ഇന്ത്യക്കാരായ വിനോദ സഞ്ചാരികളുടെ എണ്ണം കൂടുന്നു.

0
696

സിഡ്നി : 2015 ജൂണ്‍ വരെയുള്ള കഴിഞ്ഞ ആറു മാസത്തിനിടെ 1,22,990 ഇന്ത്യക്കാര്‍ ഓസ്ട്രേലിയ സന്ദര്‍ശിക്കാനെത്തി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 24 ശതമാനം അധികമാണിത്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഏകദേശം 2.35 ലക്ഷം ഇന്ത്യക്കാര്‍ ഓസ്ട്രേലിയ സന്ദര്‍ശിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2.2 ലക്ഷം പേരാണ് വിനോദ സഞ്ചാരികളായി ഇവിടെ എത്തിയ ഇന്ത്യക്കാർ. ഒരു ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറാണ് ഇവര്‍ ഇവിടെ ചെലവഴിച്ചത്.

ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ ചെലവാക്കുന്ന തുകയില്‍ 39 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഓസ് ട്രേലിയൻ അധികൃതര്‍ സൂചിപ്പിക്കുന്നു. ഇലക്ട്രോണിക് വിസ ആപ്ലിക്കേഷന്‍ പദ്ധതി നടപ്പാക്കിയതോടെയാണ് സഞ്ചാരികളുടെ എണ്ണം ഇത്രകണ്ട് കൂടിയത്. വിസ ലഭിക്കുന്നതിനുള്ള കാലതാമസം കുറഞ്ഞതും, അനാവശ്യ കാരണങ്ങൾ കൊണ്ട് വിസകൾ മനപൂർവം താമസിപ്പിക്കുന്ന രീതിക്കും പുതിയ ഓണ്‍ലൈൻ സംവിധാനം ഒരു പരിധിവരെ പരിഹാരം കാണുന്നുണ്ടെന്നാണ് സഞ്ചാരികൾ പറയുന്നത്.

കൂടാതെ ഇവിടെ സന്ദര്‍ശനം നടത്തുന്ന വിദേശ വിനോദ സഞ്ചാരികളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നതും ഇന്ത്യക്കാരണെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ഇന്ത്യന്‍ വിനോദ സഞ്ചാരി ഓസ്ട്രേലിയയില്‍ ചെലവാക്കുന്നത് ശരാശരി 4750 ഓസ്ട്രേലിയന്‍ ഡോളറാണെന്നാണ് കണക്ക്. ഇത്രയേറെ ആളോഹരി ചെലവു ചെയുന്ന മറ്റൊരു രാജ്യക്കാരും കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ എത്തിയിട്ടില്ലെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര താവളമായി ഓസ്ട്രേലിയ മാറിയിരിക്കുന്നു.

NO COMMENTS

LEAVE A REPLY