ഓസ്‌ട്രേലിയന്‍ വിപണിയിലേക്ക് ഇന്ത്യന്‍ മാന്പഴം ഉടനെത്തും.

0
1637

മെൽബൺ : ഓസ്‌ട്രേലിയന്‍ മാന്പഴ വിപണിയില്‍ ആദ്യമായി ഇന്ത്യന്‍ മാമ്പഴങ്ങള്‍ എത്തുന്നു. ഇന്ത്യയിലെ വിവിധ മാമ്പഴങ്ങളുടെ രുചി ഇനി ഓസ്‌ട്രേലിയരുടെ നാവിന്‍തുമ്പിലുമെത്തും. ഒരു പറ്റം ഇന്ത്യന്‍ ബിസിനസുകരാണ് ഈ യത്‌നത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പ്രോട്ടോക്കോളുകള്‍ പുതുക്കിയതാണ് ഇന്ത്യന്‍ കയറ്റുമതിക്ക് വാതായനങ്ങള്‍ തുറക്കുന്നതിനു കാരണം.

ഇതാദ്യമായല്ല ഓസ്‌ട്രേലിയ മാമ്പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. മെക്‌സിക്കോ, ഫിലിപ്പൈന്‍സ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ചെറിയതോതില്‍ മാമ്പഴം ഇറക്കുമതി ചെയ്യുന്നുണ്ട്. ഓസ്‌ട്രേലിയന്‍ മാമ്പഴക്കാലത്തിനുശേഷം ഇന്ത്യന്‍ മാമ്പഴങ്ങള്‍ പഴവിപണിയില്‍ വില്‍ക്കാമെന്ന് ഓസ്‌ട്രേലിയന്‍ മാംഗോ ഇന്‍ഡസ്ട്രി അസോസിയേഷനിലെ റോബെര്‍ട്ട് ഗ്രേ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന മാമ്പഴങ്ങള്‍ ജൈവസുരക്ഷാ നിലവാരം പുലര്‍ത്തുന്നതാണെങ്കില്‍ അവയ്ക്ക് ഓസ്‌ട്രേലിയന്‍ വിപണിയിലെത്താനാകുമെന്ന് ഗ്രേ പറഞ്ഞു. ആഗോള വ്യാപാരത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാവുന്നതാണ്. എന്നാല്‍ സുരക്ഷിതത്വത്തിനായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്ന് ഗ്രേ വ്യക്തമാക്കി. ഇറക്കുമതിയിലൂടെ രോഗങ്ങളോ കീടങ്ങളോ രാജ്യത്ത് എത്തുന്നില്ലെങ്കില്‍ ഓസ്‌ട്രേലിയന്‍ വിപണിയില്‍ മറ്റു വിദേശരാജ്യങ്ങളുടെ മാമ്പഴങ്ങള്‍ എത്തുന്നതിനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യന്‍ മാമ്പഴങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ കമ്പനികളിലൊന്നാണ് കെയ് ബി എക്‌സ്‌പോര്‍ട്‌സ്. അല്‍ഫോന്‍സോ, കെസാര്‍ എന്നീയിനം മാമ്പഴങ്ങളാണ് പ്രാരംഭത്തില്‍ കയറ്റുമതി ചെയ്യാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച മാമ്പഴങ്ങളിലൊന്നാണ് അല്‍ഫോന്‍സോ. ഏറ്റവും കൂടുതല്‍ വാണിജ്യ മൂല്യമുള്ള ഒരിനമാണ് കെസാര്‍. നല്ല രുചിയും നല്ല വിലയും കിട്ടുന്ന ഒരിനമാണിത്. ഓസ്‌ട്രേലിയയിലേക്ക് മാമ്പഴങ്ങള്‍ കയറ്റി അയയ്ക്കുന്നതിന് വിവിധ കമ്പനികള്‍ ശ്രമം നടത്തുകയായിരുന്നു. മാര്‍ച്ച് മുതല്‍ ജൂലൈ വരെയാണ് ഇന്ത്യയില്‍ മാമ്പഴക്കാലം.

NO COMMENTS

LEAVE A REPLY