അഡലൈഡിലെ ടെന്നെകോ കമ്പനിയിലെ 70 പേരെ പിരിച്ചുവിടുന്നു.

0
583

അഡലൈഡ് : ടെന്നെകോ ഓസ്‌ട്രേലിയയില്‍ 70 പേരുടെ തൊഴില്‍ നഷ്ടമാകുന്നു. ടെന്നെകോ ഓസ്‌ട്രേലിയയുടെ അഡ്‌ലെയ്ഡിനു തെക്ക് ക്ലോവെല്ലി പാര്‍ക്കിലെ മണ്‍റോ ഷോക്ക് അബ്‌സോര്‍ബേഴ്‌സ് പ്ലാന്റിന്റെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കുന്നതോടെയാണ് 70 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത്. കാര്‍ നിര്‍മാതാക്കളായ ഹോള്‍ഡണും ടൊയോട്ടയും ഓസ്‌ട്രേലിയയിലെ നിര്‍മാണം അവസാനിപ്പിക്കുന്നതോടെ സ്‌പെയര്‍ പാര്‍ട്‌സ് കമ്പനികളുടെ പ്രവര്‍ത്തനങ്ങളും അനിശ്ചിതത്വത്തിലാവുകയാണ്.

ടെന്നെകോയുടെ മറ്റൊരു പ്ലാന്റും അടച്ചുപൂട്ടുകയാണെന്ന് ആഴ്ചകള്‍ക്കുമുമ്പാണ് പ്രഖ്യാപനമുണ്ടായത്. ഒ സുള്ളിവന്‍ ബീച്ചിലെ വാക്കര്‍ എക്‌സ്‌ഹോസ്റ്റ് പ്ലാന്റാണ് അടച്ചുപൂട്ടുന്നതു സംബന്ധിച്ച് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ പ്ലാന്റ് അടച്ചുപൂട്ടുന്നതോടെ 128 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. മണ്‍റോയിലെ പ്ലാന്റ് അടച്ചുപൂട്ടിയാലും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകില്ലെന്ന് കമ്പനി അറിയിക്കുന്നുണ്ടെങ്കിലും ഇതിനുള്ള സാധ്യത തുലോം കുറവാണ്. ചില പുനഃക്രമീകരണങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. കമ്പനിയുടെ പ്രവര്‍ത്തനം ചുരുക്കുന്നതോടെ 70 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നത് ഉറപ്പാണ്.

ഈ ഫാക്ടറിയില്‍ ഇപ്പോള്‍ 200 തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. തൊഴില്‍ നഷ്ടമാകുന്ന തൊഴിലാളികളോടും അവരുടെ കുടുംബങ്ങളോടുമുള്ള ഖേദം പ്ലാന്റ് മാനേജര്‍ പാറ്റ് ലറോബിന പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഒരു കാലത്ത് ഓട്ടോമോട്ടീവ് ഹബ്ബായിരുന്ന ക്ലൊവെല്ലി പാര്‍ക്കില്‍ മിത്്‌സുബിഷി കാറുകള്‍ നിര്‍മിച്ചിരുന്ന സ്ഥലത്തിനടുത്തായിരുന്നു ടെന്നെകോയുടെ പ്ലാന്റ്. അഡ്‌ലെയ്ഡിനു വടക്ക് എലിസബത്തിലുള്ള ഹോള്‍ഡന്റെ ഫാക്ടറി ഒക്ടോബര്‍ 20 ന് അടച്ചുപൂട്ടും. ടൊയോട്ടയുടെ ഓള്‍ട്ടോണയിലെ പ്ലാന്റും ഒക്ടോബറില്‍ അടച്ചുപൂട്ടും. സ്‌പെയര്‍ പാര്‍ട്‌സുകള്‍ നിര്‍മിക്കുന്ന നിരവധി ഫാക്ടറികളാണ് സൗത്ത് ഓസ്‌ട്രേലിയയിലുള്ളത്. കാര്‍ വ്യവസായം പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് നിരവധി കമ്പനികളാണ് നിര്‍മാണം അവസാനിപ്പിക്കുന്നത്. ഇത് അനുബന്ധ കമ്പനികളെയും ദോഷകരമായി ബാധിക്കുകയാണ്. കാര്‍ വ്യവസായം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ 12,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കുകൂട്ടുന്നത്. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് ഓട്ടോമോട്ടീവ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രി ക്യാം മഹെര്‍ പറഞ്ഞു. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY