ബാഴ്‌സലോണയിലെ ഭീകരാക്രമണം : സിഡ്‌നി ബാലനെ കാണ്മാനില്ല.

0
304

സിഡ്‌നി : ബാഴ്‌സലോണയില്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് സിഡ്‌നി ബാലനെ കാണാതായി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലന്റെ മാതാവിന്റെ നില ഗുരുതരമായി തുടരുകയാണ്. ജൂലിയന്‍ കാഡ്മാനെന്ന ഏഴുവയസുകാരനാണ് മാതാവ് ജോം കാഡ്മാനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നത്.

ബാഴ്‌സലോണയിലെ പ്രകൃതിരമണീയമായ ലാസ് റാംബ്ലാസില്‍ ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്ന നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്കാണ് ഒരു വാന്‍ ഓടിച്ചുകയറ്റിയത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതൊരു അപകടമല്ലെന്നും ആക്രമണമാണെന്നും ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുകയാണെന്നും ഭീകര സംഘടനയായ ഐഎസ് അറിയിച്ചിരുന്നു. സ്‌പെയിനില്‍ നടന്ന ആക്രമണത്തെ ലോകനേതാക്കള്‍ അപലപിച്ചു. ആഗോള നേതാക്കള്‍ സ്‌പെയിനിന് പൂര്‍ണ ഐക്യം പ്രഖ്യാപിച്ചു.

ആക്രമണം ഉണ്ടാകുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് ഭാര്യയോടും മകനോടും ഫോണിലൂടെ സംസാരിച്ചിരുന്നതായി കുട്ടിയുടെ പിതാവ് ആന്‍ഡ്രൂ കാഡ്മാന്‍ പറഞ്ഞു. കാണാതായ മകനെ തെരയുന്നതിനായി ആന്‍ഡ്രൂ ഇന്നലെ ബാഴ്‌സലോണയിലേക്കു തിരിച്ചു. ജൂലിയനെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങള്‍ ജൂലിയന്റെ ഫോട്ടോ ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ സംബന്ധിക്കുന്നതിനാണ് ജോം കാഡ്മാനും ജൂലിയനും ബാഴ്‌സലോണയിലെത്തിയത്.

വിനോദ സഞ്ചാരികള്‍ക്കിടയിലേക്ക് വളഞ്ഞുപുളഞ്ഞ് അമിതവേഗത്തിലാണ് വാന്‍ ഓടിച്ചുകയറ്റിയത്. ആളുകളെ വാന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാനിടിച്ച് ചിലര്‍ വായുവിലേക്ക് ഉയര്‍ന്നുപൊങ്ങിയശേഷം നിലത്തുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്. വാന്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. സമാനമായ രീതിയില്‍ കാംബ്രില്‍സിലും ആക്രമണമുണ്ടായി. ഇവിടെ അഞ്ച് ഭീകരരെന്നു സംശയിക്കുന്നവരെ സുരക്ഷാ സേന വെടിവച്ചുകൊന്നു. കൊല്ലപ്പെട്ട ഭീകരര്‍ ബെല്‍റ്റ് ബോംബുകള്‍ ധരിച്ചിരുന്നതായി പോലീസ് അറിയിച്ചു. ഈ ആക്രമണങ്ങളില്‍ ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി ജൂലി ബിഷപ് പറഞ്ഞു.

NO COMMENTS

LEAVE A REPLY