രാജ്യാന്തര ചലച്ചിത്രോത്സവം: ജയരാജിന്റെ ഒറ്റാലിന് സുവര്‍ണ ചകോരം

0
911

തിരുവനന്തപുരം: കേരളത്തിന്റെ ഇരുപതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരമുള്‍പ്പെടെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍. നാലു പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് ജയരാജ് ചിത്രം ഒറ്റാലിലാക്കിയത്. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ഏറ്റവും മികച്ച ചിത്രം, മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങളും ഒറ്റാല്‍ അര്‍ഹമായി. ഇതാദ്യമായാണ് മലയാള സിനിമ സുവര്‍ണ ചകോരം സ്വന്തമാക്കുന്നത്. ഒറ്റാലിലെ രണ്ടു നടന്‍മാര്‍ക്ക് പ്രത്യേക പുരസ്‌കാരവും ലഭിച്ചു. ഫിപ്രസിയുടെ മികച്ച മലയാള ചിത്രമായി ഒഴിവുദിവസത്തെ കളി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംവിധായകനുള്ള രജത ചകോരത്തിന് ജൂണ്‍ റോബല്‍സ് ലാന അര്‍ഹനായി. ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍ ആണ് ജൂണിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരത്തിന് ‘ജലാല്‍സ് സ്റ്റോറി’യുടെ സംവിധായകന്‍ അബു ഷഹേദ് ഇമോണ്‍ അര്‍ഹനായി. ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരത്തിന് യോന (ഇസ്രയേല്‍) അര്‍ഹമായി. ഇറാന്‍ നവ സിനിമയുടെ തുടക്കക്കാരില്‍ ഒരാളായ ദാരീഷ് മെഹ്‌റുജിക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും നല്‍കി. സംവിധായകന്‍ കെജി ജോര്‍ജിനെ ചടങ്ങില്‍ ആദരിച്ചു.

നേരത്തെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 2014 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനും ഒറ്റാല്‍ അര്‍ഹമായിരുന്നു. മികച്ച അവലംബിത തിരക്കഥക്കുള്ള ദേശീയ പുരസ്‌കാരവും ചിത്രത്തിനു ലഭിച്ചിരുന്നു. വിനോദ് വിജയന്‍, സെവന്‍ ആര്‍ട്‌സ് മോഹന്‍ എന്നിവരാണ് നിര്‍മാതാക്കള്‍. ആന്റണ്‍ ചെക്കോവിന്റെ വാങ്കാ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണു ഒറ്റാല്‍. കുട്ടനാട്ടിലെ താറാവു കര്‍ഷകരുടെ പശ്ചാത്തലത്തില്‍ താറാവു കര്‍ഷകന്റെയും കൊച്ചു കുട്ടിയുടെയും ജീവിതമാണ് സിനിമ പറയുന്നത്.

NO COMMENTS

LEAVE A REPLY