പോലീസ് സേനയിൽ നൂറുകണക്കിന് ഒഴിവുകൾ വെട്ടിക്കുറക്കുന്നു.

0
311

പെർത്ത് : പോലീസ് സേനയില്‍ നൂറുകണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് സ്ഥാനമൊഴിയുന്ന വെസ്‌റ്റേണ്‍ പോലീസ് കമ്മീഷണര്‍ കാള്‍ ഒ കല്ലഘാന്‍ മുന്നറിയിപ്പു നല്‍കി. അടുത്തമാസം അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിനോടനുബന്ധിച്ച് കടുത്ത നിയന്ത്രണങ്ങള്‍ വരുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. ബജറ്റിലെ നിര്‍ദേശമനുസരിച്ച് കൂടുതല്‍ വെട്ടിക്കുറയ്ക്കലുകള്‍ നടപ്പാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പോലീസ് മേധാവിയായി 13 വര്‍ഷത്തെ സേവനത്തിനുശേഷം അടുത്തയാഴ്ച അദ്ദേഹം വിരമിക്കുകയാണ്. ബജറ്റിലെ വെട്ടിക്കുറയ്ക്കലുകള്‍ തന്റെ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുന്ന ക്രിസ് ഡോവ്‌സണിന് വെല്ലുവിളിയാകുമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് സേനയുടെ വരുമാനത്തിന്റെ 75 ശതമാനവും പോലീസുകാര്‍ക്ക് ശമ്പളം നല്‍കുന്നതിനാണ് വിനിയോഗിക്കുന്നത്. ഭാവിയിലെ ബജറ്റ് കമ്മി കുറയ്ക്കാന്‍ ഒരു മാര്‍ഗം ജീവനക്കാരെ കുറയ്ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തമാസം ഏഴിനാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. ഇതിനുശേഷം മാത്രമായിരിക്കും യഥാര്‍ഥ ചിത്രം പുറത്തുവരികയുള്ളൂ. നൂറുകണക്കിന് പോലീസുകാരുടെ പണി പോകുമെന്നു തന്നെയാണ് ഒ കല്ലഘാന്റെ അഭിപ്രായം.

വെസ്‌റ്റേണ്‍ പോലീസിനുള്ള വാര്‍ഷിക ബജറ്റ് 2.2 ലക്ഷംകോടി ഡോളറാണ്. സേനയിലെ അംഗബലം എണ്ണായിരവും. പോലീസ് സേനയിലെ അംഗബലം കുറയ്ക്കാനുള്ള നീക്കം സേനയില്‍നിന്നു ലഭിക്കുന്ന സേവനങ്ങളുടെ എണ്ണവും കുറയ്ക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. ബജറ്റ് കമ്മി കുറയ്ക്കാന്‍ എന്തു മാര്‍ഗം സ്വീകരിക്കണമെന്നത് പുതുതായി ചാര്‍ജെടുക്കുന്ന കമ്മീഷണര്‍ തീരുമാനിക്കും. ട്രാഫിക് പെട്രോളിംഗുകള്‍ കുറയ്ക്കുകയും കുറച്ച് യൂത്ത് ഇന്റര്‍വെന്‍ഷന്‍ ഓഫീസര്‍മാരുടെ സേവനം നിറുത്താലാക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. പോലീസ് പൈപ്പ് ബാന്‍ഡിന്റെയും കമ്യൂണിറ്റി യൂത്ത് സെന്ററുകളുടെയും കാര്യത്തില്‍ പുനഃപരിശോധന നടത്താന്‍ സാധ്യതയുണ്ട്.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ മുന്‍ ഡെപ്യൂട്ടി കമ്മീഷണറും ഓസ്‌ട്രേലിയന്‍ ക്രിമിനല്‍ ഇന്റലിജന്‍സ് കമ്മീഷന്റെ അധ്യക്ഷനുമായ ഡോവ്‌സണ്‍ ഓഗസ്റ്റ് 16 ന് സംസ്ഥാന പോലീസ് മേധാവിയായി സ്ഥാനമേല്‍ക്കും. പോലീസ് സേനയില്‍നിന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത് പോലീസ് യൂണിയനെ ചൊടിപ്പിക്കും. ഇപ്പോള്‍തന്നെ വേതന വര്‍ധനവ് ആവശ്യപ്പെട്ട് യൂണിയനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട്.

NO COMMENTS

LEAVE A REPLY