പൗരന് ഇംഗ്ലീഷ് ഭാഷ വശമില്ലായിരുന്നു. ഇത് കമ്പനി ശരിക്കും മുതലെടുത്തു. പഴക്കടയില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ചുമന്ന് മാറ്റുകയായിരുന്നു അഫ്ഗാന്‍ പൗരന്റെ ജോലി. ഇയാളെ കമ്പനി ചൂഷണം ചെയ്യുകയായിരുന്നെന്ന് കോടതിക്കു ബോധ്യമായി. മണിക്കൂറിന് പത്തു ഡോളര്‍ വീതം കണക്കാക്കി പിന്നീട് വേതനം നല്‍കി. എന്നാല്‍ ഇത് ഏറ്റവും കൂടിയ തുക 120 ഡോളറാക്കി നിജപ്പെടുത്തി. സാധാരണ നിരക്കനുസരിച്ച് ഇയാള്‍ക്ക് മണിക്കൂറിന് 17 ഡോളര്‍ വേതനമായി ലഭിക്കണം. ആഴ്ചയവസാനത്തെ ജോലിക്ക് മണിക്കൂറിന് 38 ഡോളറും അവധിദിവസങ്ങളില്‍ മണിക്കൂറിന് 43 ഡോളര്‍വീതവും പ്രതിഫലം ലഭിക്കണം. ഇതാണ് പത്തു ഡോളറായി കമ്പനി വെട്ടിച്ചുരുക്കിയത്.

2012, 2013 കാലഘട്ടത്തില്‍ ചൂഷണത്തിന് ഇരയായ അഫ്ഗാന്‍ പൗരന് 25,588 ഡോളര്‍ കുറവാണ് ലഭിച്ചിരിക്കുന്നതെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സമയം അനുവദിച്ചിരുന്നില്ല. ചില ദിവസങ്ങളില്‍ 12 മണിക്കൂറിലേറെ സമയം ജോലി ചെയ്യിച്ചിരുന്നു. നിയമം ലംഘിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്ന് ജഡ്ജി ഫിലിപ്പ് ബര്‍ചാര്‍ഡിറ്റ് പറഞ്ഞു.

NO COMMENTS

LEAVE A REPLY