അപകടമരണം; ജൂണിയര്‍ ഡ്രാഗ് റേസിംഗ് നിരോധിച്ചു.

0
576

പെർത്ത് : വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ജൂണിയര്‍ ഡ്രാഗ് റേസിംഗ് താല്‍കാലികമായി നിരോധിച്ചു. പെര്‍ത്തിനു തെക്കുള്ള മത്സരസ്ഥലത്തുണ്ടായ അപകടത്തില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ടതിന്റെ പോലീസ് അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെയാണ് ജൂണിയര്‍ ഡ്രാഗ് റേസിംഗിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനീറ്റ ബോര്‍ഡ് എന്ന എട്ടുവയസുകാരിയാണ് അപകടത്തില്‍ മരിച്ചത്. ടെസ്റ്റ് റണ്‍ നടത്തുന്നതിനിടെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ അനീറ്റ ഓടിച്ച കാറിടിക്കുകയായിരുന്നു. അനീറ്റ ഓടിച്ചിരുന്ന കാറിന്റെ വേഗം ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഈ കാറിന് മണിക്കൂറില്‍ 96 കിലോമീറ്റര്‍വരെ വേഗതയില്‍ സഞ്ചരിക്കാനാവും.

ഒരു ദശലക്ഷത്തില്‍ ഒരാള്‍ക്കു സംഭവിക്കാവുന്ന ദുരന്തമാണ് അനീറ്റയ്ക്കു സംഭവിച്ചതെന്ന് അനീറ്റയുടെ പിതാവ് ഇയാന്‍ ബോര്‍ഡ് പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഈ ദുരന്തം തങ്ങളുടെ കുടുംബത്തിനാണ് ഏറ്റുവാങ്ങേണ്ടിവന്നതെന്ന് ഇയാന്‍ പറഞ്ഞു. ഒറ്റപ്പെട്ട ഈ സംഭവത്തിന്റെ പേരില്‍ ഡ്രാഗ് റേസിംഗ് നിറുത്തിവയ്ക്കരുതെന്നും റേസിംഗ് തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റേസിംഗില്‍ നിരവധി മാറ്റങ്ങള്‍ ആവശ്യമാണ്. എന്നാല്‍ റേസിംഗ് നിറുത്തിവയ്‌ക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പെര്‍ത്തിലെ മോട്ടോര്‍പ്ലെക്‌സില്‍ നടക്കുന്ന ഡ്രാഗ് റേസിംഗ് നിറുത്തിവയ്ക്കുന്നതായി സ്‌പോര്‍ട്ട് ആന്‍ഡ് റിക്രിയേഷന്‍ മന്ത്രി മിക് മുറെ അറിയിച്ചു. അപകടത്തിന്റെ സ്വഭാവവും കാരണങ്ങളും സംബന്ധിച്ച് പോലീസ് നടത്തുന്ന അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ റേസിംഗ് നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഡ്രാഗ് റേസിംഗ് നടക്കുന്ന ഏക സ്ഥലമാണ് പെര്‍ത്തിലെ മോട്ടോര്‍പ്ലക്‌സ്.

അപകടകരമായ ഈ മത്സരങ്ങളെക്കുറിച്ച് വിചിന്തനം നടത്താനുള്ള ഒരു സംഭവമാണ് ഡ്രാഗ് റേസിംഗിനിടെയുണ്ടായ ഈ ദുരന്തം. ഇതുപോലെ നിരവധി അപകടകരമായ നിരവധി റേസിംഗുകളും മത്സരങ്ങളുമുണ്ട്. ഇവയ്‌ക്കൊന്നും വ്യക്തമായ നിയന്ത്രണങ്ങളില്ല. സോക്കര്‍, സൈക്ലിംഗ് എന്നിവയ്ക്കുശേഷം ഓസ്‌ട്രേലിയന്‍ ആശുപത്രികളിലെത്തുന്ന അപകടങ്ങളില്‍ നല്ലൊരു ശതമാനവും സ്‌പോര്‍ട്‌സില്‍നിന്നുള്ളതാണെന്ന് ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബിയിംഗ് വ്യക്തമാക്കുന്നു.

കുട്ടികള്‍ക്കായുള്ള നിരവധി കായിക മത്സരങ്ങളാണുള്ളത്. ഇവയില്‍ പലതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. സാഹസികമായ പല കായിക വിനോദങ്ങളും കുട്ടികളെ അപകടത്തിലേക്കാണ് തള്ളിവിടുന്നത്. ചിലപ്പോള്‍ മരണത്തിലേക്കും. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍വരെ ഓടിക്കാവുന്ന കാര്‍ട്ടുകള്‍ ആറാം വയസുമുതല്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നു. മറ്റൊരു സാഹിക കായിക വിനോദമാണ് ചെങ്കുത്തായി പാറയിലൂടെയുള്ള കയറ്റം. സ്വകാര്യ കായിക വിനോദമെന്ന നിലയില്‍ ഇതിന് യാതൊരു പ്രായപരിധിയുമില്ല. എന്നാല്‍ യുവ സ്‌പോര്‍ട് ലിഗുകള്‍ പത്തുവയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പരിശീലനംപോലും നല്‍കുന്നില്ല.

കുട്ടികള്‍ക്കായുള്ള സാഹസിക കായിക വിനോദങ്ങളുടെ പട്ടികയില്‍ ദീര്‍ഘദൂര നീന്തല്‍, വെടിവയ്പ്, കുതിരസവാരി, ഫോര്‍മുല 4 റേസിംഗ് തുടങ്ങിയവയും ഇടംപിടിച്ചിട്ടുണ്ട്. എല്ലാ കായിക ഇനങ്ങള്‍ക്കും ശരിയായ പരിശീലനം ആവശ്യമാണ്. എന്നാല്‍ മിക്ക കുട്ടികള്‍ക്കും ആവശ്യത്തിന് പരിശീലനം ലഭിക്കുന്നില്ല.

NO COMMENTS

LEAVE A REPLY