ഇടത്തോട്ടും, മേൽപ്പോട്ടുമില്ലാതെ മാണി ഒറ്റക്കിരിക്കും.

0
988

തിരുവനന്തപുരം : യു.ഡി എഫുമായി പിണങ്ങി പിരിഞ്ഞ കെ.എം.മാണിയും കേരളാ കോൺഗ്രസ്സും ഇടതുപക്ഷത്തോട്ടൊ, കേന്ദ്രത്തിലോട്ടോ നേരിട്ട് നോക്കാതെ ഒറ്റ ഗ്രൂപ്പ് ആയി നിയമസഭയിൽ ഇരുന്നു പോരാടാനാണ് ഇപ്പോഴത്തെ തീരുമാനം. മുന്നണിക്ക് ഭരണം പോയതുകൊണ്ട് ഇപ്പോൾ പ്രതിപക്ഷത്ത് ഏതു വേഷം കെട്ടി ഇരുന്നാലും പ്രേത്യേക പ്രയോജനം ഒന്നുമില്ല എന്ന് അറിയാവുന്ന ഈ രാഷ്ട്രീയ ചാണക്യൻ പക്ഷെ ഡൽഹിയിലേക്കുള്ള കണ്ണ് പറിച്ചിട്ടില്ല. അവസരം കിട്ടിയാൽ മകനെയുമായി മാണിസാർ വിമാനം കേറുമെന്നതിൽ ആർക്കും ഒരു സംശയവുമില്ല. ഉടൻ തിരഞ്ഞെടുപ്പില്ലാത്തതുകൊണ്ട് മുന്നണിയില്ലേലും കുഴപ്പമില്ലെന്നാണ് മാണിയുടെ അടുത്ത കേന്ദ്രങ്ങൾ നൽകിയ സന്ദേശം.അടുത്ത പാർലമെന്റ് ഇലക്ഷന് മുൻപായി ഇടത്തോട്ടു ചായാനും അതുവഴി ഭരണത്തിന്റെ എന്തെങ്കിലും പ്രയോജനം കൈപ്പിടിയിൽ ആക്കുവാനും പാർട്ടിയിലെ ചില തലമുതിർന്ന നേതാക്കൾ ഇപ്പോൾ തന്നെ ശ്രമം ആരംഭിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മുന്നണി വിട്ട തീരുമാനത്തിന് ദിവസങ്ങൾ കഴിഞ്ഞതോടെ ആര് മധ്യസ്ഥത നടത്തിയിട്ടും കാര്യമില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി ഇപ്പോൾ പറയുന്നത്. കാണാന്‍ ആഗ്രഹിക്കുന്നവരെയൊക്കെ കാണുമെന്നും യുഡിഎഫ് വിട്ട തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിനവരെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചയായിട്ട് അതിനെ കാണാനാവില്ല അവര്‍ ചര്‍ച്ചയ്‌ക്കെത്തിയിട്ട് അക്കാര്യത്തില്‍ പ്രയോജനമൊന്നുമില്ല. പുറത്ത് നിന്ന് പ്രശ്‌നാധിഷ്ടിത പിന്തുണ നിലപാടുകളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും നല്‍കാം. കേരള കോണ്‍ഗ്രസ് ഏത് പ്രതിസന്ധികളെയും നേരിടാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഒറ്റയ്ക്ക് കേരള രാഷ്ട്രീയത്തില്‍ പലവട്ടം ശക്തി തെളിയിച്ച പാര്‍ട്ടിക്ക് ഒന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം കേരള കോണ്‍ഗ്രസുമായി അങ്ങോട്ടുപോയി ഒത്തുതീര്‍പ്പിനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എടുത്ത തീരുമാനം അവര്‍ക്ക് തന്നെ തിരുത്തേണ്ടി വരും. അവര്‍ ഇല്ലാത്ത കാരണങ്ങള്‍ ഉണ്ടാക്കിയാണ് മുന്നണി വിട്ടത്. നീതിയും പരിഗണനയും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. മുന്നണി വിട്ടതിനെക്കുറിച്ച് അവര്‍ക്ക് ജനങ്ങളോട് പറയാന്‍ കാരണങ്ങളൊന്നും ഇല്ല. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ തക്ക മറുപടി നല്‍കും.കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് പരസ്യ ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY