ഷാനവാസും, ജിൻസും തിരഞ്ഞെടുപ്പുഗോദയിൽ ; ആവേശത്തോടെ പെർത്ത് മലയാളികൾ.

0
2973

പെർത്ത് : മലയാളികൾക്ക് ആവേശം പകർന്നുകൊണ്ട് സിറ്റി കൗൺസിൽ ഇലക്ഷനിൽ ഇത്തവണ രണ്ടു മലയാളി യുവാക്കൾ തിരഞ്ഞെടുപ്പുഗോദയിൽ ജനവിധി തേടുന്നു. മലയാളികൾ ഏറെ അധിവസിക്കുന്ന കാനിങ് വെയിലിലെ റാൻഫോർഡ് ഡിവിഷനിൽ (അർമാഡേയിൽ സിറ്റി കൗൺസിൽ) ഷാനവാസ് പീറ്ററും, സമീപകാല ഇന്ത്യൻ കുടിയേറ്റ ഗ്രാമമായ ക്വിനാനയിൽ (ക്വിനാന സിറ്റി കൗൺസിൽ) ജിൻസ് ജെയിംസുമാണ് ജനവിധി തേടുന്നത്. സിറ്റി കൗൺസിൽ ഇലക്ഷനിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഇതാദ്യമാണ് യുവാക്കൾ മത്സരരംഗത്തിറങ്ങുന്നതു എന്ന പ്രത്യേകത ഈ രണ്ടു മണ്ഡലങ്ങളിലും മലയാളികൾക്ക് ആവേശം പകരുന്ന വാർത്തയാണ്. ഇന്ത്യൻ വംശജരുടെ വോട്ടുകൾ ഏകോപിപ്പിക്കുവാനായാൽ വിജയം കൈപ്പിടിയിലാക്കാമെന്ന പ്രതീക്ഷയിലാണ് ഇരുവരും. അതിനായി മലയാളികൾ ഒന്നടങ്കം ഇവരുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഭവനസന്ദർശനത്തിനും, നോട്ടിസ് വിതരണത്തിനും സജീവമായി രംഗത്തുണ്ട്.

ഷാനവാസ് പീറ്റർ പെർത്തിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനും, മലയാളി സമൂഹത്തിലെ നിറസാന്നിധ്യവും, മലയാളി അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറും ആണ്. Brookdale, Hilbert, Hynes, Harisdale and Wungong എന്നീ സബർബുകൾ അടങ്ങുന്നതാണ് റാൻഫോർഡ് വാർഡ്. സമീപകാലങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യൻ വംശജർ പ്രേത്യേകിച്ച് മലയാളികൾ കുടിയേറിയിരിക്കുന്ന പ്രദേശമാണിത്. സ്വതന്ത്രനായാണ് മത്സരിക്കിക്കുന്നതെങ്കിലും ഷാനവാസിന് ലേബർ പാർട്ടിയുടെ പിന്തുണയുമുണ്ട്. ആകെ ആറ് സ്‌ഥാനാർഥികളാണ് ഈ വാർഡിൽ ജനവിധി തേടുന്നത്.

ജിൻസ് ജെയിംസ് ക്വിനാന ഡിവിഷനിലാണ് മാറ്റുരക്കുന്നത്. ക്വിനന സിറ്റി കൗൺസിൽ രണ്ടായി വിഭജിച്ചാണ് അവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് ഒരു ഡിവിഷനിൽ നിന്നും ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന നാല് പേർക്ക് ജയിച്ചുകയറാനുള്ള സാഹചര്യം ഉണ്ട്. ഇതും ജീൻസിന്റെ ജയസാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. “നമ്മുടെ ക്വിനാന” എന്ന പേരിൽ കമ്യൂണിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്ന ജിൻസ് മൾട്ടികൾച്ചറൽ ഉപദേശക സമിതി മെമ്പറും ആണ്. ഈ മണ്ഡലത്തിൽ 17 സ്‌ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

ബാലറ്റ് പേപ്പറുകൾ ഉടനെ അയച്ചുതുടങ്ങും. ഒക്ടോബർ 21 വരെ ലഭിക്കുന്ന ബാലറ്റുകളാണ് വോട്ടെണ്ണലിന് പരിഗണിക്കുന്നത്. അതുകൊണ്ട് ഈ രണ്ടു വാർഡുകളിലുമുള്ള എല്ലാ മലയാളികളും തങ്ങളുടെ വോട്ടുകൾ ഈ സ്‌ഥാനാർഥികൾക്ക് നൽകി മലയാളി പ്രാധിനിത്യം ലോക്കൽ ബോഡികളിൽ ഉറപ്പാക്കുവാൻ സജീവമായി ഇടപെടണമെന്ന് സ്‌ഥാനാർഥികളായ ജിൻസ് ജെയിംസും, ഷാനവാസ് പീറ്ററും അഭ്യർഥിച്ചു.

NO COMMENTS

LEAVE A REPLY