മെൽബണിൽ ഇന്ത്യക്കാരനായ റസ്‌റ്റോറന്റ് ഉടമക്കുനേരെ വംശീയാക്രമണം.

0
1983

മെൽബണ്‍ : ഇന്ത്യന്‍ റസ്‌റ്റോറന്റ് ഉടമയെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് മര്‍ദിച്ചു. ബല്ലാററ്റിലെ മെയര്‍ ആന്‍ഡ് ഹംഫ്രെ സ്ട്രിറ്റില്‍വച്ച് തിങ്കളാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. നെറീന ഹോമില്‍ താമസക്കാരനായ സുമീത് ആനന്ദി(43)നാണ് അജ്ഞാതരായ അക്രമികളുടെ പീഡനത്തിന് ഇരയാകേണ്ടിവന്നത്. റസ്‌റ്റോറന്റ് അടച്ചതിനുശേഷം വീട്ടിലേക്കു വരികയായിരുന്നു ആനന്ദും കുടുംബവും. രണ്ടു ബോട്ടില്‍ ബിയര്‍ വാങ്ങാനായി ബോട്ടില്‍ ഷോപ്പിനടുത്തെത്തിയപ്പോള്‍ കാര്‍ നിറുത്താന്‍ ഭാര്യ മന്‍ദീപിനോട് ആനന്ദ് ആവശ്യപ്പെട്ടു. കാറില്‍നിന്നിറങ്ങി ബോട്ടില്‍ ഷോപ്പിനു സമീപമെത്തിയപ്പോള്‍ രണ്ട് അക്രമികള്‍ ആനന്ദിനെ ആക്രമിക്കുകയായിരുന്നു. പത്തു വയസുകാരനായ യാഷും ഭാര്യ മന്‍ദീപും നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. ബോധം മറയുവോളം ഇരുവരും ചേര്‍ന്ന് ആനന്ദിനെ മര്‍ദിക്കുകയായിരുന്നു. ആനന്ദിന്റെ മുഖത്തും പുറത്തുമെല്ലാം മര്‍ദനത്തിന്റെ പാടുകള്‍ അവശേഷിക്കുന്നു.

ഓസ്‌ട്രേലിയയിലെ നെരീന ഹോമില്‍ 35 വര്‍ഷമായി താമസിക്കുന്ന തനിക്ക് ഇത് ആദ്യത്തെ അനുഭവമാണെന്ന് ആനന്ദ് പറഞ്ഞു. വംശീയ ആക്രമണമാണ് ആനന്ദിനുനേര്‍ക്ക് നടന്നിരിക്കുന്നത്. നിങ്ങളുടെ വൃത്തികെട്ട നാട്ടിലേക്ക് മടങ്ങുക. നിങ്ങള്‍ ഈ നാടിനു സ്വന്തമല്ല. ഞങ്ങളുടെ തൊഴിലവസരങ്ങള്‍ നിങ്ങള്‍ തട്ടിയെടുത്തു. എന്നായിരുന്നു അവരുടെ ആക്രോശങ്ങളെന്ന് ആനന്ദ് വ്യക്തമാക്കി.

indian attacked

മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ തന്റെ റസ്‌റ്റോറന്റിന്റെ പേര് ഒഴിവാക്കണമെന്ന് ആനന്ദ് അഭ്യര്‍ഥിച്ചു. ഇത് തന്റെ റസ്‌റ്റോറന്റിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അക്രമികളെ സര്‍ക്കാര്‍ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ മറ്റൊരാള്‍ക്ക്, മറ്റൊരു ഇന്ത്യാക്കാരന് ഭാവിയില്‍ സംഭവിക്കാമെന്ന് ആനന്ദ് പറഞ്ഞു. ഏതൊരു സമൂഹത്തിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് സമത്വം അനിവാര്യമാണെന്ന് ഡല്‍ഹി സ്വദേശിയായ ആനന്ദ് പറഞ്ഞു. അക്രമികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി വിക്ടോറിയ പോലീസ് അറിയിച്ചു. ആനന്ദിനെതിരേയുള്ള ആക്രമണം വംശീയമാണൊയെന്ന് പോലീസ് അന്വേഷിക്കുമെന്ന് ബല്ലാററ്റ് ഡിറ്റക്ടീവ് സര്‍ജന്റ് സ്റ്റീവന്‍ ഹൊവാര്‍ഡ് വ്യക്തമാക്കി. ബല്ലാററ്റ് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റുമായി ആനന്ദ് ബന്ധപ്പെട്ടു. ബല്ലാററ്റ് മേയര്‍ ഡെസ് ഹഡ്‌സണെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്ന് ആനന്ദ് അറിയിച്ചു.

 

NO COMMENTS

LEAVE A REPLY