കാരുണ്യവർഷത്തിൽ മെൽബണിൽ ക്നാനായക്കാരുടെ ചേരിതിരിഞ്ഞുള്ള ക്രിസ്തുമസ് കരോൾ

0
3044

മെൽബണ്‍ : ലോകമെങ്ങുമുള്ള കത്തോലിക്കാ സമൂഹം സൗഹാർദത്തിന്റെയും, സഹനത്തിന്റെയും സന്ദേശം പരത്തി കാരുണ്യ വർഷം ആഘോഷിക്കുന്പോൾ മെൽബണിലെ ക്നാനായ കത്തോലിക്കാ വിഭാഗം ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി ചേരി തിരിഞ്ഞു കരോളുമായി വീടുകൾ കയറിയിറങ്ങുന്നു. കഴിഞ്ഞ പതിമൂന്നു വർഷമായി സൗഹാർദത്തോടെ കഴിഞ്ഞുവന്ന മെൽബണിലെ ക്നാനായ സമൂഹത്തെ തമ്മിലടിപ്പിക്കുവാൻ ഒരു വികാരിയുടെ നേതൃത്വത്തിൽ ചില സ്വാർദ്ധമതികൾ നടത്തുന്ന പ്രവർത്തനങ്ങളാണ് ക്നാനായ സമൂഹത്തെ രണ്ടുതട്ടിലാക്കിയിരിക്കുന്നതെന്നാണ് ഇടവകയംഗങ്ങളുടെ പൊതുവായുള്ള ആരോപണം. ഓസ്ട്രേലിയൻ പ്രവാസി സമൂഹത്തിനിടയിലെ ശക്തമായ ഐക്യമുണ്ടായിരുന്ന സംഘടനയായ ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയ എന്ന പ്രസ്ഥാനത്തിൽ അധികാരം സ്ഥാപിക്കുവാൻ പുതുതായി രൂപീകൃതമായ ക്നാനായ മിഷൻ എന്ന സംഘടനയാണ് വികാരിയോടൊപ്പം ചേർന്ന് വിശ്വാസികളെ രണ്ടു തട്ടിലാക്കിയിരിക്കുന്നത് എന്നാണ് ഔദ്യോഗീക വിഭാഗത്തിന്റെ ഭാഷ്യം. ആധ്യാല്മിക കാര്യങ്ങൾ നിർവഹിക്കുവാൻ രൂപീകൃതമായ ക്നാനായ മിഷൻ ഇപ്പോൾ ക്നാനായ കാത്തലിക് അസോസിയേഷൻ എന്ന പേരിൽ പുതിയൊരു സംഘടനയും രൂപീകരിച്ചുകൊണ്ട് രംഗത്തെത്തി എന്നും ഇക്കൂട്ടർ ആരോപിക്കുന്നു.

ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയ, ഓസ്ട്രേലിയ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സംഘടനയുടെ പേര് സമീപകാലത്തായി പിതാവിന്റെ നിർദേശപ്രകാരം ക്നാനായ കാത്തലിക് കോണ്ഗ്രസ് ഓഫ് വിക്ടോറിയ, ഓസ്ട്രേലിയ എന്ന് പുനർനാമകരണം ചെയ്തു പ്രവർത്തിക്കുകയായിരുന്നു. ഈ സംഘടനയുടെ പേരിൽ മുൻ വർഷങ്ങളിലേതുപോലെതന്നെ കഴിഞ്ഞ ഒരു മാസത്തിലേറെയായി ആഘോഷമായ ക്രിസ്തുമസ് കരോൾ നടന്നു വരികയാണ്. എന്നാൽ വികാരിയുടെ നേതൃത്വത്തിൽ സെന്റ്‌ മേരീസ് ക്നാനായ കാത്തലിക് മിഷൻ എന്ന പേരിലുള്ള സംഘടനയും ഇത്തവണ പുതുതായി കരോളുമായി രംഗത്ത്‌ വന്നിരിക്കുകയാണ്. അതോടെ മെൽബണിലെ ക്നാനായ സമുദായാംഗങ്ങൾ ഇരു വിഭാഗത്തെയും പിരിവു കൊടുത്തു തൃപ്തിപ്പെടുത്തേണ്ട ധർമ്മസങ്കടത്തിലാണ്. ഇതിനിടയിൽ പലരും കരോൾ പരുപാടിയുമായി വീട്ടിലേക്കു വരണ്ടെന്ന് പോലും പറയേണ്ട അവസ്ഥയാണുണ്ടായിട്ടുള്ളത്. ഇരുനൂറോളം വീടുകളിൽ തങ്ങൾ തിരുപ്പിറവിയുടെ സന്ദേശവുമായി കരോൾ അവതരിപ്പിക്കുമെന്ന് ക്നാനായ കാത്തലിക് കോണ്ഗ്രസ് അവകാശപ്പെടുന്പോൾ നൂറിലേറെ വീടുകളിൽ തങ്ങൾ കരോൾ നടത്തുമെന്നാണ് ക്നാനായ മിഷൻ ഭാരവാഹികൾ പറയുന്നത്. കരോളും, പിരിവും, അവകാശ വാദങ്ങളും ഇരു ചേരിയിലും തകൃതിയായി നടക്കുന്പോഴും മെൽബണിലെ ക്നാനായ സമൂഹത്തിന്റെ ഐക്യം സ്വപ്നം കാണുന്ന ഒരു ചെറിയ വിഭാഗം ഇപ്പോഴും സമുദായത്തിലുണ്ടെന്ന വസ്തുത എടുത്തു പറയേണ്ട കാര്യമാണ്.


jometക്നാനായ കാത്തലിക് കോണ്ഗ്രസ് ഓഫ് വിക്ടോറിയ നടത്തുന്ന കരോൾ

rejiക്നാനായ കാത്തലിക് മിഷൻ നടത്തുന്ന കരോൾ

 

 

NO COMMENTS

LEAVE A REPLY